എനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ടപെട്ട സിനിമയും അതിന്റെ കാലിക പ്രസക്തിയെയും കുറിച്ച് ചിലതു പറയണം എന്നുണ്ട്.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് എനിക്ക് സിനിമ സംവിധായകൻ ആകണം എന്ന ആഗ്രഹം മൂക്കുന്നത്. അന്ന് മുതൽ ഒരു മൂന്നാലു കൊല്ലം മുൻപ് വരെ ഞാൻ ആര് ചോദിച്ചാലും പറയുമായിരുന്നു എനിക്ക് ഡയറക്ടർ ആകണം എന്ന്.. ഈ ആഗ്രഹം എനിക്ക് തോന്നാൻ 80% വരെ കാരണമായത് ഈ സിനിമയാണ്.. കാലാപാനി.
മോഹൻ ലാൽ എന്ന നടനോട് ഉള്ള ഇഷ്ടം കൊണ്ട് വീട്ടിൽ വാശിപിടിച്ചു കരഞ്ഞു വഴക്കുണ്ടാക്കി പോയതാണ് ഈ സിനിമക്ക്. അന്ന് വരെ ഞാൻ കണ്ടിരുന്ന സിനിമ കാഴ്ചകളുടെ ഒക്കെ വളരെ വളരെ മുകളിലായിരുന്നു ഈ ചിത്രം. ഇന്നും ഈ സിനിമകാണുമ്പോൾ എനിക്ക് തോന്നുന്നത് മലയാളത്തിൽ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഇത് വരെ നിർമിച്ചിരിക്കുന്ന ഏറ്റവും മികച്ച ചിത്രം ഇത് തന്നെ ആണ് എന്നാണ്.
പ്രിയദർശൻ – സന്തോഷ് ശിവൻ – സാബു സിറിൽ മൂന്ന് പേരും ചേർന്ന് യഥാർത്ഥ സെല്ലുലാർ ജയിൽ തിരശീലയിൽ പുനഃസൃഷ്ടിച്ചു. 1996 ൽ ഈ ബഡ്ജറ്റിൽ ( 5 കോടി ആണെന്ന് ആണ് എന്റെ അറിവ് ) ഇത്രെയും വലിയ ഒരു ചിത്രം സംവിധാനം ചെയ്ത പ്രിയദർശന്റെ മുന്നിൽ ഇന്ന് നമ്മൾ കൊട്ടിഘോഷിക്കുന്ന രാജമൗലിയും ശങ്കർ ഉം ഒക്കെ വെറും കുട്ടികളാണ് എന്നത് ഒരു വാസ്തവം ആണ്. കാരണം വലിയ ബജറ്റ് കൊണ്ട് കാഴ്ചയുടെ വിസ്മയം തീർത്തു നമ്മളെ വെറുതെ ഭ്രമിപ്പിക്കുക മാത്രമല്ല കാലാപാനിയിലൂടെ പ്രിയൻ ചെയ്തത്.. ആ സാങ്കേതിക മികവ് എല്ലാം മാറ്റിവച്ചു നോക്കിയാലും ആ ചിത്രം നൽകിയ ഇമോഷൻസ് ഇപ്പഴും താരതമ്യം ചെയ്യാൻ പറ്റാത്തതാണ്.. ഇന്നും ഈ ചിത്രം കാണുമ്പോൾ മനസ്സിൽ ഒരു നീറൽ അനുഭവിക്കാറുണ്ട്.
സാമ്പത്തികമായി വിജയിക്കാനുള്ള സാദ്ധ്യത കുറവായിട്ടും ഇങ്ങനെ ഒരു ചിത്രം നിർമിച്ച ലാലേട്ടനു നന്ദി. അന്നത്തെ ജൂറിയുടെ കഴിവുകേടു കാരണം ആ വർഷം ലാലേട്ടനെ കിട്ടാതെ നമ്മുടെ ഭരത് അവാർഡിനു വിഷമിക്കേണ്ടി വന്നു.
ഈ ചിത്രത്തിന്റെ ഇന്നത്തെ പ്രസക്തിയും ഇവിടെ പറയേണ്ടതായി ഉണ്ട്. സ്വാതന്ത്ര്യ സമരം അടിസ്ഥാനപ്പെടുത്തി ഒരു പാട് ചിത്രങ്ങൾ ഇന്ത്യയിൽ പലഭാഷകളിൽ ഇറങ്ങിയിട്ടുണ്ട്.. പക്ഷെ അതൊക്കെ ഗാന്ധിജിയെയോ, സുബാഷ് ചന്ദ്ര ബോസിനെയോ , ഭഗത് സിങ്ങിനേയോ ചന്ദ്രശേഖർ ആസാദിനെയോ പോലെയുള്ള എല്ലാവരും അറിയുന്ന നമ്മുടെ നേതാക്കളെ കേന്ദ്രകഥാപാത്രമാക്കിയുള്ളതായിരുന്നു. എന്നാൽ നമ്മളറിയുന്നവർ മാത്രമല്ല നമുക്കൊന്നും പേര് അറിയാത്ത ഒരുപാടു ഗോവർദ്ധന്മാരുടെയും മുകുന്ദ് അയ്യർ മാരുടെയും ഒക്കെ വേദനയുടെയും ത്യാഗത്തിന്റെയും ജീവന്റെയും കൂടി വിലയാണ് നമ്മൾ ഇന്ന് ഈ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്ന ഒരു ഓർമപ്പെടുത്തൽ കൂടെയാണ് ഈ ചിത്രം. അത് തന്നെ ആണ് ഇതിന്റെ പ്രസക്തിയും.
ഇന്ന് നമ്മൾ ഓരോ ഭാരതീയരും സ്വയം ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.. അവരുടെ ആ ത്യാഗങ്ങളും വേദനകളും കൊണ്ട് നാം നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ന് നാം ശരിയായി ആണോ ഉപയോഗിക്കുന്നത്. അതോ നമ്മൾ ദുരുപയോഗം ചെയ്യുകയാണോ? അവർ നേടിത്തന്ന സ്വാതന്ത്യം കൊണ്ട് അവരെ തന്നെ നാം പലരീതിയിൽ പരിഹസിക്കുന്നു.. സ്വന്തം രാഷ്ട്ര പിതാവിനെ വരെ സോഷ്യൽ മീഡിയയിലൂടെ വിമര്ശിക്കുന്നവരും പരിഹസിക്കന്നവരും നമുക്കിടയിൽ ഉണ്ട്..
ശത്രു രാജ്യത്തിന് ജയ് വിളിക്കാനും .. നമ്മുടെ രാജ്യം കാത്തു സൂക്ഷിക്കാൻ സ്വന്തം ജീവൻ വരെ പണയപ്പെടുത്തുന്ന ജവാൻമാരെ വിമർശിക്കാനും ആ സ്വാതന്ത്ര്യത്തെ നാം ഉപയോഗിക്കുന്നു. പേരറിയാത്ത ഒരുപാടു ദേശസ്നേഹികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ആത്മാക്കൾ ഒരു പക്ഷെ ഇതൊക്കെ കണ്ടു വിഷമിക്കുന്നുണ്ടാവാം.
ഇത് ഞാൻ ഇന്ന് നമ്മുടെ സ്വതന്ത്ര്യ ദിനത്തിൽ ഇവിടെ പോസ്റ്റ് ചെയ്യുന്നതിനെ സീസണൽ ദേശസ്നേഹം എന്ന് പരിഹസിക്കാൻ പോകുന്ന കൂട്ടുകാരും ഉണ്ട് എന്നറിയാം.. പക്ഷെ എന്റെ അഭിപ്രായത്തിൽ നമുക്കൊക്കെ ചുരുങ്ങിയത് സീസണൽ ദേശസ്നേഹം എങ്കിലും വേണം…ചുരുങ്ങിയത് ഈ ഒരു ദിവസമെങ്കിലും നമ്മൾ ദേശസ്നേഹികൾ ആകുകയും ഇതിനെക്കുറിച്ചൊക്കെ ഒന്ന് ചിന്തിക്കുകയും ചെയ്യണം.അല്ലെങ്കിൽ നമുക്ക് വേണ്ടി .. നമ്മുടെ രാജ്യത്തിന് വേണ്ടി സ്വന്തം ജീവനും ജീവിതവും ബലികഴിച്ച ഒരു പാട് പേരറിയാത്ത ത്യാഗികളോട് ചെയ്യുന്ന പൊറുക്കാനാവാത്ത ക്രൂരതയാവും..
വന്ദേ മാതരം…
ശ്രീറാം എസ്
#sreeramezhuthu