ഒരു ആയുർവേദ ഓണം

ഓണസദ്യ… ഇതിലിപ്പോ എന്താ ഇത്ര വലിയ സംഭവം… എന്നത്തേയും പോലെ ചോറ്… പിന്നെ സാമ്പാർ… രസം… ആകെപ്പാടെ പറയാനാണെങ്കിൽ.. കറികൾകളുടെ എണ്ണം കുറച്ച് കൂടുതലാവും… പിന്നെ പായസവും കാണും… എനിക്ക് എന്റെ കുട്ടിക്കാലത്തു ഓണസദ്യയോട് അത്ര വലിയ ഒരു ഇഷ്ടം ഒന്നും ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ല എന്നതാണ് സത്യം.. ഓണത്തിന് സദ്യ വേണോ അതോ ആനന്ദമന്ദിരം ഹോട്ടലിൽ നിന്നും മസാല ദോശ വേണോ എന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ മസാല ദോശ മതി എന്ന് ഞാൻ പറയുമായിരുന്നു..

ഓണം, വിഷു, കല്യാണങ്ങൾ, പേരിടീൽ, ചോറൂണ്, ഷഷ്ടി പൂർത്തികൾ, ഉപനയനങ്ങൾ, പ്രസാദമൂട്ട് , പിറന്നാളുകൾ, മറ്റു വിശേഷദിവസങ്ങൾ അങ്ങെനെ എല്ലാം കൂടി കൂട്ടിയാൽ കുറഞ്ഞത് വർഷത്തിൽ ഒരു പത്തന്പതു സദ്യകൾ കിട്ടിക്കൊണ്ടിരുന്നതു കൊണ്ടായിരുന്നിരിക്കാം ഈ താൽപ്പര്യം കുറവ്.വീട്ടിൽ നിന്നും മാറി പുറത്തു നിന്ന് തുടങ്ങിയ കാലത്തു പതുക്കെ പതുക്കെ ഈ സദ്യകൾ ഒക്കെ കിട്ടാതായി തുടങ്ങി.. എന്നും ഹോട്ടലിൽ നിന്ന് കഴിക്കുന്നത്‌ കാരണം മസാലദോശയോടും പൊറോട്ടയോടുമൊക്കെ ഉള്ള ആരാധന പാടെ തീർന്നു.ദോശയിലും ഇഢലിയിലും തൈർസാദത്തിലും ടൊമാറ്റോ റൈസിലും ഒക്കെ ജീവിതം ഒതുങ്ങി കൂടി ഇരിക്കുമ്പോഴാണ് വീണ്ടും ഒരു ഓണം വരുന്നത്.

എനിക്കും അങ്ങനെ ആദ്യമായി ഒരു സദ്യ കഴിക്കാനുള്ള കൊതി തോന്നി.. ഒരു ഒന്നൊന്നര കൊതി…നാട്ടിലേക്കു പോകാൻ ഒറ്റ ട്രെയിനിലും ടിക്കറ്റ് അവൈലബിൾ അല്ല.. പിന്നെ ഏക മാർഗം ചെന്നൈയിൽ ഉള്ള ഏതെങ്കിലും ഒരു നല്ല കേരള റെസ്റ്റോറന്റിൽ പോയി സദ്യ കഴിക്കാം എന്നുള്ളതാണ്.. പക്ഷെ അവിടെയും പ്രശ്നം ഉണ്ട്… ഒന്ന് നാട്ടിൽ പോയി തിരിച്ചു വരാൻ ഉള്ളതിലും കൂടുതൽ കാശ് ആണ് ഒരു സദ്യക്ക് പഹയൻ മാര് ചാർജ് ചെയ്യുന്നത്.. അതും മുൻകൂട്ടി ബുക്ക്‌ ചെയ്യണം മാസാവസാനമായതു കൊണ്ട് കയ്യിൽ കാശും കുറവാണ്..എന്നാലും ടൈംസ് ഓഫ് ഇന്ത്യയുടെ ക്ലാസ്സിഫൈഡ് പേജ് മുഴുവൻ എന്നും അരിച്ചു പെറുക്കി വായിക്കാൻ തുടങ്ങി.. കൊക്കിലൊതുങ്ങുന്ന ഒരു സദ്യയുടെ പരസ്യത്തിനായി… എല്ലാം നാന്നൂറും അഞ്ഞൂറുമൊക്കെയാണ് ആവറേജ് റേറ്റ് വരുന്നത്…

ഓണത്തിന് 2 ദിവസം മുൻപ് ആ സന്തോഷവാർത്ത ഓഫീസിൽ അറിയിച്ചു.. ഓണം പ്രമാണിച്ചു സ്റ്റൈപ്പന്റ് ഇത്തവണ എല്ലാവർക്കും നേരത്തെ കിട്ടും… സ്റ്റൈപെൻഡു കിട്ടിയതോടെ ഓണ സദ്യ കിടുക്കാൻ തന്നെ തീരുമാനിച്ചു..ഓണത്തിന്റെ തലേന്ന് ഓരോരോ റെസ്റ്റോറന്റ് സിലേക്കായി വിളി തുടങ്ങി.. എല്ലാ ഇടത്തും സദ്യ ബുക്കിങ് കഴിഞ്ഞു തുടങ്ങി… കിട്ടിയ സ്ഥലത്തൊക്കെ വൈകിട്ട് 3.30ക്കും 4.30ക്കും ഒക്കെയാണ് സദ്യ കഴിക്കാൻ ഉള്ള ടൈം സ്ലോട്ട് കിട്ടുന്നത്…

കയ്യിൽ കാശുണ്ടായിട്ടും സദ്യ കഴിക്കാൻ അവസരം കിട്ടാത്തത് എന്തൊരു ദ്രാവിഡ്‌ ആണെന്ന് അനുഭവിച്ചു തന്നെ അറിയണം…അവസാനം ഒരു സ്ഥലത്തു 1.00 മണിക്ക് തന്നെ ടേബിൾ കിട്ടി… നുങ്കമ്പാക്കത്തിൽ ഉള്ള ഒരു റെസ്റ്റോറെന്റിന്റെ സ്പെഷ്യൽ ഓണ സദ്യ… വില ഇത്തിരി കൂടുതൽ ആണ്… എന്നാലും സാരമില്ല.. വർഷത്തിൽ ഒരിക്കൽ അല്ലെ ഓണമുള്ളൂ.. അടുത്ത രണ്ടു ദിവസം വേണേൽ പട്ടിണി കിടക്കാം എന്നാലും ഓണത്തിന് ഈ സ്പെഷ്യൽ സദ്യ തന്നെ കഴിക്കാൻ തീരുമാനിച്ചു… (കയ്യിൽ സ്റ്റൈപ്പന്റ് കിട്ടിയതിന്റെ അഹങ്കാരം )

അങ്ങനെ ഓണത്തിന്റെ അന്ന് ഞാനും പിന്നെ ഒരു മൂന്നാലു കൂട്ടുകാരും കുളിച്ചു കുറിയൊക്കെ തൊട്ടു നല്ല കസവു മുണ്ടും അലക്കി തേച്ച ഷർട്ടും ഇട്ടു കൃത്യം 12.45 ആയപ്പോൾ സ്ഥലത്തെത്തി… റെസ്റ്റോറെന്റിൽ കയറിപ്പോൾ തന്നെ എല്ലാ ഇടത്തും ഒരു ആയുർവേദ കമ്പനി യുടെ പരസ്യം കണ്ടു… അവരുടെ സോപ്പിന്റെ പരസ്യം … ചവനപ്രശിയത്തിന്റെ പരസ്യം… കഷണ്ടിക്കുള്ള ഹെയർ ഓയിലിന്റെ പരസ്യം..
മൊത്തത്തിൽ ഒരു ആയുർവേദ ആശുപത്രിയിൽ കയറിയ എഫക്ട്… ആകെ മൊത്തം ഒരു തൈലത്തിന്റെയും കൊഴമ്പിന്റെയും ഒക്കെ മണം..

നല്ല സാമ്പാറും കാളനും ഓലനും അവിയലുമൊക്കെ കൊതിച്ചു വെള്ളമിറക്കി ചെന്നിരുന്ന ഞങ്ങളുടെ ഇലയിൽ പലതരത്തിൽ ഉള്ള പച്ച നിറത്തിൽ ഉള്ള എന്തൊക്കയോ കറികൾ നിരത്തി വിളമ്പുകാർ… മുളപ്പിച്ച പയർ… ഓർഗാനിക് പച്ചടി.. മുളഅരികൊണ്ടു ചോറ്… അലോവേര കൊണ്ട് തോരൻ… പാവയ്ക്കാ അച്ചാർ… എന്തിനധികം പറയുന്നു.. ചുട്ട പപ്പടത്തിനും മോരിനും വരെ പച്ച നിറം..

കൂടെ ഉള്ളവർ എന്നെ നോക്കി പേടിപ്പിച്ചപ്പോൾ നിസ്സഹായകാനായി ഞാൻ വെയിറ്ററോട് ചോദിച്ചു… “എന്താ ചേട്ടാ ഇത്… ഇവിടുത്തെ ദേഹണ്ണക്കാരൻ ലീഗിന്റെ ആളാണോ… മൊത്തത്തിൽ എല്ലാം പച്ച മയമാണല്ലോ.. “”അയ്യോ മോനെ ഇത് സാധാരണ സദ്യ അല്ല.. ഞങ്ങളുടേത് ഒരു ആയുർവേദിക് റെസ്റ്റോറന്റ് ആണ്… നിങ്ങൾ ഇപ്പോൾ കഴിക്കുന്നത്‌ ഞങ്ങളുടെ ഞങ്ങളുടെ സ്പെഷ്യൽ ഹെൽത്തി ആയുർവേദിക് സദ്യ ആണ്.”

എനിക്ക് സദ്യ കഴിക്കാൻ പറ്റാത്തതിന്റെ സങ്കടം മാത്രമേ ഉള്ളായിരുന്നൊള്ളു.. കൂടെ ഉള്ളവർക്ക് സദ്യ കിട്ടാത്തതിലും വിഷമങ്ങൾ ആയുർവേദ സദ്യ കഴിക്കേണ്ടി വന്നതിലായിരുന്നു. ആദ്യമായി സദ്യ കഴിക്കാൻ കൊതിച്ച വർഷം നല്ല ആയുർവേദ സദ്യ തന്നെ കഴിക്കേണ്ടിവന്നു…അതിൽ പിന്നെ ഞാൻ ഒരിക്കലും അറിഞ്ഞു കൊണ്ട് ഒരു ഓണസദ്യ മുടക്കിയിട്ടില്ല… ഇത്തവണയും…

എല്ലാവർക്കും എന്റെ ഓണാശംസകൾ..

One thought on “ഒരു ആയുർവേദ ഓണം

  1. ഓണസദ്യ എന്ന് പറയുന്നത്.. 100 തരം വിഭവങ്ങൾ എന്നതിലുപരി ബന്ധുക്കളും കൂട്ടുകാരും ഒത്തു ഒത്തൊരുമയോടെയുള്ള കൂടിച്ചേരൽ എന്നു കൂടെ അർത്ഥം ഉണ്ട്. ഒറ്റയ്ക്ക് ഇരുന്ന് 100 വിഭവം സദ്യ ഉണ്ടിട്ട് ഒരു കാര്യവും ഇല്ല. അത് ഓണ സദ്യ ആകില്ല.. സദ്യ.. അത്രേ ഉള്ളൂ.. 🙏

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s