മുന്നറിയിപ്പ്
ഈ കഥയും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും സാദൃശ്യം തോന്നിയില്ല എങ്കിൽ… ആ തോന്നലാങ് മാറ്റിവെച്ചേക്കുക … ഈ കഥയും …കഥാപാത്രങ്ങളും …. ഒട്ടു മുക്കാലും ഒക്കെ പരമ സത്യങ്ങൾ ആളാണ്… സംശയമുണ്ടെങ്കിൽ സി എം എസ് സ്കൂളിലെ എന്റെ ബാച്ചിൽ ഉണ്ടായിരുന്ന ആരോടെങ്കിലും ചോദിച്ചു നോക്കിയാൽ മതി .
രണ്ടാമത്തെ മുന്നറിയിപ്പ്..
പോസ്റ്റിനു ഒരു ഇച്ചരെ നീളം കൂടിയാൽ പിന്നെ ആരും വായിക്കാത്ത കൊണ്ട് ബാഹുബലി പോലെ 2 ഭാഗമായി മാത്രമേ പോസ്റ്റ് ചെയ്യുകയുള്ളൂ
പ്രണാമം
……………
🌹🙏🌹 സിൽക്ക് സ്മിത 🌹🙏🌹
ഒരു ഒളിച്ചോട്ടം …
___________________
സെപ്തംബർ 24, 1996 .
അന്ന് രാവിലെ പത്രങ്ങളിലൊക്കെ ഒരു ഞെട്ടിയ്ക്കുന്ന വാർത്തയുണ്ടായിരുന്നു . പ്രശസ്ത നടി സിൽക്ക് സ്മിത അത്മഹത്യ ചെയ്തു. കേരളത്തിൽ എല്ലാരും അന്ന് ചർച്ച ചെയ്തത് ആ വിഷയം ആണ്.. പക്ഷെ അന്ന് എന്റെ കൂടെ പഠിക്കുന്നവർ ക്ലാസ്സിൽ എത്തിയപ്പോൾ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.
കൂടെ പഠിക്കുന്ന ജെബിനിന്റെ ഒളിച്ചോട്ടം..
സീൻ 1 :
സെപ്തംബർ 23, 1996.. പ്രഭാതം. ക്ലാസ്സ് റൂം 8A, സി എം എസ് കോളേജ് ഹൈ സ്കൂൾ കോട്ടയം . ലാസ്റ് ബെഞ്ചിൽ ജെബിൻ, നിയാസ്, അനീഷ് കെ ജോയ് , റിയാസ് റഹ്മാൻ , പിന്നെ ഞാൻ. വളരെ കുലങ്കഷമായ ചർച്ചയിൽ ആണ് എല്ലാവരും..
ജെബിൻ: ഇല്ലടാ.. ഈ പ്രോഗ്രെസ്സ് റിപ്പോർട്ടും കൊണ്ട് വീട്ടിൽ പോകാൻ പറ്റില്ല.. ഏതായാലും ഞാൻ ഉറപ്പിച്ചു…ഞാൻ ചാടാൻ പോവാണ്.
അനീഷ് : എങ്ങോട്ടു പോകാൻ ??
ജിബിൻ : റെജിമോന്റെ കൂടെ …പമ്പാവാലി ക്കു.. അവന്റെ ആരോ ഉണ്ട് അവിടെ.. അവിടെ പോയി വല്ല ബിസിനസ്സും ചെയ്തു ജീവിക്കണം .. ഏതായാലും ഇനി ഇങ്ങോട്ടില്ല…. മടുത്തു ഈ നശിച്ച കേരളം …
അനീഷ് : അപ്പോൾ ഈ പമ്പാവാലി എവിടെയാ ??
ഞാൻ : ശബരിമലയ്ക്ക് അടുത്ത് എവിടെയോ അല്ലെ??
നിയാസ്: ആ അപ്പോൾ അങ്ങ് ഇടുക്കിയിൽ ആണ്..
റിയാസ് : എന്നാൽ പിന്നെ ബോംബേക്കു പോകാൻ മേലെ… അതാകുമ്പോൾ പോയി വല്ല അധോലോകത്തിലും ചേർന്നാൽ മതി..പിന്നെ ആരെയും പേടിക്കണ്ടല്ലോ
അനീഷ്: അതെ ബോംബേ നഗരത്തെ കിടു കിട വിറപ്പിക്കുന്ന അധോലോക രാജാവ്….. “ജെബിൻ” …. …
നിയാസ് : അധോലോക ലോക രാജാവ് “ജെബിൻ ബാബു” … ച്ചെ … കേട്ടിട്ട് ഒരു ഗും ഇല്ല.. … ജെബിൻ ഭായ് … .. അധോലോക ലോക രാജാവ് ജെബിൻ ഭായ്… അത് മതി . എന്നാലെ ഒരു പഞ്ച് ഒള്ളു..
ജെബിൻ : ആകെപ്പാടെ പിരിച്ചു കിട്ടിയത് 38 രൂപയാണ്.. ഇതും വച്ചോണ്ട് പമ്പാവാലി വരെ എങ്ങേനെത്തും എന്നറിയില്ല.. അപ്പോഴാ അവന്റെ ഒരു ബോംബെയും … അധോലോകവും…
പിന്നെ ചിലപ്പോൾ പപ്പയും മമ്മിയും ഒക്കെ സ്കൂളിലൊക്കെ വന്നു അന്വേഷിക്കും.. ചിലപ്പോൾ പോലീസ് ഒക്കെ വരുമായിരിക്കും.. ആരും ഞങ്ങൾ എവിടെയാ പോകുന്നത് എന്ന് പറഞ്ഞു കൊടുക്കരുത്
റിയാസ്: അതെന്നാടാ അങ്ങനെ പറഞ്ഞത്… ഞങ്ങൾ പറഞ്ഞു കൊടുക്കും എന്ന് തോന്നുന്നുണ്ടോ ???
ഠിം …ഠിം..ടിൻ..ടിൻ… ഠിം …. ക്ലാസ് തുടങ്ങാനുള്ള നീണ്ടമണി അടിച്ചു .
റിയാസ് : സത്യം ….കണ്ടോ … മണി അടിച്ചു …
********************************************************************************************
സീൻ 2
23 സെപ്തംബര് 1996 , സന്ധ്യ കഴിഞ്ഞ സമയം.. റിയാസിന്റെ വീടിന്റെ മുറ്റം … ജെബിന്റെ അച്ഛനും , അമ്മയും, അപ്പാപ്പന്മാരും തുടങ്ങി കുറച്ചാളുകൾ റിയാസിന്റെ ചുറ്റും അമ്പരന്നു നിൽക്കുന്നു… കവല പ്രസംഗത്തിന് നിൽക്കുന്ന ലോക്കൽ നേതാവിനെ പോലെ റിയാസ് നടുക്ക് .
റിയാസ് : ആ അതെ … പമ്പാവാലി … അറിയില്ലേ?? ശബരിമലയുടെ അടുത്ത് എങ്ങാണ്ടാണ് … നമ്മുടെ ഇടുക്കിയിൽ … ബോംബെ പോയി അധോലോക രാജാവാകണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷെ 38 രൂപയെ പിരിക്കാൻ പറ്റിയുള്ളൂ… അത് കൊണ്ട് പിന്നെ പമ്പാവാലി തന്നെ മതി എന്ന് വച്ച്.. റെജിമോന്റെ ഏതോ ഒരു ചേട്ടായിടെ കൂടെ ആണ് ബിസിനസ് തുടങ്ങാൻ പ്ലാൻ… റെജിമോന്റെ വീട്ടിൽ ചോദിച്ചാൽ കറക്റ്റ് സ്ഥലം അറിയായിരിക്കും …
പോം…………………………………………………………………മ്
കോട്ടയം മുനിസിപ്പാലിറ്റിയിൽ നിന്ന് എട്ടു മണിയുടെ സയറൺ കൂവി
റിയാസ് : സത്യം ….കണ്ടോ … സയറൻ കൂവി…
തുടരും