അവനെ ശ്രീമൻ നാരായണ – ഒരു മികച്ച സിനിമാറ്റിക് എക്സ്പീരിയൻസ്.

രക്ഷിത് ഷെട്ടിയുടെ ഉളിഡാവറു കണ്ടന്തേ ആണ് ആദ്യമായി കണ്ട കന്നഡ ചിത്രം. ഇന്നും എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് അത്. വീണ്ടും പുള്ളിയുടെ തന്നെ രചനയിൽ പുള്ളി നായകനായി വരുന്ന ചിത്രം എന്നത് കൊണ്ട് ഇതും കാണണം എന്ന് ഉറപ്പിച്ചിരുന്നു. കിറിക് പാർട്ടി എന്ന ചിത്രത്തിന്റെ എഡിറ്റർ ആയ സച്ചിൻ രവി ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത് . കർണാടകയിൽ ചിത്രത്തിന് വളരെ മികച്ച അഭിപ്രായം ആണ് എന്നറിഞ്ഞപ്പോൾ തിയേറ്ററിൽ തന്നെ കണ്ടേക്കാം എന്ന് തീരുമാനിച്ചു .

ഈ ട്രെഷർ ഹണ്ട് അഡ്വെഞ്ചർ കഥക്ക് വേണ്ടി സെറ്റ് ചെയ്തിരിക്കുന്ന പശ്ചാത്തലം ആണ് ഇതിന്റെ പ്രധാന പോസിറ്റീവ് സൈഡ് ആയി തോന്നിയത്. പ്രിയദർശൻ പണ്ട് തേന്മാവിൻ കൊമ്പത്തു എന്ന സിനിമയിൽ ഉപയോഗിച്ച ഒരു ട്രിക്ക് ഉണ്ട്. കഥ നടക്കുന്ന ഗ്രാമവും, കാലഘട്ടവും ഒന്നും ഏതാണ് എന്ന് തെളിച്ചു പറയില്ല . അത് കൊണ്ട് തന്നെ പറയുന്നതൊക്കെയും  വിശ്വസിക്കാൻ നമ്മൾ ബാധ്യസ്ഥരാവും. കഥയിൽ പിന്നെ ചോദ്യം ഒന്നും ഇല്ല.. ആ സ്ഥലത്തു ആ കാലഘട്ടത്തു അങ്ങനെ ഒക്കെ ആണ് . അതെ ബുദ്ധി തന്നെയാണ് ഇവിടെ എഴുത്തുകാരനും ,സംവിധായകനും അവലംബിച്ചിരിക്കുന്നത്.

അമരാവതി  എന്ന സാങ്കല്പിക ഗ്രാമവും, അവിടുത്തെ പ്രാദേശികതയും , അവരുടെ സംസ്കാരവും, കലയും,കഥ നടക്കുന്ന അജ്ഞാതമായ കാലഘട്ടവും  തുടങ്ങി ഏഴു പർവതങ്ങൾ ഉള്ള ഭൂപ്രകൃതിയും ഒക്കെ കഥയിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകങ്ങൾ ആണ് . അതിനോടൊപ്പം തിരക്കഥയിൽ   ബുദ്ധിപരമായി കൊണ്ടുവന്ന കൗ ബോയ്  സംസ്കാരവും കൂടി ആകുമ്പോൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു  പശ്ചാത്തലം ഒരുക്കാൻ കഥകൃത്തിനും   സംവിധായകനും കഴിഞ്ഞിട്ടുണ്ട് .ശ്രീമൻ നാരായണ എന്നത് ഹിന്ദു പുരാണം അനുസരിച് മഹാവിഷ്ണുവിന്റെ പേരാണ്. നായികയുടെ പേര് ലക്ഷ്മി എന്നാണ്. നായകന്റെ ഇൻട്രൊഡക്ഷനിൽ തൂണ് പിളർന്നു വരുന്ന നരസിംഹത്തിനെ അനുസ്മരിപ്പിക്കുന്നതാണ്. പ്രഹ്ലാദന്റെ വിശ്വാസം പോലെ തന്നെ ആണ് നാടക ട്രൂപ്പിൽ ഉള്ളവർക്കും. ശ്രീഹരി അവരുടെ രക്ഷകനായി വരും എന്നാണ് അവർ കരുതുന്നത്. ക്ലൈമാക്സിൽ ഹിരണ്യ കശ്യപുവ്നെ വധിക്കുന്ന പോസ്ചറിൽ വില്ലനെ മടിയിൽ കിടത്തുന്നതും കാണാം.  അത് പോലെ ഒരുപാട് കാര്യങ്ങൾ ഹിന്ദു പുരാണവുമായും ചിത്രത്തിൽ കണക്ട് ചെയ്തു കാണിക്കുന്നുണ്ട്.

വിഷ്വൽസിനു വളരെ അധികം പ്രാധാന്യം ഉള്ള ഒരു കഥപറച്ചിൽ ആണ് ചിത്രത്തിന്റേത് , കൗ ബോയ് ബാറും, ജയറാമിന്റെ കോട്ടയും, പാരിജാത മരവും, നാടകത്തിന്റെ സെറ്റിംഗ്സ് സും എല്ലാം തന്നെ വളരെ  മികച്ച ആർട് വർക്കും ഗ്രാഫിക്‌സും മിക്സ് ചെയ്തു കോൺവിൻസിംഗ് ആയി എടുത്തിട്ടുണ്ട്  .

രക്ഷിത് ഷെട്ടിയുടെയും , പോലീസ് കോൺടാബിൾ അച്ചുതണ്ണയുടെയും കോമ്പിനേഷൻ സീനുകളും , അവരുടെ ഡയലോഗുകളും ഒക്കെ നന്നായി വർക്ക് ഔട്ട് ആകുന്നുണ്ട്.  ഒരു  കൗ ബോയ് പശ്ചാത്തലം കൊണ്ട് വന്നത് കൊണ്ട് , ആക്ഷൻ സീക്വന്സുകള് ഒക്കെയും ആ ഒരു സ്റ്റൈലിൽ ആണ് കൊറിയോഗ്രാഫ്  ചെയ്തിരിക്കുന്നത്.അതിന് ചേർന്ന പശ്ചാത്തല സംഗീതവും അതിൽ വരുന്ന കോമിക് എലെമെന്റ്സും  കൂടി ആകുമ്പോൾ അത് നമ്മളെ പൂർണ്ണമായും രസിപ്പിക്കും.ഓവറോൾ ഈ വർഷത്തെ ആദ്യത്തെ മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു അവനെ ശ്രീമൻ നാരായണ.  പറ്റിയാൽ തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.