ഇന്നലെ ഒരു മണിച്ചിത്രത്താഴ് – ചന്ദ്രമുഖി കംപാരിസൺ പോസ്റ്റ് കണ്ടപ്പോൾ ചുമ്മാ ഒന്ന് കൂടെ ചന്ദ്രമുഖി കണ്ടു.. സത്യത്തിൽ ഒരു കംപാരിസൺ ആവിശ്യമില്ല .. മണിച്ചിത്രത്താഴിന്റെ മൂലകഥ ഉപയോഗിച്ച് തമിഴിൽ എടുത്ത ഒരു രജനി പടം മാത്രമാണ് ചന്ദ്രമുഖി. പറയാൻ വന്നത് അതല്ല. മണിച്ചിത്രത്താഴിലെ ഏറ്റവും പ്രധാന പോയിന്റ് എന്ന് പറയുന്നത് നാഗവല്ലിയുടെയും , ശങ്കരൻതമ്പിയുടെയും രാമനാഥന്റെയും കഥ ആണ്…ഈ കഥ പ്രേക്ഷകരുടെ എത്രത്തോളം നന്നായി പതിയുന്നു എന്നത് ഈ സിനിമയിലെ ഏറ്റവും ക്രിട്ടിക്കൽ ആയ കാര്യം എന്ന് തോന്നിയിട്ടുണ്ട്.. കാരണം അതിനു തൊട്ടടുത്ത സീൻ മുതൽ ക്ലൈമാക്സ് വരെ ഉള്ള സീനുകളെല്ലാം ഈ കഥയുമായി ബന്ധപ്പെട്ടാണ് .
ഫാസിൽ ഈ കഥ കാണിക്കാൻ ഫ്ലാഷ്ബാക് സീനുകളോ , മറ്റു വിഷ്വൽ ഇല്ലസ്ട്രേഷൻസോ ഒന്നും ഉപയോഗിച്ചില്ല… ചിത്രത്തിലെ അത്ര പ്രാധന്യമാല്ലാത്ത ഒരു കഥാപാത്രം ശോഭനയോടു പറയുന്ന കഥയിലൂടെ ആണ് പ്രേക്ഷകനും ഈ കഥ നറേറ്റ് ചെയ്തു കൊടുക്കുന്നത്. സത്യത്തിൽ എന്ത് മനോഹരമായിട്ടാണ് അവർ ആ കഥ പറയുന്നത്.. ശരിക്കു അത് കേൾക്കുന്ന ഗംഗയെ പോലെ… അത്രത്തോളം ആകാംക്ഷയിൽ ഓരോ പ്രേക്ഷകനും അത് കേൾക്കുന്നു..മനസ്സിൽ വിഷ്വലൈസ് ചെയ്യുന്നു… ഒന്നാലോചിച്ചാൽ ആ സീൻ ഒരു മാജിക് ആണ്… കെ.പി.എ സി ലളിത എന്ന അതുല്യ നടിയുടെ പെർഫോമൻസിൽ പിറന്ന മാജിക്.
കെ.പി.എ സി ലളിതയുടെയും ഉർവ്വശിയുടെയും മാത്രം പ്രത്യേകത ആയി തോന്നിയിട്ടുള്ള ഒരു കാര്യം ഉണ്ട്.. കുറെ അധികം കഥാപാത്രങ്ങൾ ഉള്ള സീനുകളിലെ പെർഫോമൻസ്. ചിലപ്പോൾ അവർക്കു ഒരു ഡയലോഗ് പോലും കാണില്ല , ഫ്രയിമിന്റെ ഏതെങ്കിലും ഒരു കോണിൽ നിൽക്കുകയായിരിക്കും , ആ സമയത്തും അവര് ചെയ്യുന്ന റിയാക്ഷൻസ് ഒക്കെ ശ്രദ്ധിച്ചു നോക്കണം.. ഇത്രയും നാച്ചുറലായി ഒരു ക്യാമറയുടെ മുമ്പിൽ എങ്ങനെ ആണ് നിൽക്കുന്നത്..അതും അവർക്കു ഒരു പ്രോമിനൻസും ഇല്ലാത്ത സീനുകളിൽ പോലും. എന്ത് രസമാണ് വെറുതെ കണ്ടിരിക്കാൻ തന്നെ.
പ്രായമായവരെ കൊണ്ട് റൊമാന്റിക് സീനുകൾ പോലെ ചെയ്യിച്ചു അരോചകമായ കോമഡി ഉണ്ടാക്കുന്ന സംഭവം ഒരുപാടു ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്.. പക്ഷെ അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു പ്രകടനമാണ് തേന്മാവിൻ കൊമ്പത്തിൽ ലളിത ചേച്ചി ചെയ്തിരിക്കുന്നത്.. ഡയോലോഗ് പറയുന്നതട്ടെ.., മുഖത്തു വരുത്തുന്ന നാണം ആട്ടെ, പരിഭവം ആട്ടെ എല്ലാം മനോഹരമായി ചെയ്തിരിക്കുന്നത് കാണാം. അനിയത്തിപ്രാവിന്റെ ക്ലൈമാക്സ് വിജയിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നും ഇവരുടെ പ്രകടനം തന്നെയാണ്.
മനസിനക്കരയിലെ അച്ചപ്പവും കുഴലപ്പവും കൂട്ടുകാരിക്ക് കൊണ്ടുകൊടുക്കുന്ന ചേടത്തി , ആദ്യത്തെ കൺമണിയിലെ പ്രതാപിയും , അഹങ്കാരിയും ആയ സ്ത്രീ, വിയറ്റ്നാം കോളനിയിലെ മാധവിയമ്മ, അമരത്തിലെ മീന്കാരി, മണിച്ചിത്രത്താഴിലെ ഭാസുര കുഞ്ഞമ്മ , കോട്ടയം കുഞ്ഞച്ചനിലെ തന്റേടിയായായ ഉപ്പുകണ്ടം കുഞ്ഞുമറിയ, കന്മദത്തിലെ ‘അമ്മ, ഗോഡ്ഫാദറിലെ ചേട്ടത്തിയമ്മ … അങ്ങനെ അങ്ങെനെ വ്യത്യസ്തങ്ങളായ എത്ര എത്ര വേഷങ്ങൾ..മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മൂന്ന് നടികളെ നിങ്ങൾ തിരഞ്ഞു എടുത്താൽ അതിൽ ഒന്ന് കെ പി എ സി ലളിത തന്നെ ആവും എന്ന് ഉറപ്പുണ്ട്. എന്റെ അഭിപ്രായത്തിൽ മലയാളം കണ്ട ഏറ്റവും മികച്ച നടി കെ പി എ സി ലളിത തന്നെയാണ് ..