ഭയപ്പെടുത്തുന്ന ലോജിക്കുകൾ – 2 അഥവാ ആകാശഗംഗ 2
#################################
ഭയപ്പെടുത്തുന്ന ലോജിക്കുകൾ – 2 അഥവാ ആകാശഗംഗ 2
മുൻപ് ഭയപ്പെടുത്തുന്ന ലോജിക്കുകൾ എന്നൊരു പോസ്റ്റ് ഹൊറർ സിനിമകളിലെ ലോജിക്ക് കളെ പറ്റി പറഞ്ഞു ഇട്ടിരുന്നു. ലോജിക്കുകളുടെ ബാക്കി എഴുതാൻ ഇരുന്നപ്പോൾ ആണ് ആകാശഗംഗ 2 കണ്ടത്. ഈ ഒറ്റ ചിത്രത്തിൽ തന്നെ ഒരു പോസ്റ്റിനുള്ള സംഭവങ്ങൾ കിട്ടിയിട്ടുണ്ട്.. . ഈ പോസ്റ്റ് പഴയ പോസ്റ്റിന്റെ തുടർച്ച ആണ്. അതുപോലെതന്നെ ആകാശഗംഗ 2 എന്ന ചിത്രത്തിന്റെ ചെറിയൊരു റിവ്യൂയും.
ആകാശഗംഗ എന്ന ചിത്രത്തിൽ മേപ്പാടൻ ഉം പള്ളിലച്ചനും കൂടി യക്ഷിയെ ഒഴിപ്പിച്ചു എന്നുകരുതി ഇത്രയും വർഷം സുഖമായി കിടന്നുറങ്ങിയ നമ്മൾ പ്രേക്ഷക ലക്ഷങ്ങളെ
പ്ലിങ്ങിപ്പിച്ചു കൊണ്ട് ആ സത്യം പറഞ്ഞു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.. ദാസി പെണ്ണിന്റെ പ്രേതം അപ്പോൾ തന്നെ പുറത്ത് ചാടിയിരുന്നു എന്ന് മാത്രമല്ല, മായ, മുത്തശ്ശി, രണ്ട് അമ്മാവൻമാർ തുടങ്ങി എല്ലാവരേം പടം ആക്കി ചുവരിൽ കയറ്റുകയും ചെയ്തു.. അതിൽ തന്നെ മായയെ തട്ടിയത് ഗർഭപാത്രം പൊട്ടിത്തെറിപ്പിച്ചു കൊണ്ടായിരുന്നു. അപ്പൊ ഈ കണ്ട ഷോ ഒക്കെ കാണിച്ച മേപ്പാടനും അച്ഛനും ആരായി..
ഏതായാലും ഇപ്പോൾ മനയിൽ ആകെയുള്ളത് മായയുടെ ഭർത്താവ്, (ഇപ്പോൾ ആൽബത്തിൽ അഭിനിയിക്കുന്നതൊക്കെ നിർത്തി ഒരു ഗ്രാനൈറ്റ് കടയിൽ പണിക്കു പോകുന്നു ) പൊട്ടിത്തെറിച്ച ഗർഭപാത്രത്തിൽ നിന്നും പുറത്തുവന്ന സുന്ദരിയും സുശീലയും, സർവോപരി യുക്തിവാദിയും ആയ മകളും, ഒരു ആനക്കാരനും, ജോലിക്കാരി സുന്ദരിയും, പിന്നെ എല്ലാരും ഓപ്പോൾ എന്നു വിളിക്കുന്ന ഒരു സ്ത്രീയും മാത്രമാണ്.
അതിൽ തന്നെ ഈ ഓപ്പോൾ ആരാണ് ഉള്ളത് ഒരു മിസ്റ്ററി ആണ്. അച്ഛനും, മകളും വീട്ടിലെ ജോലിക്കാരിയും, ആനക്കാരനും, വാടകയ്ക്ക് താമസിക്കുന്ന പോലീസുകാരനും, എന്തിന് പകരംവീട്ടാൻ വരുന്ന രക്തദാഹിയായ ചുടല യക്ഷിയും വരെ അവരെ “ഓപ്പോൾ” എന്നാണ് വിളിക്കുന്നത്.
അതൊക്കെ പോട്ടെ.. അപ്പോൾ ആസ് യൂഷ്വൽ യക്ഷിയെ ആവാഹിച്ചു വെച്ചിരുന്നു ചൈനീസ് ഭരണിയിൽ നിന്നും നായിക തന്നെ അവളെ പുറത്തിറക്കുകയാണ്. അതിനുശേഷം ഉണ്ടാകുന്ന വിചിത്ര സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
നായിക പഠിപ്പിക്കുന്ന മെഡിക്കൽ കോളേജിൽ ആണ് രക്തം കട്ട പിടിപ്പിക്കുന്ന ആദ്യത്തെ ഭീകര വിചിത്ര സംഭവം അരങ്ങേറുന്നത്. ഈ കോളേജിൽ ചില പ്രത്യേകതകൾ ഉണ്ട്. നായികയും നാലു സുഹൃത്തുക്കളും കൂടാതെ ഒരു എട്ടോ പത്തോ
വിദ്യാർത്ഥികളും കൂടി മാത്രമേ ആ കോളേജിൽ ഉള്ളു. ഒരു ചെയർമാനും അനാറ്റമി പഠിപ്പിക്കുന്ന ഒരു അധ്യാപകനും പിന്നെ ഏതൊ ഒരു സ്ത്രീയും മാത്രമേ സ്റ്റാഫ് ആയിട്ടു അവിടെ ഉള്ള അത് മാത്രമല്ല
അവിടെ അനാട്ടമി എന്നൊരു സബ്ജക്ട് മാത്രമേ പഠിപ്പിക്കുകയുള്ളൂ.
അവർക്ക് കീറിമുറിച്ച് പഠിക്കാനും പഠിപ്പിക്കാനും കൊണ്ടുവന്ന ഒരു ഡെഡ് ബോഡി.. അതും നല്ല കറുത്തു തടിച്ച കുടവയറൻ ഡെഡ് ബോഡി പെട്ടെന്ന് ചാടിയെണീറ്റ് പഠിക്കുന്ന പിള്ളേരെയും പഠിപ്പിക്കുന്ന അധ്യാപകരെയും കഴുത്തിന് പിടിക്കുകയും തലങ്ങും വിലങ്ങും ഓടിക്കുകയും ചെയ്തിട്ട് വീണ്ടും അവന്റെ സ്ഥലത്ത് തിരികെ വന്നു കിടക്കുന്നു.
അപ്പോൾ നമ്മൾ വിചാരിക്കും അതിനെ തളയ്ക്കാൻ വല്ല മന്ത്രവാദിയും കോളേജിലേക്ക് വിളിച്ചു കൊണ്ടു വരുമെന്ന്. അവിടെയാണ് ട്വിസ്റ്റ്. പുരോഗമനവാദികളായ നായകനും നായികയും കൂട്ടുകാരും ചേർന്നു ഡെഡ്ബോഡി ക്കെതിരെ പോലീസിൽ പരാതി കൊടുക്കുന്നു… ആഹാ അന്തസ്സ്..
അങ്ങനെ പൊലീസുകാരനെയും ആന പാപ്പന യും ഒരു കാര്യവുമില്ലാതെ കോളേജ് ചെയർമാനയും ഒക്കെ ചുമ്മാ പേടിപ്പിച്ച് കളിക്കുന്ന യക്ഷി, എന്നാപ്പിന്നെ ഇനി നായികയുടെ ശരീരത്തിൽ കയറി കൂടാം, എന്നിട്ട് തന്റെ ജോലി തുടരാം തീരുമാനിക്കുന്നു
.
അങ്ങനെ ശരീരത്തിൽ കയറിയ യക്ഷി, നായികയുടെ അച്ഛന്റെ ഗ്രാനൈറ്റ് കടയിൽ പോയി അദ്ദേഹത്തിന്റെ തലയിൽ ഏതാണ്ട് നക്കുകയോ എന്തോ ചെയ്തു കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ അവിടെ എത്തുന്ന നായകനെ കണ്ടു, അയ്യോ നായകൻ അറിഞ്ഞാൽ മോശമല്ലേ എന്നുകരുതി അവിടുന്ന് വലിയാൻ നോക്കുന്നു. പക്ഷേ നായകൻ ആരാ മോൻ. യക്ഷിയുടെ പുറകെ ബൈക്ക് എടുത്ത് ഒരു കൊളുത്ത് ആണ്
യക്ഷിയുടെ പിറകെ പോയ നായകൻ മനയിൽ എത്തുമ്പോൾ അവിടെ റെഡിയായിട്ട് ഒരു മൂന്നാല് യക്ഷികൾ നിൽക്കുന്നുണ്ട്. ഇനി ഒരു രക്ഷയും ഇല്ല. നായകന്റെ പണി തീർന്നു എന്നുവിചാരിച്ച് ഇരിക്കുമ്പോഴാണ് അടുത്ത ട്വിസ്റ്റ്. നായകന്റെ മൊബൈൽ റിങ്ങ് ചെയ്യുന്നു. റിങ്ടോൺ കേട്ടു പേടിച്ച് സകല യക്ഷികളും കണ്ടം വഴി ഓടുന്നു.
പിന്നെ മേപ്പാടന്റെ മകളും, ദുർമന്ത്രവാദിനീയു മായ രമ്യ കൃഷ്ണനും
മേപ്പാഡാന്റെ സ്വാത്തിക ശിഷ്യൻ ആയ ഹരീഷ് പേരാടിയും ( കൈതെരി സഹദേവന്റെ പ്രേതം ഇതുവരെ പുള്ളിയുടെ അടുത്ത് നിന്ന് ഒഴിഞ്ഞു പോയിട്ടില്ല.. ) കൂടെ ചേർന്ന് യക്ഷിയെ ഒഴിപ്പിക്കാൻ ഒരു കമ്പൈൻഡ് ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നു.
പിന്നെ കുറച്ചുനേരത്തേക്ക് മണിച്ചിത്രത്താഴ്ന്റെ സ്പൂഫ് ആയിരുന്നു.. ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലത്ത, പഠിച്ചിട്ടുള്ള വേദങ്ങളിൽ ഒന്നും ഇല്ലാത്ത, ഒരു മന്ത്രവാദിയും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഞാൻ സഞ്ചരിക്കും എന്നു രമ്യ കൃഷ്ണൻ പറയുമ്പോൾ എനിക്കെല്ലാം പിടികിട്ടി എന്ന ഭാവത്തിൽ ഹരീഷ് പേരാടിയുടെ ഒരു അർത്ഥഗർഭമായ ഒരു ചിരി ഉണ്ട്… ഹോ മാസ്…
ആ പുതിയ ടെക്നിക്കിലൂടെ പ്രേതത്തെ ഒഴിപ്പിക്കുന്നത് കാണാനായി കാത്തിരുന്നപ്പോൾ കിട്ടിയത് മലയാളം സിനിമ ഇത് വരെ കാണാത്ത ഒരു ബാധ ഒഴിപ്പിക്കൽ സീൻ ആണ്.
കളർ പൊടി ഒക്കെ ഇട്ട ഒരു കളത്തിൽ കൊണ്ട് നായികയെ ഇരുത്തിയിട്ട് ഒരു പതിനഞ്ച് പ്രാവശ്യം “മര്യാദയ്ക്ക് ഒഴിഞ്ഞുപോ… മര്യാദയ്ക്ക് ഒഴിഞ്ഞുപോ.. അതാണ് നിനക്ക് നല്ലത് ” എന്നുപറഞ്ഞ് കുറച്ച് തീയും പറത്തി… നാലു പ്രജട പ്രജട യും പറഞ്ഞു.. ഡമ്മി യിൽ 2 കുത്തും കൊടുത്തപ്പോൾ അയ്യോ ഞാൻ പോയേക്കാം എന്നും പറഞ്ഞു യക്ഷി കളം കാലിയാക്കി.
എല്ലാം കഴിഞ്ഞു എന്നു വിചാരിച്ചിരുന്നപ്പോൾ. അടുത്ത ട്വിസ്റ്റ്… ഏതായാലും പ്രേതം ഒഴിഞ്ഞു പോയല്ലോ.. എന്നും വിചാരിച്ചു വിളക്ക് ഒക്കെ അണച്ചു കടയും പൂട്ടി മന്ത്രവാദിനി വീട്ടിലേക്ക് ഇറങ്ങുമ്പോൾ ദാ വരുന്നു നമ്മുടെ ഗംഗ അയ്യേ പറ്റിച്ചേ എന്നു പറഞ്ഞുകൊണ്ട് .. അങ്ങനെ ആകാശഗംഗ 3ക്കുള്ള വഴിയും വെട്ടി ഹരി സാർ തന്റെ ബ്രില്ലിയൻസ് കാണിക്കുന്നതോടുകൂടി.
പടം അവസാനിക്കുകയാണ്.
നന്ദി
——–
ഭൂലോക ദുരന്തമായ ചിത്രം കാണുമ്പോൾ പുറകിലിരുന്നു പട്ടിയുടെയും പൂച്ചയുടെയും ഒക്കെ മിമിക്രി കാണിച്ച്… പടത്തിൽ ധർമജനും ഹരീഷ് കണാരനും പറയുന്ന ചളിയെക്കാൾ വളിച്ച ചളി അടിച്ചു തന്നത്താനെ ചിരിച്ച് രസിച്ചു കൊണ്ടിരുന്ന ഈ ചിത്രത്തിലും വലിയ ദുരന്തങ്ങൾക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുവാൻ കൂടി ഞാൻ ഈ അവസരം ഉപയോഗിക്കുന്നു
ആദ്യ പോസ്റ്റിന്റെ ലിങ്ക്
ഇതിപ്പോ കോമഡി സിനിമ ആണല്ലേ? 😆😆😆🤣🤣
LikeLike