“ആയുധ ” എഴുത്ത് അല്ല ആയ്ത എഴുത്ത്
ഈ ചിത്രത്തിന്റെ പേര് ആയുധ എഴുത്തു എന്നാണ് ഭൂരിഭാഗം ആളുകളും കരുതിയിരിക്കുന്നത് . ചിത്രത്തിന്റെ ഴോനാർ നോക്കിയാൽ ചേരുന്ന പേരുതന്നെ ആണ് അത്. ആയുധം കൊണ്ടുള്ള എഴുത്തു എന്നൊക്കെ അർഥം വരാം. എന്നാൽ സംഗതി അതല്ല . ടൈറ്റിലിൽ തന്നെ ഒരു ബ്രില്ലിയൻസ് ഒളിഞ്ഞു കിടപ്പുണ്ട്. എഴുത്തു എന്നാൽ തമിഴിൽ “അക്ഷരം” അല്ലെങ്കിൽ “ലിപി” എന്നും അർത്ഥമുണ്ട്. ആയിത എഴുത്തു തമിഴ് ലിപിയിൽ ഉള്ള ഒരു ചിഹ്നമാണ്. മലയാളത്തിലും , സംസ്കൃതത്തിലും ഒക്കെ ഉള്ള വിസർഗം ( ” : ” ഉദാഹരത്തിനു ദുഃഖം ) എന്ന പോലെ തമിഴിലെ വിസർഗ്ഗമാണ് ആയ്ത എഴുത്തു . അത് ഈ സിനിമയ്ക്ക് എങ്ങനെ ചേരും എന്ന് ചോദിച്ചാൽ മലയാളത്തിലെ പോലെ തമിഴിൽ വിസർഗം രണ്ടു കുത്തുകളല്ല ; മറിച്ചു മൂന്നു കുത്തുകൾ ആണ് (ஃ) . ചിത്രം കണ്ടിട്ടുള്ളവർക്കു മാത്രമല്ല ചിത്രത്തിന്റെ ഇതിന്റെ ഈ പോസ്റ്റർ കണ്ടാലും മനസിലാവും എന്തുകൊണ്ടാണ് മണിരത്നം ചിത്തത്തിനു ഇങ്ങനെ ഒരു ടൈറ്റിൽ നൽകിയത് എന്ന്.
ഹൈപ്പർലിങ്ക് + റാഷമോൺ എഫ്ഫക്റ്റ്
മൂന്നു വ്യത്യസ്ത മനുഷ്യർ( ഇമ്പ -മാധവൻ , മൈക്കിൾ -സൂര്യ , അർജുൻ – സിദ്ധാർഥ് ) ഒരു പ്രത്യേക സാഹചര്യത്തിൽ കൂട്ടിമുട്ടുന്നതു കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ആ മൂന്ന് പേരും ആരാണ്, അവർ എങ്ങിനെ അവിടെ എത്തിച്ചേരുന്നു എന്നത് അതിനു ശേഷം 3 കഥകൾ ആയി പറയുന്നു . ആ മൂന്നു കഥകളും ഒരേ പോയിന്റിൽ എത്തിച്ചേരുന്നു. അതിനു ശേഷം അവരുടെ ജീവിതം എങ്ങനെ മാറുന്നു എന്ന് ഹൈപ്പർലിങ്ക് മെതോഡിൽ പറയുന്നു. അത് പോലെ ഒരേ സംഭവങ്ങൾ ഇമ്പയുടെയും , മൈക്കിളിന്റെയും ആംഗിളിൽ കാണിക്കുമ്പോൾ റാഷോമോൻ എഫക്റ്റും തിരക്കഥയിൽ മണിരത്നം ഉപയോഗിക്കുന്നുണ്ട്.
കഥാപാത്രങ്ങളും നിറങ്ങളും
ചുവപ്പു, പച്ച ,നീല . പ്രൈമറി കളേഴ്സ് . നാം കാണുന്ന നിറങ്ങൾ എല്ലാം ഈ മൂന്ന് നിറങ്ങളും അതിന്റെ കോമ്പിനേഷൻസും ആണ്. ഈ മൂന്നു നിറങ്ങൾ ആണ് മണിരത്നം മൂന്നു കഥാപാത്രങ്ങൾക്ക് നൽകുന്നത്. ചിത്രത്തിൽ ഓരോരുത്തരുടെ കഥയ്ക്കും ഈ കളറിംഗ് ആണ് നൽകിയിരിക്കുന്നത്.
ഇമ്പ – ചുവപ്പ്
ചുവപ്പു തീയാണ്. ഇമ്പയും . സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒക്കെ ഇളം ചുവപ്പിൽ നിന്ന് ദേഷ്യം, വയലൻസ് , അധികാരമോഹം, എന്നിവയെ സൂചിപ്പിക്കുന്ന കടും ചുവപ്പായി മാറുന്ന കഥാപാത്രം ആണ് മാധവൻ അവതരിപ്പിന്നുന്ന ഇമ്പ.
മൈക്കിൾ – പച്ച
ഇമ്പയുടെ കഥയിൽ നിന്ന് മൈക്കിളിന്റെ കഥയിൽ എത്തുമ്പോൾ ചിത്രത്തിന് കൂടുതലും പച്ച ഷേഡ്സ് വരുന്നത് കാണാം. പച്ച സൂചിപ്പിക്കുന്നത്, എനെർജിയെയും, പുതുമയേയും, യുവത്വത്തിനെയും
മാറ്റത്തെയും ഒക്കെ ആണ്. മൈക്കിൾ എന്ന കഥാപാത്രം എനെർജിറ്റിക് ആണ്, സമൂഹത്തിൽ മാറ്റം വരുത്തുവാൻ ആഗ്രഹിക്കുന്ന ആളാണ്, പുതിയ തലമുറയുടെ , പുതിയ ചിന്താഗതിയുടെ ഒക്കെ പ്രതീകം ആയ മൈക്കിളിന്റെ നിറം പച്ച തന്നെ ആണ്.
അർജുൻ – നീല .
ശാന്തമായ കടലിന്റെയും , ആക്ഷത്തിന്റെയും നിറം, ഏറ്റവും കുളിർമയുള്ള നിറം. നീല നിറം ശാന്തത, സത്യസന്ധത, ബുദ്ധി, എന്നിവയെ സൂചിപ്പിക്കുന്നു . അർജുൻ കൂൾ ആണ്. ശാന്തനാണ് , ബുദ്ധിമാനാണ്, അത് കൊണ്ട് തന്നെ അർജുന്റെ നിറവും നീലയാണ്
ജോർജ് റെഡ്ഡി.
ജോർജ് റെഡ്ഡി എന്നൊരു യുവ നേതാവുണ്ടായിരുന്നു. പാലക്കാടിൽ ജനിച്ചു തെലങ്കാനയിൽ പഠിച്ചിരുന്ന വിപ്ലവകാരിയായ ഒരു വിദ്യാർത്ഥി. 25 ആം വയസിൽ ക്യാമ്പസിൽ നടന്ന ആക്രമണത്തിൽ കൊല്ലപെട്ട ഒരു തീപ്പൊരി നേതാവ്. ജോർജ് റെഡ്ഢിയെ ബേസ് ചെയ്താണ് സൂര്യ അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രത്തെ മണി ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. സൂര്യ യുടെ ഇഷ്ട കഥാപാത്രങ്ങളിൽ മുൻപതിയിൽ തന്നെ ആണ് മൈക്കിളിന്റെ സ്ഥാനം.
എ. ആർ റഹ്മാൻ – മണിരത്നം മാജിക്കൽ കോംബോ
എ, ആർ റഹ്മാനും മണിരത്നവും ഒന്നിച്ചപ്പോൾ എല്ലാം മാജിക്കുകൾ സംഭവിച്ചിട്ടുണ്ട് . ഈ ചിത്രവും അതിനു ഒരു അപവാദം അല്ല. രസകരമായ കാര്യം എന്തെന്നാൽ ഈ ചിത്രം പാട്ടുകൾ ഇല്ലാത്ത ഒരു ചിത്രമായി ആണ് ആദ്യം മണിരത്നം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ചിത്രത്തിൽ ഇമ്പയുടെ ജീവിത്തിൽ ഉണ്ടാകുന്ന വളർച്ച കാണിക്കാൻ ഒരു ചെറിയ ബിറ്റ് സോങ് വേണം എന്ന് തോന്നി. അങ്ങനെ ധോൽ – ധോൽ എന്ന ഗാനം ഉണ്ടായി.. ഒരു ഗാനം വീണ്ടും കൂടുതൽ ഗാനങ്ങൾ ഉൾപ്പെടുത്താൻ മണിരത്നത്തെ ടെംപ്ട് ചെയ്യിച്ചു… ഒടുവുൽ ആറു ഗാനങ്ങളും, രണ്ടു ബിറ്റ് സോങ്സും ആയി മറ്റൊരു സൂപ്പർ ഹിറ്റ് ആൽബം ആയി മാറി ആയിത എഴുത്ത് .
Part1:
https://chenakariyangal.blog/2020/09/27/മണിരത്നം-ക്ലാസിക്സ്-പാർ/