#theaterexperience – ഇഷ്ടനായകന്റെ തീപാറുന്ന പെർഫോമൻസ് കണ്ടു കൂട്ടം കൂടി ആർത്തുല്ലസിച്ചു നൃത്തം വച്ച അനുഭവങ്ങളാണ് സാധാരണയായി ഈ ഹാഷ്ടാഗിന് കീഴെ വരുന്ന പോസ്റ്റുകൾ പറയാറുള്ളത് . അങ്ങനെ അല്ലാത്ത തിയേറ്റർ എക്സ്പീരിയന്സുകളും ഉണ്ടാകുമല്ലോ . അത് പോലെ ഒരെണ്ണം ആണ് എനിക്ക് പറയാൻ ഉള്ളത് . ഇതാണ് ആ കഥ .
വർഷം 2004 . ഇത് പോലെ ഒരു ഓണക്കാലം . ഓടി നടന്നു സിനിമകാണുന്ന കാലം. കോട്ടയം അനുപമയിൽ പ്രിത്വിരാജിന്റെ ഒരു പടം കണ്ടു നേരെ ആനന്ദിലേക്കു വിട്ടു. മമ്മുക്കയുടെ ഒരു പടം കൂടി റിലീസ് ആയിട്ടുണ്ട്. ഒരു ഓഫ് ബീറ്റ് ചിത്രമാവാൻ ആണ് സാധ്യത. എന്നാലും കണ്ടേക്കാം എന്ന് കരുതി . തിയേറ്ററിൽ ആള് കുറവാണ് . ടിക്കറ്റ് എടുക്കാൻ കൗണ്ടറിന്റെ അടുത്ത് എത്തിയപ്പോൾ ദാ നില്കുന്നു കോളേജിലുള്ള ഒരു പരിചയക്കാരി സുന്ദരിയും , അതിലും സുന്ദരിയായ അവളുടെ അനിയത്തിയും . കൂടെ അവരുടെ അച്ഛനും . ഒരു ആറു ആറടി പൊക്കവും അതിനൊത്ത ശരീരവും , നല്ല കൊമ്പൻ മീശയുമൊക്കെ ഉള്ള അവരുടെ പിതാവിനെ കണ്ടപ്പോൾ ഒന്ന് ചുമ്മാ പോയി ഹാലോ പറയാം എന്ന പ്ലാൻ ഞാൻ ചെറിയ ഒരു പുഞ്ചിരിയിൽ ഒതുക്കി ടിക്കറ്റ് എടുത്തു അകത്തു കയറി.
പൊതുവെ സുഹൃത്തുക്കളുമായി സിനിമയ്ക്കു പോകുന്ന ഞാൻ ഈ സിനിമ കാണാൻ ഒറ്റയ്ക്ക് പോയതിനു പിന്നിൽ ഒരു കാരണമുണ്ട്. ഇന്നത്തെ പോലെ തന്നെ അന്നും ഞാൻ ഒരു നിർമല മനസിന് ഉടമയായിരുന്നു. പോരാത്തതിന് ലോല ഹൃദയവും. സിനിമയിൽ ഇത്തിരി സെന്റിമെൻസ് ഒക്കെ ഉണ്ടെങ്കിൽ ഞാൻ ചിലപ്പോൾ ഇരുന്നു കരയും. അത് കൂട്ടുകാര് കണ്ടാൽ നാണക്കേട് ആണ്. ഈ ചിത്രം കരയിക്കാൻ സാധ്യത ഉള്ള ഒരു ചിത്രമായിരിക്കും എന്ന് എനിക്ക് ഏകദേശ ധാരണ ഉണ്ടായിരുന്നു. അത് കൊണ്ടാണ് ഒറ്റയ്ക്ക് പോയത് .
സിനിമ തുടങ്ങുതിനു മുൻപ് ചുമ്മാ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു പിറകിലെ സീറ്റിൽ ആജാനുബാഹുവായ ആ അച്ഛനും രണ്ടു പെൺമക്കളും തൊട്ടു പിറകിലെ സീറ്റിൽ ഇരുന്നു പോപ്കോൺ വാരിത്തിന്നുന്നതു കണ്ടു. എനിക്കാകെ ടെൻഷൻ . എങ്ങാനും ഞാൻ കരഞ്ഞു പോയാൽ അവർ കാണാൻ സാധ്യത ഉണ്ട്. അവരുടെ മുന്നിൽ ചമ്മൽ ആവും എന്ന് മാത്രമല്ല കോളേജിലൊക്കെ ചിലപ്പോൾ ഇത് പാട്ടായി കുളമാകനും മതി. എന്ത് വന്നാലും കരയില്ല എന്ന ഉറച്ച തീരുമാനം എടുത്തു മനസിനെ കല്ലാക്കി ഞാൻ സ്ക്രീനിലേക്ക് നോക്കിയിരുന്നപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ തെളിഞ്ഞു —- “കാഴ്ച “
ഇന്റർവെൽ വരെ ഒക്കെ ഒരു വിധത്തിൽ പിടിച്ചിരുന്ന എനിക്ക് സെക്കന്റ് ഹാൾഫിൽ കാര്യങ്ങൾ കൈവിട്ടു പോയി എന്ന് മനസിലായി. അന്ന് വരെ ഞാൻ കണ്ട ചിത്രങ്ങളിൽ എന്നെ ഏറ്റവും സ്പർശിച്ച ഒരു സിനിമ. എനിക്ക് ഓരോ സീനും വല്ലാതെ ഫീൽ ചെയ്യുന്നു.. കരിങ്കല്ല് പോലെ കഠിനമാക്കിയ ഹൃദയം വെണ്ണ പോലെ ഉരുകുന്നു .. ക്ലൈമാക്സിൽ മമ്മൂക്ക നിസ്സഹായതയയോടെ തന്റെ അഡ്രെസ്സ് എഴുതി കൊടുത്ത കടലാസ് ആ ഉദ്യോഗസ്ഥൻ ചുരുട്ടി കളഞ്ഞത് കണ്ടപ്പോൾ എന്റെ ചങ്കു പൊട്ടി.. കണ്ണ് നിറഞ്ഞു . ഞാൻ കടിച്ചു പിടിച്ചിരിക്കുകയാണ് , ഒന്ന് ചെറുതായിട്ട് മുഖം അനക്കിയാൽ പോലും കണ്ണിൽ നിന്ന് ഡാം തുറന്നു വിട്ടപോലെ കണ്ണീരു ഉഴുകും എന്ന് ഞാൻ അറിഞ്ഞു. ആ ഫിലിം ബൈ ബ്ലെസ്സി എന്നെഴുതിക്കുമ്പോൾ ആ കണ്ണുനീർ എന്റെ കാഴ്ചയെ മങ്ങിച്ചിരുന്നു.
അപ്പോഴാണ് പിറകിലെ സീറ്റിൽ നിന്ന് ങ്ങും… ങ്ങിമ്.. എന്നൊക്കെ ശബ്ദം കേൾക്കുന്നത് . ആരും കാണാതെ ഞാൻ കണ്ണുനീർ തുടച്ചു തിരിഞ്ഞു നോക്കിയപ്പോൾ ആ ആജാനബാഹു കൊമ്പൻ മീശക്കിടയിലൂടെ മൂക്കൊക്കെ പിഴിഞ്ഞ് വിങ്ങി വിങ്ങി കരയുകയാണ് . രണ്ടു പെൺകുട്ടികളും തൂവലയൊക്കെ കൊടുത്തുകൊണ്ട് ആ അച്ഛനെ സമാധാനിപ്പിക്കുന്നുണ്ട് . പോട്ടെ അച്ഛാ … സാരമില്ല .. ഇതും വെറും സിനിമ അല്ലെ എന്നൊക്കെ പറയുന്നുണ്ട് ..
ഞാൻ എണീറ്റപ്പോൾ ആ കൂട്ടുകാരി ദയനീയമായി എന്നെ ഒന്ന് നോക്കി.. ഏയ് ഞാൻ ഇതൊന്നും ആരോടും പോയി പറയാൻ പോകുന്നില്ല എന്ന രീതിയിൽ ഒരു ചെറിയ എക്സ്പ്രെഷൻ ഇട്ടു ഒന്ന് അവളെ നോക്കി പുഞ്ചിരിച്ചു. അതിനുള്ള നന്ദി , ചെറിയ ഒരു നാണത്തിൽ കലർത്തിയ പുഞ്ചിരിയായി അവൾ മറുപടി തന്നു..