Happy Women’s Day

ഞാൻ ഏറ്റവും കൂടുതൽ വഴക്കിട്ടിട്ടുള്ളതും പിണങ്ങിയിട്ടുള്ളതും ദേഷ്യപ്പെട്ടിട്ടുള്ളതും അവർ രണ്ടു പേരോട് ആണ്. വിവാഹത്തിന് മുൻപ് വരെ അമ്മ വിവാഹത്തിന് ശേഷം ഭാര്യ. എങ്ങനെ വഴക്കിടാതിരിക്കും. നമുക്ക് ഇഷ്ട്ടമുള്ള ഒരു കാര്യം നമ്മളെ ചെയ്യാൻ അനുവദിക്കില്ല. നമ്മുടെ എല്ലാകാര്യത്തിലും ഇവര് വന്നു തലയിടും. പിന്നെ ചില സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞു അവരുടെയും അമ്മയും ഭാര്യയും ഇതുപോലെ തന്നെ ആണ് എന്ന്. അപ്പോഴാണ് ഇത് എന്റെ മാത്രം പ്രശനം അല്ല…

ആഗോളതലത്തിൽ ആണുങ്ങൾ അനുഭവിക്കുന്ന ഒരു പ്രശ്നം ആണെന്ന് മനസിലായത്.എന്തു കൊണ്ടാണ് ഇതിങ്ങനെ.. എല്ലാവർക്കും ഒരുപോലെ ഇങ്ങനെ സംഭവിക്കുന്നത്. ചിന്തിക്കേണ്ട വിഷയം ആണ്…അമ്മയും ആയി എന്തിനൊക്കെയാണ് വഴക്കുണ്ടാകാറ്. ചില ദിവസങ്ങളിൽ ഞാൻ പുറത്തു നിന്നു ഭക്ഷണം കഴിച്ചിട്ടു വരും.. വീട്ടിൽ നിന്നു കഴിക്കാത്തതിന് വഴക്ക്. ഒരു പക്ഷെ.. ഞാൻ ഒരു നിമിഷം കൊണ്ടു വേണ്ട എന്നു പറഞ്ഞ ഭക്ഷണം തയ്യാറാക്കൻ അമ്മ അതിരാവിലെ എണീറ്റിരുന്നിരിക്കണം. ഒരുപാട് സമയം അടുക്കളയിലെ ചൂടിലും പുകയിലും നിന്നിട്ടുണ്ടാവണം. അതു കൊണ്ടായിരിക്കുമോ എന്നോട് വഴക്കിട്ടിരുന്നത്?

പിന്നെ കൂട്ടുകാരുടെ ബൈക്ക് എടുത്തു കറങ്ങുന്നതിന്, സെക്കൻഡ് ഷോ സിനിമക്ക് പോകുന്നതിനു, ക്രിക്കറ്റ് കളിക്കാൻ പോകുന്നതിനു. .അതിന്റെ കാരണം അമ്മ പത്രം വായിക്കുമ്പോൾ ആകെ കാണുന്നത് ദുരന്ത വാർത്തകൾ മാത്രമാണ്. പാവത്തിന് പേടിയാണ് എപ്പോഴും എന്റെ സുരക്ഷയെ കുറിച്ചു. കഴിഞ്ഞ ദിവസവും പുറത്തു പോയപ്പോൾ റോഡ് ക്രോസ്സ് ചെയ്യുന്ന സമയത്തു അമ്മ എന്റെ കയ്യിൽ പിടിച്ചു. ഞാൻ നോക്കാതെ ക്രോസ്സ് ചെയ്യുമോ എന്നു ഭയന്നിട്ട്

അങ്ങനെ വഴക്കിട്ടിരുന്ന ഓരോ കാര്യത്തിലും ന്യായീകരിക്കാൻ കഴിയുന്ന സ്വാർത്ഥതയുടെ ഒരു കണിക പോലും ഇല്ലാത്ത കാരണങ്ങൾ അമ്മക്ക് ഉണ്ട് എപ്പോഴും . നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ട് … നല്ല സ്ത്രീകളും ചീത്ത സ്ത്രീകളും ഉണ്ട്.. എന്നാൽ അമ്മ എപ്പോഴും നല്ലതു മാത്രമേ ഒള്ളൂ..

അടുത്തയാൾ ഭാര്യ. അമ്മ വഴക്കിട്ട കാര്യങ്ങൾക്കു ഒക്കെ ഭാര്യയാണ് ഇന്ന് വഴക്കിടുന്നത്. കാരണങ്ങളും ഇതൊക്കെ തന്നെ.നമുക്ക് ഒരു പനി വരുമ്പോൾ അല്ലെങ്കിൽ ഒരു വിഷമം വരുമ്പോൾ നമ്മളിലും കൂടുതൽ അതു ബാധിക്കുന്നതു നമ്മുടെ ഭാര്യമാരെ ആണ്. അമ്മക്ക് പകരം വയ്ക്കാൻ ആരും ഇല്ല എന്നു പറയാൻ പറ്റില്ല. ഭാര്യ എന്നാൽ അമ്മയെ പോലെ തന്നെയാണ്. വേറൊരു കുടുംബത്തിൽ നിന്നും വന്നു, സ്വന്തം അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും പിരിഞ്ഞു നമുക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണ്. പലപ്പോഴും ഞാൻ ഉൾപ്പെടയുള്ള ഭർത്താക്കന്മാർ അതു സൗകര്യം പൂർവ്വം മറക്കാറുണ്ട്. അതു ഓർമിച്ചാൽ ഒരിക്കലും നമ്മൾ അവരെ വേദനിപ്പിക്കില്ല.

എന്നോട് എന്റെ ഭാര്യ ഞാൻ വഴക്കിടുംപോൾ ഇതു പറയാറുണ്ട്. അപ്പോൾ ഞാൻ പറയും എല്ലാ പെണ്ണുങ്ങളും ഇങ്ങനെയൊക്കെ അച്ഛനേയും അമ്മയെയും ഒക്കെ പിരിഞ്ഞു തന്നെ അല്ലെ വിവാഹം കഴിച്ചു ജീവിക്കുന്നത്. അതെന്തിനാണ് വലിയ ആന കാര്യം പോലെ പറയുന്നത് എന്ന്. അവൾ അതിനു മറുപടി ഒന്നും പറഞ്ഞിരുന്നില്ല. പകരം എനിക്കു ഒരു മകളെ തന്നു. അതിനുള്ള ഉത്തരം ഞാൻ തനിയെ മനസിലാക്കി. ആ പിരിവിന്റെ വേദന എത്ര വലുതായിരിക്കും എന്നു ഇപ്പോൾ എനിക്കു ഊഹിക്കാൻ കഴിയുന്നുണ്ട്. എന്നോട് വഴക്കിടാൻ അവകാശമുള്ള മൂന്നാമത്തെ ആളായി അവൾ വളർന്നു വരുന്നു.

ഇതൊക്കെ ഞാൻ ഇവിടെ ഇങ്ങനെ പറഞ്ഞു എന്നു കരുതി ഇനി ഒരിക്കലും ഞാൻ അമ്മയും ഭാര്യയുമായൊന്നും വഴക്കിടില്ല എന്നു വിചാരിക്കണ്ട.. ഇനീം ശക്തമായ വഴക്കുകളും പിണക്കങ്ങളും ഉണ്ടാകും..ഇത്രയും വഴക്കിനു മറ്റൊരു പ്രധാന കാരണമുണ്ട്. നമ്മുടെ ജീവിതത്തിൽ വേറാരും ഇതുപോലെ ഓരോ പ്രാവിശ്യവും വഴക്കിട്ടു കഴിഞ്ഞു വീണ്ടും തിരിച്ചു വരില്ല…എല്ലാം ക്ഷമിച്ചുകൊണ്ടു… മറന്നുകൊണ്ട് വീണ്ടും സ്നേഹിക്കാൻ.. വഴക്കിടാൻ… പിണങ്ങാൻ… അതെന്തുകൊണ്ടാണ് എന്നു മാത്രം മനസിലാക്കാൻ പറ്റുന്നില്ല… കാരണം ഞാൻ വെറും ഒരു ആണ് മാത്രമാണ്..

HAPPY WOMEN’S DAY

Pic courtesy. Retheesh Gopi

ശ്രീറാം എസ്