ഞാൻ ഉൾപ്പെടെ അക്കാലത്തു ചെന്നൈയിൽ നിന്ന് സി.എ ക്കു പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ ബഡ്ജറ്റ് താങ്ങി നിർത്തിയിരുന്നത് ഇൻകം ടാക്സ് ഡിപ്പാർട്ടമെന്റ് ഉം എക്സൈസ് ഡിപ്പാർട്ട്മെന്റ് ഉം ആണ്.. എങ്ങനെ ആണ് എന്നല്ലേ? പറഞ്ഞുതരാം. .
ചെന്നൈയിൽ നുങ്കമ്പാക്കത്തു സി.എ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തൊട്ടടുത്ത കെട്ടിടത്തിലാണ് ഇൻകം ടാക്സ് ഓഫീസും എക്സൈസ് ഓഫീസും. ഇവിടുത്തെ ക്യാന്റീനുകളിൽ ഭക്ഷണം വളരെ വില കുറഞ്ഞ് ആയിട്ടു കിട്ടും.. അതായതു തൊട്ടടുത്ത ഹോട്ടലിൽ 30 – 40 രൂപക്കു കിട്ടുന്ന ഊണ് 12 രൂപക്ക് അവിടെ കിട്ടും.. ഒരു ഏഴോ എട്ടോ രൂപയുണ്ടെങ്കിൽ പ്രാതൽ കഴിക്കാം. പക്ഷെ ഒരു പ്രശ്നം എന്താണെന്നു വച്ചാൽ വളരെ പരിമിതമായ ആൾക്കാർക്കെ ഭക്ഷണം കിട്ടുകയുള്ളു.. ആദ്യം അവിടത്തെ സ്റ്റാഫ് കഴിച്ചു തീരണം അത് കഴിഞ്ഞു മാത്രമേ സ്റ്റുഡന്റ്സിനു ഭക്ഷണ കൂപ്പൺ കൊടുക്കുകയൊള്ളു.. നമ്മൾ ഇത്തിരി വൈകിയാൽ ചിലപ്പോൾ കൂപ്പൺ കിട്ടുകയും ഇല്ല.. അത് കൊണ്ട് സ്റ്റാഫ് കഴിച്ചു തീരുന്ന സമയം തന്നെ നമ്മൾ പോയി ക്യൂ നിൽക്കണം .
ഒരു ദിവസം രാവിലെ അങ്ങനെ സമയം കണക്കാക്കി കഴിക്കാൻ ഇറങ്ങിയപ്പോൾ നല്ല മഴ.. ഒരു രക്ഷയും ഇല്ലാത്ത മഴ … കുട ഇല്ലാത്തതു കൊണ്ട് മഴ കുറച്ചു കുറയുന്നത് വരെ കാത്തിരുന്നു.. മഴ ചെറുതായി ഒന്ന് കുറഞ്ഞപ്പോൾ ഇറങ്ങി ഓടി ക്യാന്റീനിൽ ചെന്നു.. പക്ഷെ അപ്പോഴേക്കും കൂപ്പൺ തീർന്നിരുന്നു..
എന്നാൽ പിന്നെ അടുത്തുള്ള ഹോട്ടലിൽ പോയി കഴിക്കാം എന്ന് വിചാരിച്ചു ചാറ്റ മഴയും കൊണ്ട് തണുത്തു ഗേറ്റിനു വെളിയിലേക്കു ഇറങ്ങായിപ്പോൾ എന്റെ കൂടെ പഠിക്കുന്ന കശ്യഫ് എന്ന ആന്ധ്രക്കാരൻ വരുന്നത് കണ്ടു.. വെറുതെ മഴയും കൊണ്ട് അവനും അങ്ങോട്ട് പോകണ്ടല്ലോ എന്ന് കരുതി അവനോടു കൂപ്പൺ തീർന്ന വിവരം ഞാൻ പറഞ്ഞു.. അപ്പോൾ അവൻ പറഞ്ഞു അവൻ ഇൻകം ടാക്സ് കാന്റീനിൽ നിന്നല്ല കഴിക്കുന്നത് അതിനു പുറകിൽ ഉള്ള അമ്പലം കാന്റീനിൽ നിന്നാണ് എന്ന്..
ഇൻകം ടാക്സും എക്സൈസും അല്ലാതെ ആ ഭാഗത്തു ഒരു കാന്റീനും കൂടി ഉണ്ട് എന്ന് ഞാൻ അപ്പോഴാണ് അറിഞ്ഞത്.. എന്നാപ്പിന്നെ അങ്ങോട്ടേക്ക് പോയേക്കാം എന്ന് തീരുമാനിച്ചു അവന്റെ കൂടെ പോയി..
പക്ഷെ അവിടെ ചെന്നപ്പോൾ കണ്ടത് ഞാൻ പ്രതീക്ഷിച്ച പോലത്തെ ഒരു കാന്റീൻ അല്ല.. ഇൻകം ടാക്സ് ഓഫീസിനു പുറകിൽ ഉള്ള ഒരു പറമ്പു പോലെ കിടക്കുന്ന സ്ഥലത്തു ഒരു ചെറിയ കെട്ടിടം .. എന്തോ ദേവസ്ഥാനം എന്നാണ് ബോർഡ്.. നമ്മുടെ ദേവസ്വം ബോർഡ് പോലെ എന്തോ ഓഫീസ് ആണെന്ന് എനിക്ക് തോന്നി.. അതിനു പുറകിൽ ഒരു ചെറിയ പറമ്പ്. പറമ്പിന്റെ ഒരു മൂലയിൽ നീല കളർ ടാർപോളിൻ വച്ച് കെട്ടിയ ഒരു ഷെഡ്.. അതിനപ്പുറത്തു അതുപോലെ ടാർപോളിൻ വച്ച് കെട്ടിയ ഒരു ചെറിയ പന്തല് പോലെ ഉള്ള സ്ഥലത്തു ഒന്ന് രണ്ട് അടുപ്പ്.. എനിക്ക് മൊത്തത്തിൽ ഒരു മടുപ്പു തോന്നി ആ സെറ്റ് അപ്പിനോട്.
പിന്നെ രണ്ടും കൽപ്പിച്ചു ഞാൻ അതിനുള്ളിൽ ചെന്നു.. അകത്തു കണ്ടാൽ പേടിയാകുന്നു രണ്ട് കറുത്ത് തടിച്ച സ്ത്രീകളും ഒരു മീശക്കാരൻ അമ്മാവനും ഉണ്ടായിരുന്നു.. ഒരു മൂലയിൽ ടാർപോളിൻ നിന്ന് ചോരുന്ന മഴവെള്ളം ശേഖരിക്കാൻ ചളുങ്ങിയ ഒരു പഴയ അലൂമിനിയം പാത്രം വച്ചിട്ടുണ്ട്… തടികൊണ്ടുള്ള പഴകിയ ഇളകുന്ന രണ്ടു മൂന്ന് നീളൻ മേശകളും പിന്നെ അതിന്റെ ബെഞ്ചുകളും.. അപ്പുറത്തെ അടുക്കള പന്തലിൽ മറ്റൊരു സ്ത്രീ ഇഡ്ഡലി ഉണ്ടാക്കിയ തുണിയിൽ നിന്നും ഇഡ്ഡലി ഒരു പാത്രത്തിലേക്ക് മാറ്റുന്നത് കാണാം..ആ ചേച്ചിയെയും ഇഡ്ഡലിയുടെ തുണിയും കണ്ടപ്പോൾ ഇഡ്ഡലി കഴിക്കാൻ തോന്നിയില്ല.. എനിക്ക് ഇറങ്ങി പോണം എന്നുമുണ്ടായിരുന്നു.
കാഷ്യഫ് നല്ല ഹാപ്പി ആയിട്ടു ഇഡ്ഡലി ഓർഡർ ചെയ്തു.. ഞാൻ ഇഡ്ഡലി അല്ലാതെ എന്തുണ്ട് എന്ന് ചോദിച്ചപ്പോൾ പൊങ്കൽ ഉണ്ടെന്നു മീശക്കാരൻ പറഞ്ഞു .. ഒന്നും വേണ്ട എന്ന് പറഞ്ഞിറങ്ങാനുള്ള ധൈര്യം മീശക്കാരന്റെ ശംബ്ദം കേട്ടപ്പോൾ ഒലിച്ചു പോയി ..എനിക്ക് തീരെ ഇഷ്ടമില്ലാത്ത സാധനമാണെങ്കിലും പൊങ്കൽ ഞാൻ ഓർഡർ ചെയ്തു..
ആ മേശയുടെ പുറത്തു അതിലൊരു സ്ത്രീ വൃത്തിയുള്ള ഒരു തുണി വിരിച്ചു… അതിനു ശേഷം കഴുകി വൃത്തിയാക്കിയ രണ്ടു ഇല ഇട്ടു.. അപ്പോൾ എന്റെ മടുപ്പു ശകലം കുറഞ്ഞു.. പിന്നീട് നല്ല ആവി പാർക്കുന്ന പൊങ്കൽ എന്റെ ഇലയിൽ വിളമ്പി.. മുകളിൽ നല്ല ചൂട് സാമ്പാറും.. സാമ്പാറിന്റെയും പൊങ്കലിന്റെയും കൊതിയൂറുന്ന മണം എനിക്ക് കിട്ടി… അത് വരെ ഉണ്ടായിരുന്ന മടുപ്പു എല്ലാം മാറി.. ഇലയുടെ സൈഡിൽ നല്ല മൊരിഞ്ഞ ചൂട് ഉഴുന്ന് വടയും നല്ല തേങ്ങാ ചമ്മന്തിയും കൂടി വിളമ്പി.. പിന്നെ ഞാൻ ഒന്നും നോക്കിയില്ല.. ഞാൻ അത് കഴിച്ചു .
എനിക്ക് ചുറ്റും ഞാൻ കണ്ട കാഴ്ചകൾ ഞാനപ്പോൾ ഒന്ന് കൂടി നോക്കി.. കൊമ്പൻ മീശക്കാരൻ പുഞ്ചിരിക്കുന്നു.. എന്റെ ഭാവത്തിൽ നിന്ന് ഭക്ഷണം എനിക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞ ആ സ്ത്രീകളുടെ മുഖത്തിൽ ഇതൊക്കെ എന്ത് എന്ന ഭാവം.. കശ്യഫ് ചുറ്റും നോക്കാതെ ഇഡലിയും സാമ്പാറും തട്ടിവിടുന്നു.. ആ ടാർപോളിൻ ഷെഡിനുള്ളിൽ ചെന്നൈയിൽ വളരെ വിരളമായി മാത്രം കിട്ടുന്ന മഴയുടെ തണുപ്പും ചെറിയ കാറ്റും ..പുറത്തു ചെടികളുടെ പച്ചപ്പും.. അലൂമിനിയം പാത്രത്തിൽ മഴത്തുള്ളികൾ വീഴുന്ന താളവും .. മുന്നിൽ നല്ല ചൂട് പൊങ്കലും സാമ്പാറും വടയും.. ഏതോ കാല്പനിക ലോകത്തെത്തിയ അനുഭൂതിയായിരുന്നു.. അന്നവിടുന്നു ഭക്ഷണം കഴിച്ച ശേഷം പിന്നീടൊരിക്കലും ഞാൻ ഇൻകം ടാക്സ് ക്യാന്റീനിൽ കയറിയിട്ടില്ല..
ഭക്ഷണത്തോട് ഉള്ള കൊതി താങ്കൾ വായനക്കാരനിലേക്കു രുചിയോടെ പകർന്നു തന്നതിന് നന്ദി. ചെന്നൈയിലെ ഇഡലി സാമ്പാർ രുചി ഒന്ന് വേറെ തന്നെ. താങ്കളുടെ അവതരണ ശൈലി ഇഷ്ടപ്പെട്ടു. താങ്കളോടോപ്പം ഇരുന്നു കഴിച്ച പ്രതീതി😊👌. കൂടുതൽ എഴുതുക. 👍
LikeLiked by 2 people
ഒരു വി കെ എൻ ശൈലി ഉണ്ട്😊👌
LikeLiked by 1 person