

വിൻസി കൊച്ചമ്മ , അന്നമ്മ കൊച്ചമ്മ, ആശ കൊച്ചമ്മ, സൂസി കൊച്ചമ്മ, സാലമ്മ കൊച്ചമ്മ, സൂസൻ കൊച്ചമ്മ …. ഇവരൊക്കെ എന്റെ കൊച്ചമ്മമാരാണ്. പിന്നെ ഞങ്ങൾ വല്യ കൊച്ചമ്മ എന്ന് വിളിക്കുന്ന സരസമ്മ കൊച്ചമ്മ. ഇത്രമാത്രം കൊച്ചമ്മമാരു നിനക്ക് മാത്രം എവിടുന്നു കിട്ടി എന്ന ചോദ്യം വേണ്ട. ഞങ്ങൾ കൊച്ചു സ്കൂൾ എന്ന് വിളിക്കുന്ന ബേക്കർ മെമ്മോറിയൽ എൽ പി സ്കൂളിൽ പഠിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഇത് പോലെ നിറയെ കൊച്ചമ്മമാരുണ്ട് . അവിടെ ഞങ്ങൾ ടീച്ചർമാരെ വിളിച്ചിരുന്നത് കൊച്ചമ്മ എന്നാണ്.
മുകളിൽ പറഞ്ഞവരൊക്കെ എന്റെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ ഉള്ള ക്ലാസ് ടീച്ചർമാരാണ് . വല്യ കൊച്ചമ്മ ഹെഡ്മിസ്ട്രെസ്സും .. റാണി കൊച്ചമ്മ, ജെസ്സി കൊച്ചമ്മ , സാലി കൊച്ചമ്മ, ആനി കൊച്ചമ്മ ഇവരെല്ലാം എന്നെ പഠിപ്പിച്ചിട്ടുണ്ട്. കൊച്ചമ്മ എന്ന് ഞങ്ങൾ വിളിച്ചിരുന്ന , സ്കൂളിൽ അമ്മമാരുടെ സ്നേഹവും , ലാളനയും, കരുതലും നൽകിയിരുന്ന എന്റെ ആദ്യ അധ്യാപികമാർ. വേറെ ഏതെങ്കിലും വിദ്യാലയത്തിൽ ടീച്ചർമാരെ ഇങ്ങനെ അഭിസംബോധന ചെയ്യാറുണ്ടോ എന്നറിയില്ല.
ഇന്നലെ സഞ്ജയ് സാം ഞങ്ങളുടെ വല്യ കൊച്ചമ്മ നിര്യാതയായി എന്ന ദുഃഖവാർത്ത അറിയിച്ചപ്പോൾ പെട്ടന്ന് ഓർമ്മകൾ ഒരുപാടു പിന്നിലേക്ക് പോയി.
ഞാൻ എൽ കെ ജിയിൽ ചേർന്ന വര്ഷം മുതൽ എന്റെ അച്ഛൻ ആയിരുന്നു സ്കൂളിന്റെ PTA പ്രസിഡന്റ്. സ്കൂളിന്റെ അഡ്മിനിസ്ട്രേഷന്റെ കാര്യങ്ങളിലും, അക്കൗണ്ട്സിന്റെ കാര്യങ്ങളിലും എല്ലാം അച്ഛന്റെ എന്തൊക്കയോ ഉപദേശങ്ങളും , സഹായങ്ങളും എല്ലാം അപ്പോൾ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ. സ്കൂള് വിട്ടുകഴിഞ്ഞു വല്യകൊച്ചമ്മയുടെ ഓഫീസിൽ ഇരുന്നു അച്ഛൻ എന്തൊക്കൊയോ ബുക്കുകളും ,ഫയലുകളും ഒക്കെ യായി ഇരിക്കുന്ന ചെറിയ ഓർമ്മകൾ എന്റെ മനസ്സിൽ ഉണ്ട്.
എന്റെ അച്ഛനും ബേക്കർ സ്കൂളിൽ തന്നെ ആണ് നാലാം ക്ലാസ് വരെ പഠിച്ചത്. അച്ഛൻ മാത്രമല്ല അച്ഛന്റെ അനിയനും ചേച്ചിമാരും എല്ലാം. ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നുണ്ട് ആ സ്കൂളിനോട് അച്ഛന് ഒരു വലിയ ഇമോഷൻ ഉണ്ട്.. അതിന്റെ പേരിലാണ് എന്നെയും അവിടെ തന്നെ ചേർത്തത്. അന്ന് കൂടെ പഠിച്ചവരുടെ കൂട്ടായ്മയായ ഒരു വാട്സ്ആപ് ഗ്രൂപ്പ് അച്ഛന്റെ ഫോണിൽ ഉണ്ട്.. വെറുതെ ഗുഡ്മോർണിംഗ് മാത്രം വരുന്ന ഗ്രൂപ്പ് അല്ല.. വളരെ ആക്റ്റീവ് ആയ ഒരു ഗ്രൂപ്പ്.. അച്ഛനും, അച്ഛന്റെ അനിയനും ഒക്കെ അതിന്റെ ആക്റ്റീവ് മെംബേർസ് ആണ്.
ചെറിയ ഒരു കുറ്റബോധത്തിന്റെ പുറത്താണ് ഈ കുറിപ്പ് ഞാൻ എഴുതുന്നത്.. എന്ത് കൊണ്ടാണ് എനിക്ക് അച്ഛനെ പോലെ അകാൻ കഴിയാത്തത്. എന്ത് കൊണ്ടാണ് ഞാൻ എന്റെ വിദ്യാഭ്യാസത്തിനും, സ്വഭാവ രൂപീകരണത്തിനും, എന്റെ ജീവിതത്തിനും തന്നെ അടിത്തറ പാകിയ എന്റെ കൊച്ചു സ്കൂളിനെ കുറിച്ചും , കൊച്ചമ്മമാരെ കുറിച്ചും , അന്നത്തെ സുഹൃത്തുക്കളെക്കുറിച്ചും , ഓർക്കാതെയും അന്വേഷിക്കാതെയും ഇരുന്നത്.
എന്റെ കൊച്ചമ്മമാർ, ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ നോക്കിയിരുന്ന കുഞ്ഞമ്മ ചേട്ടത്തിയും, അന്നമ്മ ചേട്ടത്തിയും , പച്ച റൊട്ടി എന്ന് വിളിച്ചിരുന്ന പച്ച കളർ സ്കൂൾ ബസ്, അതിന്റെ ഡ്രൈവർ തങ്കപ്പൻ ചേട്ടൻ, സഹായി ബേബി ചേട്ടൻ , കൂട്ടുകാരായ അഭിസൺ , മധു മോഹൻ, സാം ചാക്കോ, പ്രമോദ് , ഹർഷ, പുണ്യ, ആശ … എവിടെയാണ് ഇവരെല്ലാം ?
മുകളിലെ ഫോട്ടോയിൽ ചിലരെങ്കിലും ഇന്നും അടുത്ത സുഹൃത്തുക്കൾ ആണ്. ചിലരൊക്കെ മുഖപുസ്തകം വഴി ഇപ്പോഴും കോൺടാക്ട് ഉള്ളവർ .ഞാൻ പറ്റുന്നവരെ ഒക്കെ ഇതിൽ ടാഗ് ചെയ്തിട്ടുണ്ട്.. അവർ അവർക്കു കോൺടാക്ട് ഉള്ളവരെ പറ്റിയാൽ ടാഗ് ചെയ്യൂ അല്ലെങ്കിൽ ഷെയർ ചെയ്യൂ.. നമ്മളുടെ കൊച്ചു സ്കൂളിലെ ഓർമകളിലൂടെ ഒന്ന് കൂടി പോയിവരാം.
നമ്മുടെ വല്യ കൊച്ചമ്മയുടെ ആത്മാവിന് നിത്യ ശാന്തി നേർന്നു കൊണ്ട് നിർത്തുന്നു