ഇത് ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ റിവ്യൂ അല്ല. പിന്നെ എന്തിനാണ് ഈ പിക്ക് ഇട്ടിരിക്കുന്നത് എന്നു ചോദിച്ചാൽ അതിന്റെ കാരണം ഇതു വായിച്ചു കഴിയുമ്പോൾ മനസ്സിലാവും.
ആദ്യമായിട്ട് ചെന്നൈയിൽ വച്ചാണ് ഒരു തെലുഗു സിനിമ തിയേറ്ററിൽ പോയി കാണുന്നത്. മഹേഷ് ബാബു നായകനായി അഭിനയിച്ച ഒരു മാസ്സ് ചിത്രം. അതിൽ കുറേ ഗുണ്ടകൾ മഹേഷിനെ യും നായികയും വളഞ്ഞു നിൽക്കുകയാണ്. കണ്ടാൽ ദിനോസർ കുഞ്ഞുങ്ങളെ പോലെ ഇരിക്കുന്ന ആജാനബാഹുകൾ കടിച്ചാ പൊട്ടാത്ത തെലുഗു ഡയലോഗുകൾ തുരുതുരാ പറയുകയാണ്.
മുഴുവൻ പറഞ്ഞു കഴിഞ്ഞപ്പോൾ ക്യാമറ പതുക്കെ മഹേഷിനു നേരെ തിരിയും. തല ഒരു സൈഡിലേക്ക് ചരിച്ച് കുനിച്ചു പിടിച്ച് നിന്നിരുന്ന മഹേഷ് എന്തോ ഒരു രണ്ടുവരി പറഞ്ഞു നല്ല സ്റ്റൈൽ ആയിട്ട് തലയുയർത്തി. ഒപ്പം ക്യാമറയും ഉയർന്നു മഹേഷിനെ സ്ക്രീനിൽ നിറയ്ക്കും. ഡയലോഗ് തീർന്ന ഉടനെ തലയുടെ മുകളിൽ ചെറിയൊരു കൊള്ളിയാൻ മിന്നും.. അടുത്ത ഷോട്ട് വില്ലന്മാർ പേടിച്ച് രണ്ടടി പുറകോട്ടു പോകുന്നതാണ്. തീയറ്റർ നിറയെ കയ്യടി.. വില്ലന്മാർ എന്താണ് പറഞ്ഞത്.. മഹേഷ് എന്താണ് പറഞ്ഞത്. എന്ന് ഒന്നും എനിക്ക് മനസ്സിലായില്ല. പക്ഷേ ഞാനും അറിയാതെ അത് കണ്ടു കൈയ്യടിച്ചു പോയി.
വില്ലന്മാർ പറഞ്ഞതിനു മറുപടിയായി “അത് പള്ളി പോയി പറഞ്ഞാൽ മതി” എന്ന പോലത്തെ സിമ്പിൾ കാര്യമാണ് മഹേഷ് പറഞ്ഞത്. പക്ഷേ അതിന് തീയറ്ററിൽ ഇത്രയും ഇംപാക്ട് ഉണ്ടാക്കാൻ കാര്യം ആ സീൻ ഡയറക്ടർ എടുത്ത് രീതിയാണ്. ക്യാമറയുടെ ആംഗിളും, ഷോട്ട് ഡിവിഷൻ സും, പുറകിലെ ബാഗ്രൗണ്ട് മ്യൂസിക്, മഹേഷിന്റെ ആറ്റിട്യൂട് അങ്ങനെ ഓരോ കാര്യവും വളരെ സൂക്ഷിച്ചു ഡിസൈൻ ചെയ്തത് കൊണ്ടാണ് അതിന് ഇത്ര ഇമ്പാക്ട് തോന്നിയത്.
പറഞ്ഞുവന്നത് ഇതാണ് ഒരു മാസ് ആക്ഷൻ സിനിമ നന്നാവണം എന്നുണ്ടെങ്കിൽ അഞ്ചാറ് ആക്ഷൻ സീനുകൾ ഉണ്ടായാൽ മാത്രം പോരാ. അതിന്റെ മേക്കിങ്ങിൽ ആണ് കാര്യം. മേക്കിങ് എന്നുപറയുമ്പോൾ ഇടുന്ന കോസ്റ്റ്യൂം മുതൽ കഥാപാത്രത്തിന്റെ പേര് വരെ എല്ലാം ശ്രദ്ധിക്കണം. ബിഗ് ബി എന്ന ചിത്രത്തിൽ ബിലാലിന് ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലെ തരത്തിലുള്ള ഹെയർ സ്റ്റൈലും കോസ്റ്റ്യൂമും നൽകിയിരുന്നെങ്കിൽ ആ ചിത്രത്തിന്റെ ഗതി എന്താകുമായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ.
അതല്ലെങ്കിൽ നരസിംഹത്തിൽ നായകന്റെ പേര് പൂവള്ളി ഇന്ദുചൂഡൻ എന്നതിനുപകരം സുമേഷ് എന്നായിരുന്നു എങ്കിൽ നരസിംഹം ഒരു കോമഡി ചിത്രമായി അറിയപ്പെട്ടേനെ. കമാൻഡോ ഓപ്പറേഷൻ ഒക്കെ ചെയ്യാൻ ട്രെയിനിങ് കിട്ടിയിട്ടുള്ള ഒരാൾക്ക് ആക്ഷൻ സീനുകളിൽ ജുബ്ബക്കു ഷർട്ടിൽ ഉണ്ടായ പോലത്തെ ഒരു കോസ്റ്റ്യൂം കൊടുക്കുന്നത് എന്തൊരു ദ്രാവിഡാണ്.
യോദ്ധ എന്ന ചിത്രത്തിൽ കണ്ണുകാണാത്ത നായകൻ അത്രയും പേരുമായി ഫൈറ്റ് ചെയ്തു ആ പയ്യനെ രക്ഷിച്ചു കൊണ്ടു വരുമ്പോൾ നമ്മൾ അത് വിശ്വസിക്കാൻ കാരണം അത് കൺവിൻസ് ചെയ്യിക്കാൻ മാത്രമായി കുറച്ച് സീനുകള് ആ ചിത്രത്തിൽ അതിനു മുന്നേ കാണിക്കുന്നുണ്ട്. അല്ലാതെ നായകന് കാഴ്ച ഇല്ലാതെയും ഫൈറ്റ് ചെയ്യാൻ പറ്റും എന്ന് വേറൊരു കഥാപാത്രം പറഞ്ഞല്ല പ്രേക്ഷകർ മനസ്സിലാക്കുന്നത്.
ഇതുപോലെ ഉള്ള ഒരു ചെറിയ കാര്യങ്ങൾക്കു വരെ ഡീറ്റൈൽഡ് ആയി ഹോം വർക്ക് ചെയ്തു, അതിനുവേണ്ടി രണ്ടുമൂന്നു മാസം മാറ്റിവെച്ച് ഒരു തരത്തിലുള്ള ഉഴപ്പും കാണിക്കാതെ സംവിധാനം ചെയ്തത് കൊണ്ടാണ് ലൂസിഫർ എന്ന ചിത്രവും പ്രിത്വിരാജ് എന്ന സംവിധായനും വിജയിച്ചത്. “എന്റെ പിള്ളേരെ തൊടുന്നൊടാ” എന്ന ഡയലോഗിനു മാത്രം കിട്ടിയ കയ്യടി അല്ല സീനിൽ.. അതെടുത്തിരിക്കുന്ന രീതിക്ക് കൂടിയാണ്.
ആക്ഷൻ സിനിമകൾ എടുത്ത് ഫലിപ്പിക്കുന്നതിലും പാടാണ് ആൾക്കാരെ ചിരിപ്പിക്കുന്ന നല്ല കോമഡി ചിത്രങ്ങൾ എടുക്കാൻ. ഒന്നു ചെറുതായിട്ട് പാളിയാൽ പോലും അരോചകം ആയി പോവും. സിദ്ദിഖ് എന്ന സംവിധായകൻ നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ടുള്ള സംവിധായകൻ ആണ്. 25 വർഷം മുൻപ് അദ്ദേഹം ചെയ്ത ചിത്രങ്ങൾ ഇപ്പോൾ കണ്ടാലും നമ്മൾ ചിരിക്കുന്നെങ്കിൽ ഇപ്പോഴും അദ്ദേഹം വിചാരിച്ചാൽ ഇന്നത്തെ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ കഴിയും. തന്റെ സ്ട്രെങ്ത് എന്താണെന്നു മനസിലാക്കി അത്തരം ചിത്രങ്ങളിലേക്ക് അദ്ദേഹം തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു.
എന്ത് കൊണ്ടാണ് ഈ പിക് ഈ പോസ്റ്റിനു ഇട്ടത് എന്ന് ബിഗ് ബ്രദർ കണ്ടവർക്ക് പൂർണ്ണമായും മനസിലാവും. കാണാത്തവർക്ക് ഏറെക്കുറെയും.
ഈ പോസ്റ്റ് കണ്ടു ബിഗ് ബ്രദർ ഒരു തീരെ മോശം ചിത്രം ആണെന്ന് കരുതരുത്. ചിലപ്പോൾ ഒരുപാട് നെഗറ്റീവ് കേട്ടിട്ട് കണ്ടത് കൊണ്ടാകാം ഒരു avg ചിത്രമായിട്ടാണ് എനിക്ക് തോന്നിയത്.. ഉറപ്പായും സിദ്ധിഖിന്റെ അവസാന മൂന്നുനാലു ചിത്രങ്ങളിലും മുകളിൽ തന്നെ ഈ ചിത്രം നിൽക്കും , പക്ഷെ ഒരിത്തിരി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇനിയും ഒരുപാട് നന്നാക്കാമായിരുന്നു.