“അതിനിപ്പോൾ എന്താ കുട്ടൻ കൂട്ട് വരുമല്ലോ.. അവൻ ഇപ്പം വലിയ കുട്ടിയായില്ലേ ? 2 മാസം കൂടി കഴിഞ്ഞാൽ അവൻ കോളേജിൽ പോയി തുടങ്ങും . കുട്ടൻ ബാക്കിയുള്ള കുട്ടികളെ പോലൊന്നും അല്ല നല്ല ധൈര്യ ശാലി ആണ് .. അവനു പേടിയൊന്നും കാണില്ല ..”
അമ്മ ഇത് എന്നെ ചുമ്മാ പൊക്കിയടിക്കുകയാണെന്നു ബാക്കി ഉള്ളവരൊക്കെ കരുതിയപ്പോൾ ഇതാണോ വല്യ ഇല്ലാത്ത കാര്യം… ഇതൊക്കെ സത്യം തന്നെ അല്ലെ എന്ന ഭാവം ആയിരുന്നു എനിക്ക്.
പത്താം ക്ലാസ്സിന്റെ വലിയ അവധിക്കു ചുമ്മാ അമ്മായിയുടെ തറവാട്ടിൽ വിസിറ്റിനു പോയതാണ് ഞങ്ങൾ. അപ്പോഴാണ് ചെറിയൊരു ഡ്യൂട്ടി എനിക്ക് കിട്ടുന്നത് . തറവാട്ടിലെ മുത്തശ്ശിക്ക് അതിനടുത്തുള്ള അമ്പലത്തിൽ രാവിലെ നിർമാല്യം തൊഴാൻ കൂട്ട് പോണം.. ഒരു നാട്ടു പ്രദേശം ആണ് അത് …രാവിലെ 3 മണിക്ക് പോകേണ്ടത് കൊണ്ട് വണ്ടിയൊന്നും കിട്ടില്ല..കാവിനു പുറകിലൂടെ ഉള്ള വഴി യെ പോയാൽ പെട്ടന്ന് എത്തും.. നല്ല കൂരിരുട്ടായിരിക്കും.. പത്തിരുപതു മിനിറ്റ് നടക്കേണ്ടി വരും . അത് കൊണ്ടാണ് ധൈര്യശാലിയായ എന്റെ പേര് തന്നെ ‘അമ്മ ഈ ഉദ്യമത്തിനായി മുന്നോട്ടു വച്ചത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു കോളജിലേക്ക് പ്രീഡിഗ്രി ക്കു പോകാൻ തയ്യാറായി നിൽക്കുന്ന ഒരു പതിനഞ്ചുകാരനു കിട്ടുന്ന ഏറ്റവും ആകർഷണീയമായ ടാഗുകളാണ് ‘അമ്മ പറഞ്ഞ “വലിയ കുട്ടി” , “ധൈര്യശാലി” എന്നിവ … ഞാൻ അതിൽ വീണു..രണ്ടു കയ്യും നീട്ടി ആ ജോലി സ്വീകരിച്ചു ..
ഈ മുത്തശ്ശി എന്ന കഥാപാത്രം ആള് വലിയൊരു കഥപറച്ചിലുകാരി ആണ്..ഞാനാണെങ്കിൽ മണിച്ചിത്രത്താഴിലെ ഗംഗയെ പോലെ കഥകൾ കേൾക്കാൻ ഇഷ്ടമുള്ള കുട്ടിയും . മുത്തശ്ശിക്കാണെങ്കിൽ അന്നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാ യക്ഷികളെയും, ഗന്ധർവ്വൻമാരെയും , ചാത്തന്മാരെയും എല്ലാം അറിയാം.. മുത്തശ്ശിയുടെ കുട്ടിക്കാലത്തു തറവാട്ടിൽ ഉണ്ടായിരുന്ന കാരണവന്മാരൊക്കെ വലിയ മാന്ത്രികൻ മാരായിരുന്നത് കൊണ്ട് ഈ വക ഐറ്റംസെല്ലാം ഒരിക്കലെങ്കിലും തറവാട്ടിൽ വന്നു പോയിട്ടുണ്ട് . അങ്ങനെയാണ് ഇവരെ ഒക്കെ പരിചയം എന്നാണ് മുത്തശ്ശി സ്വയം അവകാശപെടുന്നത്. അതുകൊണ്ടു ആ പത്തിരുപതു മിനിറ്റ് കഥകേൾക്കാമല്ലോ എന്ന ഒരു സ്വാര്ഥതാല്പര്യവും എനിക്കുണ്ടായിരുന്നു .
പിറ്റേ ദിവസം അതിരാവിലെ 3 മണിക്ക് തന്നെ ഞാനും മുത്തശ്ശിയും വീട്ടിൽ നിന്ന് ഇറങ്ങി… നല്ല കൂറ്റാക്കൂരിരുട്ട്.. കാവിനു പുറകിലെ വഴിയിൽ എത്തിയപ്പോൾ നല്ല പാലപ്പൂവിന്റെ മണം ഉണ്ടായിരുന്നു.
” അതെന്താ മുത്തശ്ശി ഈ അപ്പുവും കിച്ചുവും ഒന്നും മുത്തശ്ശിക്ക് കൂട്ട് വരാത്തത് ? അവർക്കൊക്കെ ഇപ്പോഴും ഇരുട്ട് പേടിയാണോ ” ഒരിത്തിരി പരിഹാസത്തോടു കൂടി ഞാൻ ചോദിച്ചു .
” അവർക്കൊക്കെ ഇവിടുത്തെ കൊച്ചുതിരുമേനിയെ പേടിയാ.. അതാ അവർ വരാത്തത്. അല്ല .. അവർക്കെന്നല്ല.. പണ്ടൊക്കെ ഈ വഴിലൂടെ സന്ധ്യ കഴിഞ്ഞു നടക്കാൻ മുതിർന്നവർക്ക് വരെ പേടി ആയിരുന്നു .”
മുത്തശ്ശിയുടെ മറുപടിയിൽ ഒരു പന്തികേട് എനിക്ക് തോന്നി… ” ആരാ ഈ കൊച്ചു തിരുമേനി ? ” ഞാൻ വീണ്ടും ചോദിച്ചു .
” ആ അത് നിനക്ക് അറിയില്ലേ… അത് പണ്ട്.. എന്റെ കുട്ടിക്കാലത്തു നടന്ന ഒരു സംഭവമാണ് ..” മുത്തശ്ശി പതുക്കെ കഥയുടെ ഭാണ്ഡക്കെട്ട് അഴിക്കാൻ തുടങ്ങി..
കൊച്ചു തിരുമേനിയുടെ കഥ
___________________________
പണ്ട് ആ കാവിൽ ഒരു പൂജാരി ഉണ്ടായിരുന്നു. ആള് വലിയ ഗൗരവക്കാരൻ ആയിരുന്നു . നാട്ടുകാരെല്ലാം അദ്ദേഹത്തെ ഭയ ഭക്തി ബഹുമാനത്തോടെ ആണ് കണ്ടിരുന്നത്. അവിടെ അദ്ദേഹത്തെ സഹായിക്കാൻ അദ്ദേഹത്തിന്റെ മകനും വരുമായിരുന്നു. കൊച്ചു തിരുമേനി എന്നാണ് എല്ലാവരും മകനെ വിളിച്ചിരുന്നത് . കൊച്ചു തിരുമേനി ആള് നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരനായിരുന്നു. നല്ല പെരുമാറ്റവും . എല്ലാവര്ക്കും വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തോട്.
കാവിൽ സ്ഥിരമായി തൊഴാൻ വരുന്ന ഒരു കുട്ടിയുമായി ഈ കൊച്ചുതിരുമേനി ചെറിയൊരു ഇഷ്ടത്തിൽ ആയി.. അവളും ആള് സുന്ദരിയായിരുന്നു.. ഒരിക്കൽ അവൾ കൊച്ചു തിരുമേനിയോട് ഒരു ആഗ്രഹം പറഞ്ഞു …കാവിലെ ദേവിയുടെ തിരുവാഭരണത്തിലുള്ള ഒരു മാല അവൾക്കു അണിഞ്ഞു നോക്കണം എന്ന്. ആദ്യം എതിർത്ത് നോക്കിയെങ്കിലും അവളെ പിണക്കാൻ കൊച്ചു തിരുമേനിക്ക് ആയില്ല..
ഒരു ദിവസം നട അടച്ചു കഴിഞ്ഞപ്പോൾ ആരും അറിയാതെ കുളക്കടവിൽ വച്ച് കൊച്ചുതിരുമേനി ആഭരണം അവൾക്കു കൊടുത്തു.. ഇട്ടു നോക്കിയിട്ടു അടുത്ത ദിവസം തിരിച്ചു തരാം എന്ന് അവൾ പറഞ്ഞു .
പിറ്റേ ദിവസം കാവിൽ അവൾ വന്നില്ല .. കൊച്ചു തിരുമേനിക്ക് ആകെ പേടിയായി .. അച്ഛൻ തിരുമേനി ദീപാരാധനക്കു മുൻപ് ദേവിക്ക് ചാർത്താൻ മാല അന്വേഷിക്കും … അപ്പോൾ അവിടെ കണ്ടില്ലെങ്കിൽ ആകെ പ്രശ്നമാകും എന്ന് കൊച്ചു തിരുമേനിക്ക് മനസിലായി.. ഉടൻ തന്നെ എന്തോ നുണപറഞ്ഞു കൊച്ചുതിരുമേനി അവിടുന്ന് അവളുടെ വീട് അന്വേഷിച്ചു ചെന്നു. അപ്പോഴാണ് അവൾ വീടൊഴിഞ്ഞു പോയി എന്ന് തിരുമേനിക്ക് മനസിലായത്
പെൺകുട്ടി തന്നെ വഞ്ചിച്ചതാണെന്നു മനസിലായ തിരുമേനി കുറ്റബോധവും പേടിയും സങ്കടവും കൊണ്ട് വല്ലാത്ത ഒരു അവസ്ഥയിൽ ആയി… ദേവിയുടെ തിരുവാഭരണം ആണ് താൻ മോഷ്ടിച്ചത്… തിരുമേനി ഒടുവിൽ അമ്പലക്കുളത്തിൽ ചാടി ആത്മഹത്യാ ചെയ്തു..
എങ്കിലും കൊച്ചു തിരുമേനിയുടെ ആത്മാവ് ശാന്തി കിട്ടാതെ ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്.. പലരും അസമയത് ഇവിടെ തിരുമേനിയെ കണ്ടിട്ടുണ്ട്… ചിലർക്ക് പേടിച്ചു പനി പിടിച്ചു .. ചിലർക്ക് പ്രാന്ത് പിടിച്ചു… അതിൽ പിന്നെ ആരും അസമയത്ത് ഈ വഴി വരാതെ ആയി… തിരുമേനി പേടിപ്പിക്കുമത്രേ …
പിന്നീട് തിരുവാഭരണം കൊണ്ടുപോയ പെൺകുട്ടിക്കു പ്രാന്ത് പിടിച്ചു എന്നാണ് കേട്ടറിവ് . അതിനുശേഷം അവളും ആത്മഹത്യ ചെയ്തത്രേ . അവളുടെ വീട്ടുക്കാർ അതിനു ശേഷം ആഭരണം കാവിൽ തിരികെ ഏൽപ്പിച്ചു എന്തൊക്കയോ പ്രായശ്ചിത്തം ഒക്കെ ചെയ്തപ്പോൾ ആണ് ആത്മാവിന്റെ ശല്യം ചെറുതായി ഒന്ന് കുറഞ്ഞത് . എന്നാലും ഇപ്പോഴും കൊച്ചുതിരുമേനിയുടെ ആത്മാവ് ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നേണ്ടന്നാണ് പലരും പറയണത്
………………………………………………………………………………………………..
കഥ പറഞ്ഞു അവസാനിച്ചപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി … കാവിന്റെ മതിലിനു മുകളിൽ ഒരു ചെറുപ്പക്കാരൻ ഇരുന്നു കരയുന്നുണ്ടായിരുന്നു .
……………………………….
ഞാൻ ആള് നല്ല ധൈര്യശാലി ആണല്ലോ.. അത് കൊണ്ട് വീട്ടിൽ തിരിച്ചെത്തിയ ഉടനെ എന്റെ സകല ധൈര്യവും സംഭരിച്ചു കണ്ണും പൂട്ടി ഒരു പ്രസ്താവന ഞാൻ അങ്ങോട്ടിറക്കി
” നാളെ മുതൽ മുത്തശ്ശിക്ക് കൂട്ട് പോകാൻ വേറെ ആളെ അന്വേഷിച്ചോളണം ”
ശ്രീറാം. എസ്