ഇല്ല… ഇത്തവണ വിട്ടു തരില്ല.. എന്ന വാശി ആയിരുന്നു പ്രകാശിന്റെ മനസ് നിറയെ.. പോക്കിരിയിൽ വിജയ് പോലീസ് ആണെന്നും, ഐ യിലെ വില്ലൻ സുരേഷ് ഗോപി ആണെന്നും ഡോൺ സിനിമയിൽ ഡോൺ ഷാരുഖാൻ ചാകില്ല എന്ന് തുടങ്ങി ഒരുപാടു സിനിമയുടെ സസ്പൻസ് ഞാൻ അവന് പൊട്ടിച്ചു കൊടുത്തതിന്റെ പ്രതികാരമായി കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്ന് ഞാൻ പടം കാണുന്നതിന് മുൻപ് പ്രകാശിന് എന്നോട് വെളിപ്പെടുത്തണം..
പ്രകാശ് എന്നെ സിനിമ റിലീസ് ആകുന്നതിന്റെ തലേ ദിവസം ഫോൺ ചെയ്തു ബാഹുബലിക്ക് ടിക്കറ്റ് ബുക്ക് ചെയ്തോ? ഏതു ഷോയ്ക്കാണ് ബുക്ക് ചെയ്തത് എന്നൊക്കെ ചോദിച്ചു.. അവന്റെ ഉദ്ദേശ ‘അശുദ്ധി ‘ മനസിലായ ഞാൻ അവനോടു കള്ളം പറഞ്ഞു.. വൈകിട്ട് 6 മണിക്ക് ഉള്ള ഷോയ്ക്കു ബുക്ക് ചെയ്തു എന്ന്.. അങ്ങനെ ഞാൻ പറയാൻ കാരണം ദുബായിൽ ആദ്യത്തെ ഷോ അതായിരുന്നു.. ഓക്കേ ശരിയെട എന്ന് പറഞ്ഞു പ്രകാശ് ഫോൺ കട്ട് ചെയ്തു.. 10 മിനിറ്റ് കഴിഞ്ഞപ്പോൾ പ്രക്ഷിന്റെ മെസ്സേജ് വന്നു .. “ഇത്തവണ സസ്പൻസ് ഞാൻ പൊട്ടിക്കും വൈകിട്ട് 3 മണിക്കുള്ള ഷോ നു ഞാൻ ബുക്ക് ചെയ്തു.. ” കൂടെ ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടും …
ഇത് കണ്ടു എനിക്ക് ചിരി സഹിക്കാൻ പറ്റിയില്ല.. എന്താ സംഭവം… എന്നിലും മുൻപ് പടം കാണാനുള്ള തിരക്കിൽ ബുക്ക് ചെയ്തപ്പോൾ ആശാൻ സമയം മാത്രമേ നോക്കിയുള്ളൂ… ഏതു ഭാഷ ആണെന്ന് നോക്കിയില്ല.. മലയാളം ആണെന്നും കരുതി തെലുങ്കിന് ആണ് ബുക്ക് ചെയ്തത് .. ഞാൻ അപ്പോൾ തന്നെ അവനെ വിളിച്ചു കളിയാക്കാൻ തുടങ്ങി..അകെ ചമ്മി പോയ പ്രകാശ് ഉടനെ അടുത്ത നമ്പർ ഇട്ടു.. “തെലുങ്കു ആണെന്ന് അറിഞ്ഞോണ്ട് തന്നെയാ ബുക്ക് ചെയ്തത്.. എനിക്ക് തെലുങ്ക് ഒക്കെ നന്നായി മനസിലാവും.”
തെലുങ്ക് മനസിലാവും എന്ന്.. അതും പ്രകാശിന്.. ഈ പ്രകാശിനെയും കൊണ്ട് പണ്ട് ഒരു തെലുങ്ക് സിനിമയ്ക്ക് പോയ കഥ ഉണ്ട്…
പണ്ട് ചെന്നൈയിൽ ആയിരുന്ന സമയത്തു
തെലുങ്ക് പടം കാണണം എന്ന് ഭയങ്കര ആഗ്രഹം തോന്നി… ഒറ്റയ്ക്ക് സിനിമ കാണാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.. പക്ഷെ സത്യം തിയേറ്ററിന്റെ പത്തു രൂപ ടിക്കറ്റ് കൗണ്ടറിൽ ഒന്നൊന്നര മണിക്കൂർ ഒറ്റയ്ക്ക് ക്യൂ നില്ക്കാൻ മടുപ്പാണ്.
സിനിമയ്ക്കു പോകാം എന്ന് ആരോട് ചോദിച്ചാലും പറയുന്നത് .. ” തെലുങ്ക് പടത്തിനോ?? നിനക്കൊന്നും വേറെ പണി ഇല്ലേ?” പിന്നെ ആരാ പറയുന്നത് .. ‘വേറേ കൊറേ പണിയുള്ളവന്മാര്..’ രാവിലെ മുതൽ വൈകിട്ട് വരെ മുറിയിൽ ചുമ്മാ കസേരയിൽ കുത്തിയിരിക്കുന്നവമാരാണ്..
ഹാപ്പി ഡേയ്സ് എന്ന സിനിമ ഇറങ്ങിയപ്പോൾ ഞാൻ പ്രകാശിനോട് ചോദിച്ചു പോയാലോ എന്ന്… അപ്പോൾ അവൻ ചോദിച്ചു ഏതു ഭാഷ ആണെന്ന്.. തെലുങ്കാണെന്നു പറഞ്ഞാൽ അവൻ ഒഴിയും.. അത് കൊണ്ട് ഞാൻ പറഞ്ഞു തമിഴ് ആണെന്ന്.. അപ്പോൾ അവൻ ചോദിച്ചു ആരുടെ പടമാണെന്നു.. ഞാൻ പറഞ്ഞു എല്ലാം പുതുമുഖങ്ങൾ ആണ് എന്ന്.. ഒടുവിൽ അവൻ പോകാം എന്ന് സമ്മതിച്ചു..
പക്ഷെ പ്രശനം അതല്ല.. പടം തമിഴ് അല്ല തെലുങ്കാണെന്നു അറിഞ്ഞു കഴിയുമ്പോൾ ചെക്കൻ വയലെന്റ് ആവും ..കുങ് ഫു ഒക്കെ പഠിച്ച ആളായതുകൊണ്ടു ചിലപ്പോൾ പിടിച്ചു ഇടിച്ചു എന്നും വരാം.. വരുന്നിടത്തു വച്ച് കാണാം എന്ന് വിചാരിച്ചു ഞാൻ അവന്റെ കൂടെ സിനിമയ്ക്ക് കയറി.. പടം തുടങ്ങി… എന്റെ നെഞ്ചിടിക്കാൻ തുടങ്ങി.. ദൈവമേ അവനു പടം ഇഷ്ടപ്പെട്ടാൽ മതിയേ എന്ന് പ്രാർത്ഥനയുമായി പടം കാണാൻ തുടങ്ങി.. തെലുഗു ഡയലോഗ് കൾ പലതും മനസ്സിലാവുന്നു പോലും ഇല്ല.. എന്നാലും ഒരു ഊഹം വച്ച് ഞാൻ പടം കണ്ടൊടിരുന്നു.. ഇന്റർവെൽ ആയപ്പോൾ അവന്റെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം ഇല്ലാത്തത്കൊണ്ട് ഞാൻ ടോയ്ലറ്റിലേക്കു ഓടി..
പടം തുടങ്ങിയപ്പോൾ വീണ്ടും വന്നിരുന്നു.. ഇടയ്ക്കു ഒളികണ്ണിട്ടു പ്രകാശിനെ നോക്കുന്നുണ്ടായിരുന്നു.. അവൻ ഭയങ്കര സീരിയസ് ആയിട്ടു ഇരിക്കുകയാണ്.. തിരിച്ചു റൂമിൽ എത്തുമ്പോൾ ഇടി കിട്ടും ഞാൻ ഉറപ്പിച്ചു..
പടം കഴിഞ്ഞു.. ഞാൻ ഒരു വളിച്ച ചിരി മുഖത്ത് ഫിറ്റ് ചെയ്തോണ്ട് അവനോടു പതുക്കെ പറഞ്ഞു..” പടം കൊള്ളാം അല്ലെ .. നല്ല രസമുണ്ട്..”
പ്രകാശ് ഒരു അർത്ഥഗർഭമായ ഒരു നോട്ടം തന്നു.. എന്റെ ചങ്കു ഒന്ന് കാളി.. എന്നിട്ടു പറഞ്ഞു..
” പടമൊക്കെ കൊള്ളാം..പക്ഷെ കട്ട തമിഴ്.. … അയ്യോ…എന്തൊരു കട്ടി…
.. ഒരു രക്ഷയും ഇല്ല.. മനസിലാകാൻ ഭയങ്കര പാട്.. ..ഓ.. സമ്മതിക്കണം… മുടിഞ്ഞ തമിഴ് …….”
കേട്ടപാടെ ഞാൻ ദൈവത്തിന് സ്തുതി പറഞ്ഞു..
പറയുന്നത് തെലുങ്ക് ഭാഷയാണെന്നു പോലും മനസിലാവാത്തവനാണ് ബാഹുബലി തെലുങ്കിൽ കണ്ടു കഥപറയും എന്ന് ഭീഷണി പെടുത്തിയത്…
വാൽകഷ്ണം: ഇപ്പോഴും ഹാപ്പി ഡെയ്സ് തമിഴ് സിനിമയാണെന്നാണ് പ്രകാശ് വിശ്വസിച്ചു കൊണ്ടിരിക്കുന്നത്.. ഇത് അവനോടുള്ള ഒരു ഏറ്റു പറച്ചിൽ കൂടിയാണ്… വിശാല മനസ്കനായ പ്രകാശ് എന്നോട് ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു ..