അമുദയുടെ ഒമ്പതാം പിറന്നാളിന്റെ അന്ന് അച്ഛൻ തിരുചെലവനും ‘അമ്മ ഇന്ദിരയും അവളോട് ആ സത്യം പറയുന്നു. അവൾ അവരുടെ ദത്തുപുത്രിയാണെന്ന സത്യം. രാമേശ്വരത്തെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നും കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ അവളെ അവർ മകളായി ദത്തെടുത്തു. തന്നെ ഉപേക്ഷിച്ചു പോയ അമ്മയെ കാണണം ആ അമ്മയോട് ചോദിക്കാൻ 20 ചോദ്യങ്ങൾ അവൾ കുറിച്ച് വച്ചിട്ടുണ്ട്.. ആ അമ്മയെ തേടിയുള്ള അവരുടെ യാത്രയാണ്.. ആ യാത്രയിൽ അവർ കാണുന്ന കാഴ്ചകൾ ആണ് .. അവർ മനസിലാക്കുന്ന യാഥാർഥ്യങ്ങൾ ആണ് കന്നത്തിൽ മുത്തമിട്ടാൽ.
ശ്രീലങ്കയും കലാപവും
തൊട്ടാൽ പൊള്ളുന്ന ശ്രീലങ്കൻ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ ആണ് മണി ഈ കഥ പറയുന്നത്. ഒരു കലാപം വിഷയമാക്കുമ്പോൾ ആര് ശരി ആര് തെറ്റ് എന്നതിൽ ഉപരി ഒരു കലാപം മൂലമുണ്ടാകുന്ന നഷ്ടങ്ങളുടെ വേദനയാണ് മണിരത്നം ഈ ചിത്രത്തിൽ ചർച്ചക്ക് വയ്ക്കുന്നത്. ബോംബെ , അല്ലെങ്കിൽ റോജ എന്നീ മുന്ചിത്രങ്ങൾ പോലെ ഇത് പോലുള്ള വിഷയങ്ങൾ ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു കുടുംബത്തെ എങ്ങനെ അഫക്ട് ചെയ്യുന്നു എന്ന് അവരുടെ കണ്ണുകളിലൂടെ നോക്കി കാണുന്നു. കലാപത്തിന്റെ ഭീകരതയും , സ്വന്തം മണ്ണും, സ്വത്തുക്കളും ഉപേക്ഷിച്ചു ജീവനും കൊണ്ട് പലായനം ചെയ്യേണ്ടിവരുന്ന ജനതയുടെ വേദനയും എല്ലാം ചിത്രത്തിൽ കാണാം. വിടെയ് കൊട് എങ്കൾ നാടേ.. എന്ന ഗാനം അർഥം മനസിലാക്കി കണ്ടാൽ അത് തരുന്ന വിങ്ങൽ വലുതാണ്. വൈരമുത്തുവിന്റെ വരികളിലൂടെ, റഹ്മാന്റെ സംഗീതത്തിലൂടെ, എം.എസ് വിശ്വനാഥന്റെ ശബ്ദത്തിലൂടെ , അഭയാർഥികളുടെ നിസ്സഹായതയുടെ വേദന പ്രക്ഷകന്റെ മനസ്സിലേക്ക് ഒഴുക്കി വിടുന്ന മണിരത്നം മാജിക്.
ആനന്ദം , പ്രതീക്ഷ ….
പറയുന്ന വിഷയം എത്ര തീവ്രമാണെങ്കിലും അതിൽ ആനന്ദത്തിന്റെയും പ്രതീക്ഷയുടെയും ഒക്കെ ഒരുപാടു മുഹൂർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പ്രേക്ഷകനെ തൃപ്തി പെടുത്താൻ മണിക്ക് സാധിക്കുന്നു എന്നതുകൊണ്ടാണ് ഒരേ സമയം കൊമേർഷ്യൽ ആയും ക്രിട്ടിക്കൽ ആയും ചിത്രം വിജയം നേടുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും, ഫ്ലാഷ് ബാക്കിൽ വരുന്ന റോമൻസിന്റെ നുറുങ്ങു വെട്ടവും, ജാതി, മതം, അതിർത്തി തുടങ്ങിയ വരമ്പുകൾ താണ്ടി വരുന്ന സ്നേഹത്തിന്റെ , മാനവികതയുടെ മധുരവും എല്ലാം നമുക്ക് ഇതിൽ അനുഭവിക്കാം. എ, ആർ റഹ്മാന്റെ സംഗീതവും , രവി കെ ചന്ദ്രന്റെ കണ്ണിനു സുഖം തരുന്ന ഛായാഗ്രഹണവും എല്ലാം മണിരത്നം ഇതിനായി മാക്സിമം എക്സ്പ്ലോയിറ്റ് ചെയ്യുന്നുണ്ട്. ഒരു ദൈവം തന്ത പൂവേ ” “സട്ടെനു നന്നൈന്തത് നെഞ്ചം….” “വെള്ളൈ പൂക്കൾ ” ഒക്കെ റഹ്മാന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ പെടുത്താവുന്ന ഗാനങ്ങളാണ് .
ഇതോടൊപ്പം മാധവൻ, സിമ്രാൻ, കീർത്തന , പ്രകാശ് രാജ് ,നന്ദിത ദാസ് തുടങ്ങി വെറും ഒരു സീനിൽ മാത്രം പ്രത്യേക്ഷപ്പെടുന്ന ഈശ്വരി റാവു ( കാല ഫെയിം ) തുടങ്ങിയവരുടെ ഏറ്റവും മികച്ച പ്രകടനങ്ങളും ഇതിൽ കാണാം. ലളിതവും സുന്ദരവും ,എന്നാൽ ഒന്ന് ചിന്തിച്ചാൽ ഒരുപാടു അർത്ഥങ്ങളും ഉള്ള സംഭാഷണങ്ങൾ , സുജാത എന്ന എഴുത്തുകാരന്റെ വേർപാട് തമിഴിന് തീരാത്ത ഒരു നഷ്ട്ടമാണെന്നു ഓർമപ്പെടുത്തുന്നു.
വെള്ളൈ പൂക്കൾ
______________________
വെള്ളൈ പൂക്കൾ ഉലകം എങ്കും മലർഗ്ഗവേയ്..
വിടിയും ഭൂമി അമൈതിക്കാഗേ വിടിയവേ..
ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും ഈ ഒരു ഗാനത്തോടെ ആണ്.. ശാന്തിയും , സമാധാനവും നിറഞ്ഞ , ലോകം മുഴുവൻ സമാധാനത്തിന്റെ വെള്ളപൂക്കൾ വിരിയുന്ന പുതിയ ഒരു പ്രഭാതത്തിലേക്കു ഈ ഭൂമി ഉണരും എന്ന പ്രത്യാശയിൽ.. പ്രതീക്ഷയിൽ …
ഉലകം വിടിയട്ടുമേ….
പിള്ളയിൻ സിര് മുഖ സിറിപ്പിൽ….
വെള്ളൈ പൂക്കൾ ഉലകം എങ്കും മലർഗ്ഗവേയ്..
വിടിയും ഭൂമി അമൈതിക്കാഗേ വിടിയവേ..
പാർട്ട് 1 ലിങ്ക്
പാർട്ട് 2 ലിങ്ക്