മൃഗം പരിണമിച്ചുണ്ടായതാണ് മനുഷ്യൻ. ആ പരിണാമമാണ് മൃഗവും മനുഷ്യനും തമ്മിലുള്ള അന്തരം. ചില സമയങ്ങളിൽ ആ അന്തരം തീരെക്കുറഞ് മനുഷ്യനും മൃഗവും ഒന്നാകുന്ന ഒരു അവസ്ഥ ഉണ്ട്. അതിനെക്കുറിച്ചാണ് ഒരു കെട്ടഴിച്ച പോത്തിനെയും പുറകെ ഓടുന്ന ഒരു നാടിനെയും ഉപയോഗിച്ച് താൻ പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് ലിജോ ജോസ് പല്ലിശ്ശേരി പറഞ്ഞിരുന്നു.എന്നാൽ ചിത്രം കണ്ടപ്പോൾ അതു മാത്രമല്ല വേറെയും ചില സ്റ്റേറ്റ് മെന്റ്സ് ഇതിലെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പറഞ്ഞിരിക്കുന്നതായി തോന്നുകയുണ്ടായി.
ചിത്രത്തിൽ പലയിടത്തും ഉപയോഗിച്ചിരിക്കുന്ന സിംബോളിസം പൂർണ്ണമായി ആദ്യകാഴ്ചയിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. മനസ്സിലാക്കിയത് തന്നെ ശരിയാണോ എന്ന് ഉറപ്പുമില്ല. എങ്കിലും ചിത്രത്തിൽ നിന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഇവിടെ
പങ്കുവെക്കുന്നു. സ്പോയിലറുകൾ ഇല്ലാതെ ഇതിവിടെ പറയാൻ സാധിക്കുകയില്ല. കാണാത്തവർ വായിക്കാതിരിക്കുന്നത് ഉചിതം.
********Spoiler alert *********
ചിത്രത്തിൽ പ്രധാനമായും 2 കഥാപാത്രങ്ങളാണ് ഉള്ളത്
.1. പോത്ത്
2.ആൾക്കൂട്ടം
പോത്ത്
_____________
കെട്ടുപൊട്ടിച്ച് ഓടുന്ന പോത്ത് പ്രതീകമാണ് പലതിന്റെയും.. സമ്പത്തിന്റെ, അധികാരത്തിന്റെ, അഭിമാനത്തിന്റെ, മാംസത്തിന്റെ, കാമത്തിന്റെ, പകയുടെ … അങ്ങനെ പലതിന്റെയും.. അതിനു പിറകെ ആണ് മനുഷ്യരുടെ പരക്കം പാച്ചിൽ.
ഇതിലെ ഏറ്റവും നെഗറ്റീവ് ആയിട്ടുള്ള റോളാണ് ആന്റണിയുടെത്. അയാൾക്ക് പോത്ത് തന്റെ കരുത്ത് നാട്ടുകാരുടെ അടുത്ത് തെളിയിക്കാനുള്ള ഉപാധിയാണ്. സോഫി എന്ന പെണ്ണിനെ കീഴടക്കാനുള്ള മാർഗമാണ്.. അത്രയും നാൾ സോഫിയുടെ കണ്ണൂരുട്ടലിൽ മാറി നടന്നിരുന്നവന് അവളെ കടന്നു പിടിക്കാനും ചുംബിക്കാനും ഉള്ള ധൈര്യം കിട്ടിയത് പോത്തിനെ കീഴ്പെടുത്തി എന്ന ആത്മവിശ്വാസത്തിൽ ആണ്.. പോത്തിനെ വീഴ്ത്തുന്നതിന്റെ ക്രെഡിറ്റ് മുഴുവനും ഒറ്റയ്ക്ക് ലഭിക്കാൻ അയാൾ പെടാപ്പാട് പെടുന്നുണ്ട്.
കുട്ടച്ചൻ നാട്ടുകാർക്കിടയിലെ ഒരു ഹീറോ തന്നെ ആയിരുന്നു. ചെറുപ്പക്കാരുടെ ആരാധനപാത്രം.. തനിക്ക് ഇടക്ക് വച്ച് നഷ്ടപെട്ട പ്രതാപം വീണ്ടും തിരിച്ചു കിട്ടുന്നത് ആ കെട്ടു പൊട്ടിച്ചോടുന്ന പോത്തിലൂടെ ആണ്… അത് നിലനിർത്താൻ അയാൾക്ക് പോത്തിനെ കീഴ്പെടുത്തിയെ പറ്റൂ. പിന്നെ അയാളുടെ മനസിലെ പക വീട്ടാനും.
ഒരിക്കൽ പോലും നേരിട്ട് പറയുന്നില്ലെങ്കിലും പോത്തിനെ കീഴ്പെടുത്തുന്നവന്റെ കൂടെ നിൽക്കാനാണ് സോഫി ഇഷ്ടപ്പെടുന്നത്. ആന്റണിയുടെ ചുംബനത്തിൽ കീഴ്പെട്ടു പോയവളല്ല സോഫി.. ആന്റണി പോത്തിനെ വീഴ്ത്തി എന്ന അറിവാണ് അയാളോടുള്ള അവളുടെ സമീപനം മാറ്റിയത്.. സോഫിക്ക് പോത്ത് കരുത്തിന്റെ പ്രതീകം ആണ്.
ആൾകൂട്ടം
_______________
സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ഷറപ്പോവയുടെ സോഷ്യൽ മീഡിയയിൽ കൂടി തെറി വിളിച്ച സംഭവം മുതൽ ആദിവാസി മധുവിന്റെ മരണം വരെ.. പശുവിന്റെ പേരിലെ അക്രമങ്ങൾ മുതൽ വലിയ വർഗീയ/ രാഷ്ട്രീയ കലാപങ്ങളിൽ വരെ എടുത്ത് പരിശോധിച്ചാൽ അതിന് കാരണം ആൾക്കൂട്ട മനോഭാവം ആണ് എന്ന് മനസിലാവും.ഒരാൾ ഒറ്റയ്ക്ക് ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത പ്രവർത്തികൾ അയാൾ ഒരു ആൾക്കൂട്ടത്തിന്റെ ഭാഗം ആകുമ്പോൾ വളരെ കൂൾ ആയിട്ട് ചെയ്യും.. ഒരു പോത്തിനെ കീഴ്പെടുത്തുക മാത്രമല്ല ഇതിലെ ആൾകൂട്ടം ചെയ്യുന്നത്.
ആൾകൂട്ടം എന്ന് പറയുമ്പോൾ അതിൽ കേവലം ഒരു കുറ്റി പുട്ടിന്റെ പേരിൽ കെട്ടിയവളെ തല്ലുന്ന നാട്ടു പ്രമാണി ഉണ്ട്.. ആളില്ലാത്ത കടയിൽ നിന്നു ലെയ്സ് പാക്കറ്റ് പൊട്ടിച്ചു തിന്നുന്നവൻ ഉണ്ട്.. പോത്ത് തകർത്ത ചായക്കടയിൽ നിന്ന് ബോണ്ട ഓസുന്നവൻ ഉണ്ട്.. ആന്റണി ഉണ്ട്.. കുട്ടച്ചൻ ഉണ്ട്.. അങ്ങനെ പലരും ഉണ്ട്.
നാട്ടിലെ താരം ആയിരുന്ന കുട്ടച്ചനെ ചന്ദന കടത്തിന്റെ പേരിൽ കയ്യേറ്റം ചെയ്തതിനു പിന്നിൽ ഒരു ആൾകൂട്ടം ആയിരുന്നു. കോഴിയെ വാങ്ങാൻ ഇറങ്ങിത്തിരിച്ച ഒരുവനെ ഒരു വ്യഭിചാരി ആക്കി അപമാനിക്കുന്നതും ഒരു ആൾ കൂട്ടമാണ്.അതേ പോലുരു ആൾകൂട്ടണമാണ് ഒരു പാവം മിണ്ടാപ്രാണിയെ ഇഞ്ചിഞ്ചായി കൊല്ലാനായി ഇറങ്ങി തിരിക്കുന്നവരും പോലീസ് ജീപ്പ് കത്തിക്കാൻ ധൈര്യം കാണിക്കുന്നതും എല്ലാം അങ്ങനെ ഒരു ആൾക്കൂട്ടമാണ്. മനുഷ്യന് മൃഗവുമായുള്ള അന്തരം കുറയുന്നതും അപ്പോഴാണ്.
ഇതൊക്കെയാണ് ആദ്യകാഴ്ചയിൽ എനിക്ക് തോന്നിയത്. ഇനിയും മനസ്സിലാക്കാതെ ഉള്ള ചില കാര്യങ്ങൾ ഉണ്ട്. ക്ലൈമാക്സിൽ മരിക്കാൻ കിടക്കുന്ന ആൾ പോത്തിനെ കാണുന്നത് ഉൾപ്പെടെ.
ഇതൊരു റിവ്യൂ അല്ലെങ്കിൽ കൂടെയും ഇതിലെ ചില പേരുകൾ പരാമർശിക്കാതെ അവസാനിപ്പിക്കാൻ പറ്റില്ല.കുട്ടിച്ചൻ ആയി മാറിയ സാബുമോൻ, ക്യാമറാ “സൂപ്പർ” മാൻ ഗിരീഷ് ഗംഗാധരൻ, ശബ്ദങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച സൗണ്ട് ഡിസൈനർ രംഗനാഥ് രവി, പിന്നെ എല്ലാത്തിനുമുപരി പോത്തിനെ അഴിച്ചു വിട്ട ലിജോ ജോസ് പല്ലിശ്ശേരി.
നല്ലൊരു തീയറ്ററിൽ കണ്ടതുകൊണ്ട് മികച്ച ഒരു അനുഭവം ആയിരുന്നു എനിക്ക് ലഭിച്ചത്.
പക്ഷെ തീർച്ചയായും, സിറ്റി ഓഫ് ഗോഡിനും, അമേനിനും, ഇ മ യോ യ്ക്കും താഴെ ആണ് എനിക്ക് ജെല്ലിക്കെട്ട്.