ദൂരദർശനിൽ പണ്ട് തിരൈ മലർ എന്നൊരു പരിപാടി ഉണ്ടായിരുന്നു.. അതിലാണ് ആദ്യമായിട്ട് ചിന്ന ചിന്ന ആശൈ എന്ന പാട്ടു കേൾക്കുന്നത്.. ആദ്യം കേട്ടപ്പോൾ തന്നെ അതുവരെ കേട്ടിട്ടുള്ള ഒരു പാട്ടുകളോടും തോന്നാത്ത ഒരിഷ്ടം ആ പാട്ടിനോട് തോന്നി..
പിന്നെ ഒരു ദിവസം ചേട്ടൻ ചേട്ടന്റെ കൂട്ടുകാരന്റെ കയ്യിൽ ഇരുന്നു റോജ എന്ന സിനിമയുടെ പാട്ടു കാസ്സറ്റ് വീട്ടിൽ കൊണ്ട് വന്നു . പിന്നെ അതിലെ പാട്ടുകളൊക്കെ സ്ഥിരം ഇരുന്നു കേൾക്കാൻ തുടങ്ങി… അന്ന് കാസ്സറ്റിന്റെ കവറിൽ ” മ്യൂസിക് :എ.ആർ റഹ്മാൻ” എഴുതിയിരുന്നത് ശ്രദ്ധിച്ചിരുന്നില്ല.. പിന്നെ ഒരു ദിവസം തിരൈ മലരിൽ വേറൊരു പാട്ടു കേട്ടു “ചിക്ക്- പുക്ക് ചിക്കു പുക്കു റയിലെ” അതോടെ റോജ യുടെ കാസ്സറ്റ് നു റസ്റ്റ് കൊടുത്തു ജന്റിൽമാൻ കാസ്സറ്റ് ജോലി ഏറ്റെടുത്തു… അതിനു ശേഷം കാതലൻ ഇറങ്ങിയ സമയത്താണ് ഈ പാട്ടുകളിലെ എല്ലാത്തിലേയും പൊതു ഘടകം അതിന്റെ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആണ് എന്ന് മനസിലാക്കി തുടങ്ങിയത്..
പിന്നീട് പുള്ളിയുടെ പാട്ടു കാസ്സറ്റ് ഇറങ്ങാൻ നോക്കിയിരിക്കുമായിരുന്നു.. കൈയിലുള്ള പോക്കറ്റ് മണിയും.. വിഷു കൈനീട്ടങ്ങളും.. വീട്ടിലെ പഴയ പത്രവും പുസ്തകങ്ങളും തൂക്കി വിറ്റ കാശും എല്ലാം തിരുന്നക്കരയിലെ കാസ്സറ്റു കടക്കാരനും.. എ.ആർ റഹ്മാന്റെ സിനിമ റിലീസ് ചെയ്യുന്ന സിനിമാകൊട്ടകയിലേക്കും മാത്രമായി തീർന്നു..
പത്താം ക്ളാസിൽ പഠിപ്പിക്കുമ്പോഴാണ് മറ്റൊരു റഹ്മാൻ ഫാനിനിനെ കണ്ടുമുട്ടുന്നത്. അരുൺ സി തോമസ്.. എന്നോട് റഹ്മാന്റെ ആരാധകനാണോ എന്ന് അരുൺ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു.. ഗുരുവായൂരപ്പനും തിരുനക്കര അപ്പനും കഴിഞ്ഞാൽ പിന്നെ ഞാൻ ഏറ്റവും അധികം ആരാധിക്കുന്നത് എ.ആർ റഹമാനെ ആണ് എന്ന്… അതോടെ ഞങ്ങൾ നല്ല കട്ട ഫ്രണ്ട്സ് ആയി..
പ്രീ ഡിഗ്രി പഠിക്കുമ്പോൾ എന്റെ പിറന്നാളിന് അരുൺ എനിക്കൊരു സമ്മാനം തന്നു.. എ.ആർ റഹ്മാന്റെ ആദ്യത്തെ ലൈവ് കോൺസെർട്ടിന്റെ ഓഡിയോ കാസ്സെറ്റ്. 2 കാസ്സറ്റ് അടങ്ങുന്ന ഒരു ട്വിൻ കവർ. ഇറങ്ങിയ എല്ലാ ആൽബവും എന്റെ കയ്യിൽ ഉള്ളത് കൊണ്ടാണ് ലൈവ് കോൺസെർട്ടിന്റെ കാസ്സറ്റ് അവൻ തന്നത്.. അത് കേട്ടപ്പോൾ സിനിമയിൽ കേൾക്കുന്നതിലും വളരെ വ്യത്യസ്തമായ ഒരു ഫീൽ ആണ് ലൈവ് കേൾക്കുന്നത് എന്നെനിക്കു തോന്നി.. അന്ന് മുതൽ ഉള്ള ആഗ്രഹമാണ് പുള്ളിയുടെ ഒരു ലൈവ് കോൺസെർട് കാണണം എന്നത്..
പക്ഷെ പുള്ളിയുടെ ഷോ ഒന്നും കേരളത്തിൽ നടക്കുന്നില്ല.. എല്ലാം.. ലണ്ടൻ, ദുബായ്, സിങ്കപ്പൂർ , യൂ .എസ് മാത്രം.. ഇന്ത്യ യിൽ ഉണ്ടെങ്കിൽ തന്നെ ചെന്നൈയിലോ ബോംബായിലോ… ഊരു തെണ്ടിയുടെ ഓട്ടകീശയിൽ ഒന്നും ഇല്ലാത്തതു കൊണ്ട്… ആഗ്രഹം ആഗ്രഹമായി തന്നെ നിന്നു..
2011 ഇൽ ഞാൻ ദുബായിൽ ജോലിക്കു ജോയിൻ ചെയ്തതിന്റെ പിറ്റേ ആഴ്ച ദേ വീണ്ടും ഒരു റഹ്മാൻ ലൈവ് ഷോ ദുബായിൽ.. ഒരു 2 ആഴ്ച കൂടെ കഴിഞ്ഞായിരുന്നെങ്കിൽ എനിക്ക് എന്റെ ആദ്യത്തെ സാലറി കിട്ടിയേനെ.. അതിനു ഒരു ഗാലറി ടിക്കറ്റ് എങ്കിലും എടുത്തു പോകാമായിരുന്നു.. പക്ഷെ അവിടേയും ഭാഗ്യം ഉണ്ടായില്ല
ഒടുവിൽ വീണ്ടും ഒരു ഷോ 2017 ഇൽ.. 6 മാസത്തെ റെൻറ്റ് അഡ്വാൻസ് കൊടുത്തു കാലിയായ ബാങ്ക് ബാലൻസ് നോക്കി അന്തം വിട്ടിരിക്കുന്ന സമയത്താണ് വീണ്ടും ഷോ വന്നിരിക്കുന്നത്.. അടുത്തിരുന്നു കാണാനെങ്കിൽ 1000 അല്ലെങ്കിൽ 2000 ദിർഹമാണ് ടിക്കറ്റ് വില.. വല്ല പാസും കിട്ടുമോ എന്നറിയാൻ പരിചയമുള്ള എല്ലാരേയും വിളിച്ചു പരാജിതനായി .. ഷോ യുടെ തലേ ദിവസം ഒന്നും നടന്നില്ലെങ്കിൽ കടം വാങ്ങിച്ചു പോയാലോ എന്നാലോചിച്ചു വിഷമിച്ചിരിക്കുമ്പോഴാണ് ഭാര്യ വിളിച്ചു സർപ്രൈസ് ആയി ആ കാര്യം എന്നോട് പറഞ്ഞത്.. അവൾ അവളുടെ ഒരു ഫ്രണ്ടിനോട് പറഞ്ഞു എനിക്ക് ഒരു പാസ് റെഡി ആക്കി വച്ചിട്ടുണ്ട് എന്ന്… (ആ നിമിഷം എനിക്ക് പന്ത്രണ്ടു വർഷം മുൻപ് ശാന്തി ഗണപതി മാഡത്തിന്റെ കോസ്റ്റിങ് ക്ലാസ്സിൽ വച്ച് ആദ്യമായി അവളെ കണ്ടപ്പോൾ തോന്നിയ പ്രണയത്തിന്റെ ഒരു 12 ഇരട്ടി പ്രണയം അവളോട് തോന്നി…)
ഒരു മ്യൂസിക് ഷോ കാണാൻ പോകുന്നതിനു ഇത്രയും എക്സ്റ്റെമെന്റ് എന്തിനാണ് എന്ന് പലരും എന്നോട് ചോദിച്ചു.. എങ്ങനെ കാണാതിരിക്കും… വര്ഷങ്ങളായിട്ടു മനസ്സിൽ ഉണ്ടായിരുന്ന ഒരു ആഗ്രഹമില്ലേ അന്നു ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പൂർത്തീകരിച്ചത്…
ശ്രീറാം എസ്
Photo courtesy: Sarath Surendran