അന്ധകാരം – റിവ്യൂ

അന്ധകാരം എന്ന ചിത്രം നിങ്ങളെ തുടക്കം മുഴുവൻ ഒടുക്കം വരെ മുൾ മുനയിൽ നിർത്തുന്ന തരത്തിലുള്ള ഒരു ത്രില്ലെർ അല്ല. വളരെ പതുക്കെ ഒരുപാട് പ്ലോട്ടുകളും സബ് പ്ലോട്ടുകളും ഒക്കെ പറഞ്ഞു വളരെ സൂക്ഷ്മമായ ഡീറ്റൈലിംഗ് നൽകി, ഒരു പാട് ചോദ്യങ്ങൾ നൽകുകയും അതിനു ശേഷം അതെല്ലാം കണക്ട് ചെയ്തു ഓരോന്നായി റിവീൽ ചെയ്യുകയും ചെയുന്ന ഒരു സ്ലോ പെസ്ഡ് ആയിട്ടുള്ള ഒരു സൂപ്പർ നാച്ചുറൽ ത്രില്ലെർ ആണ്. അത് കൊണ്ട് തന്നെ വളരെ ക്ഷമയോട് കൂടെ തന്നെ ചിത്രം നൽകുന്ന സർപ്രൈസുകൾക്കായി കാത്തിരിക്കേണ്ടി വരും.

വെറും ജമ്പ് സ്കെറുകൾ , അല്ലെങ്കിൽ മൂന്നാംകിട ഗ്രാഫിക്‌സും കുറച്ചു കോമെഡികളും ഒക്കെ കുത്തി നിറച്ചു ഹൊറർ എന്ന പേരിൽ ഇറങ്ങുന്ന ചിത്രങ്ങൾക്കിടയിൽ തികച്ചും വ്യത്യസ്തമായി ഇതൊന്നും ഇല്ലാതെ ഹൊറർ മിസ്റ്ററി എന്ന ജോണറിനോട് നീതി പുലർത്തുന്നുണ്ട് അന്ധകാരം. വിനോദ് , സെൽവം , dr . ഇന്ദ്രൻ എന്നീ മൂന്ന് കഥാപാത്രങ്ങളുടെ കഥയും അതിന്റെ സബ്പ്ലോട്ടുകളും നോൺ ലീനിയർ ആയി പറഞ്ഞു കൊണ്ട് ഒടുവിൽ അതെല്ലാം കണക്ട് ചെയ്യുന്ന രീതിയിൽ ഉള്ള തിരക്കഥ ആണ്. ചിത്രത്തിന്റെ ആദ്യപകുതിയിൽ കാണിക്കുന്ന ഓരോ ചെറിയ കാര്യങ്ങൾക്കും ഉള്ള എക്സ്പ്ലനേഷൻ അവസാനം നൽകുന്നുണ്ട്.

കൈതി യിലൂടെ സുപരിചിതനായ അർജുൻ ദാസ് വിനോദെന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും ഭാവിയിൽ ശരിയായി ഉപയോഗിച്ചാൽ ഒരു പാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉള്ള പൊട്ടൻഷ്യൽ അദ്ദേഹത്തിന് ഉണ്ട്. സെൽവയുടെ കഥാപാത്രത്തെ അവതരിപ്പിച്ച വിനോദ് എന്ന നടനെ നന്ദ മുതലേ നോട്ട് ചെയ്യുന്നതാണ്. അതിനു ശേഷം നാൻ മഹൻ അല്ല എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിൽ എത്തി പുള്ളി വീണ്ടും ഞെട്ടിച്ചു. ആ ശരീരം വച്ച് ഇത്രയധികം പേടിപ്പിച്ച ഒരു വില്ലൻ വേറെ ഇല്ല . എന്നാൽ അതിനു നേരെ വിപരീതമായി ഒരു പാവം പിടിച്ച അന്ധനായി ഈ ചിത്രത്തിൽ പുള്ളി വീണ്ടും ഞെട്ടിക്കുന്നു.

വി വിഗ്നരാജൻ എന്ന പുതുമുഖ സംവിധായകൻ വളരെ സൂക്ഷ്മയായ തിരക്കഥയിലൂടെയും കയ്യടക്കത്തോട് കൂടി ഉള്ള സംവിധാനത്തിലൂടെയും ഇമ്പ്രെസ്സ് ചെയ്യുന്നു. അവസാന ഭാഗങ്ങൾ റിവീൽ ചെയ്യുമ്പോൾ ചെറുതായി എങ്കിലും പാളിയിരുന്നങ്കിൽ മുഴുവൻ ചിത്രത്തെയും അത് മോശമായി ബാധിക്കുമായിരുന്നു . എന്നാൽ വളരെ കൃത്യതയോടെ ,അധികം സ്പൂൺ ഫീഡിങ് നടത്താതെ , അതെ സമയം ക്ലാരിറ്റിയിയോട് കൂടി തന്നെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു.

ഞാൻ ആദ്യം സൂചിപ്പിച്ചതു പോലെ മൂന്നു മണിക്കൂറിനടുത്തു ദൈർഘ്യം ഉള്ള ചിത്രത്തിന്റെ ആദ്യ രണ്ടര മണിക്കൂറുകൾ ചോദ്യങ്ങൾ മാത്രമാണ് ചിത്രം നൽകുന്നത്. ഒരു പാട് ഡീറ്റൈലിംഗ് ആവശ്യപെടുന്ന ഒരു കഥ ആയതുകൊണ്ട് തന്നെ ആ ആദ്യ ഭാഗങ്ങളിൽ പല ഇടത്തും വളരെ സ്ലോ ആയി തോന്നാം. എനിക്ക് ചില കാര്യങ്ങൾ പറയാൻ ഉണ്ട് അതിനായി നിങ്ങൾ കുറച്ചു വെയിറ്റ് ചെയ്യൂ എന്ന രീതിയിൽ ആണ് സംവിധായകൻ കഥ പറയുന്നത്. ക്ഷമയോട് കൂടെ അത് കൊണ്ടിരുന്നാൽ അവസാന ഭാഗങ്ങൾ കാണുമ്പോൾ നമ്മൾ ആദ്യം ലാഗ് ആണ് , അനാവശ്യമാണ് എന്ന് കരുതിയ പല സീനുകളെയും അപ്രീഷിയേറ്റ് ചെയ്യും. ഒപ്പം ഒരു മികച്ച മിസ്റ്ററി ത്രില്ലെർ കണ്ട സംതൃപ്തിയും ലഭിക്കും . ചിലപ്പോൾ ഒന്ന് കൂടി ഡീറ്റൈൽഡ് ആയിട്ട് കാണാനും തോന്നും. ആ ക്ഷമ ഇല്ലാത്തവരാണ് നിങ്ങൾ എങ്കിൽ… സോറി നിങ്ങൾ ഒരു നല്ല ചിത്രം മിസ് ചെയ്യും