മാതൃദിനം

“രാവിലെ തന്നെ ഭയങ്കര തിരക്കിൽ ആണല്ലോ എന്താണ് പരിപാടി?”

” മദേഴ്‌സ് ഡേ അല്ലേ… ഫേസ്ബുക്കിൽ ഇടാൻ നല്ലൊരു സ്റ്റാറ്റസ് തപ്പിക്കൊണ്ടിരിക്കുകയാണ്..”

“മദേഴ്‌സ് ഡെയ്‌യോ… അതെന്തു ഡേ ആണ്??”

” അതറിയില്ലേ. . ഇന്നാണ് അമ്മമാർക്കുള്ള ദിനം.. ”

“ഓഹോ… അത് ശരി… അങ്ങിനെ ഒക്കെ ഒരു ദിനം ഉണ്ടല്ലേ.. ആട്ടെ എന്തൊക്കെയാണ് ഇന്നത്തെ ആചാര അനുഷ്ഠാനങ്ങൾ”

” അതൊക്കെ ഒരുപാട് ഉണ്ട്… ഈ മദേഴ്‌സ് ഡേ വിഷ് ചെയ്തോണ്ടുള്ള ഗ്രീറ്റിംഗ് കാർഡ് ഒക്കെ കിട്ടും.. നല്ലൊരു ഗ്രീറ്റിംഗ് കാർഡും.. പിന്നെ എന്തെങ്കിലും ചെറിയ ഗിഫ്റ്റ് ഒക്കെ വാങ്ങി അമ്മക്ക് സർപ്രൈസ്‌ ആയിട്ട് രാവിലെ തന്നെ കൊടുക്കാം… പിന്നെ ഒരു ഹാപ്പി മദേഴ്‌സ് ഡേ ‘അമ്മ എന്നൊക്കെ പറഞ്ഞു അമ്മയെ സന്തോഷിപ്പിക്കാം…

പിന്നെ പ്രധാനമായിട്ടും ചെയ്യണ്ട മറ്റൊരു കാര്യം ഫേസ്ബുക്കിൽ ഒരു സ്റ്റാറ്റസ് ഇടണം.. യു ഏറെ ദ ബെസ്റ്റ് മമ്മ ഇൻ ദി വേൾഡ്… ഐ ലവ് യു മമ്മ .. ഉമ്മാ …. എന്നൊക്കെ നല്ല സ്റ്റൈൽ ആയിട്ട്… പറ്റിയാൽ ഒരു ഫോട്ടോയും ഇടാം.. ഗൂഗിളിൽ സേർച്ച് ചെയ്താൽ അമ്മയെ വിഷ് ചെയ്യാനുള്ള അടിപൊളി ഇംഗ്ലീഷ് വാചകങ്ങൾ ഒക്കെ കിട്ടും .. അതൊക്കെ വച്ച് ഒരു കലക്കൻ സ്റ്റാറ്റസ് അങ്ങോട്ടിടണം..”

” കൊള്ളാലോ പരിപാടികൾ.. അപ്പം നിന്റെ ‘അമ്മ ഫേസ്ബുക്കിൽ ഒക്കെ ആക്റ്റീവ് ആണോ??”

” എന്റെ അമ്മയോ… ?? എന്റെ ‘അമ്മ ഫേസ്ബുക്കിൽ ഉണ്ടോ ?? ഞാൻ ശ്രദ്ധിച്ചിട്ടില്ല… ഇല്ല… ‘അമ്മ ഫേസ്ബുക്കിൽ ഇല്ലെങ്കിലും സാരമില്ല… ബാക്കി നാട്ടുകാരൊക്കെ സ്റ്റാറ്റസ് കാണുമല്ലോ… അല്ലാ … നീ ഇതൊന്നും ചെയ്യാറില്ലേ”

” ഇല്ല ഞാൻ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല ഇതുവരെ..”

” ശെയ്… മോശം..മോശം… നിനക്ക് നിന്റെ അമ്മയോട് ഒരു സ്നേഹം ഇല്ലല്ലോടാ.. നിനക്കും അമ്മയെ സന്തോഷിപ്പിക്കാൻ ഇങ്ങനെ ഒക്കെ ചെയ്തൂടെ..?”

“ഇങ്ങനെ ഒക്കെ ചെയ്താൽ അമ്മക്ക് സന്തോഷം ആവുമോ? എനിക്കറിയില്ല..”

“പിന്നെ നീ എന്താണ് ചെയ്യുന്നത്..??”

” ഞാൻ അങ്ങനെ സന്തോഷിപ്പിക്കാനായിട്ടു ഒന്നും ചെയ്യാറില്ല… പിന്നെ ചിലപ്പോൾ ഒക്കെ ഞാൻ അമ്മക്ക് അടുക്കളയിൽ കയറി ഒരു ചായ ഇട്ടു കൊടുക്കുകയോ… അല്ലെങ്കിൽ രണ്ടു ദോശ ചുട്ടു കൊടുക്കുകയോ ഒക്കെ ചെയ്യും .. അപ്പോൾ ചിലപ്പോൾ അമ്മക്ക് ചെറിയസന്തോഷം തോന്നുന്നതായി തോന്നിയിട്ടുണ്ട്.. അല്ലെങ്കിൽ ചുമ്മാ അമ്മയുടെ അടുത്ത് പോയിരുന്നു പരസ്പരത്തിലെ ദീപ്തി IPS നു സുഖമാണോ.. ?? ചന്ദനമഴയിലെ അമൃതയുടെ കുഞ്ഞിന്റെ പനി മാറിയൊന്നൊക്കെ ചോദിച്ചു കളിയാക്കും .. അപ്പൊഴും അമ്മക്ക് അതൊക്കെ ഇഷ്ടപ്പെടുന്നതായിട്ടു തോന്നിയിട്ടുണ്ട്.. ‘അമ്മ അധികം ആരോടും അങ്ങനെ സംസാരിക്കാറില്ല .. പക്ഷെ എന്നോട് ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കാൻ വലിയ ഇഷ്ടമാണെന്നു അറിയാവുന്നതു കൊണ്ട് ഞാൻ അമ്മയോട് കുറേ സംസാരിക്കും.. രാഷ്ട്രീയവും … ആത്മീയതയും.. സിനിമയും… അപ്പുറത്തെ വീട്ടിലെ ചേട്ടനെയും ചേച്ചിയെയും പറ്റിയും .. മോഹൻലാലിനെ പറ്റിയും … എ. ആർ റഹ്മാനെ പറ്റിയും .. എം.ടി യെ പറ്റിയും ഒക്കെ..

പിന്നെ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്കിഷ്ടമുള്ള പാട്ടു കേൾപ്പിക്കും.. സിനിമ കാണാൻ കൊണ്ടുപോകും… ഗിഫ്റ് ഒന്നും അങ്ങനെ വാങ്ങി കൊടുക്കില്ലെങ്കിലും..ഞാൻ എപ്പോൾ പുറത്തു ഷോപ്പിങ്ങിനും മറ്റും പോകുമ്പോൾ അമ്മയെയും കൂടെ കൊണ്ട് പോയി അമ്മക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചു വാങ്ങി കൊടുക്കാൻ ശ്രമിക്കാറുണ്ട്..

പിന്നെ എന്റെ കൂടെ കാറിന്റെ മുൻസീറ്റിൽ ഇരുത്തി ഡ്രൈവിന് പോകും.. എന്നിട്ടു ദുബായിലെ ട്രാഫിക് നിയമങ്ങളെ പറ്റി ഒക്കെ ഓരോരോ ഊളത്തരങ്ങൾ പറഞ്ഞു വെറുപ്പിക്കും…

ചിലപ്പോൾ വഴക്കിടും … ചിലപ്പോൾ പിണങ്ങും.. കരയിച്ചിട്ടും ഉണ്ട്… അത് കഴിഞ്ഞു എന്തെങ്കിലും മണ്ടത്തരം ഒക്കെ പറഞ്ഞു ചിരിപ്പിച്ചു കൊണ്ട് പോയി കൊഞ്ചും.. അപ്പോഴൊക്കെ അമ്മക്ക് നല്ല സന്തോഷം തോന്നാറുണ്ട്… അല്ലാതെ ഒരു പ്രത്യേക ദിവസം അമ്മയെ സന്തോഷിപ്പിക്കാനായിട്ടു ഒന്നും ചെയ്യാറില്ല…”

“അയ്യേ … ഇങ്ങനെ ഒക്കെ ആണോ നീ ചെയ്യുന്നത്… ആ … അത് പോട്ടെ… നീ എനിക്ക് എന്നാൽ ഫേസ്ബുക്കിൽ എഴുതാൻ ഒരു നല്ല സ്റ്റാറ്റസ് മലയാളത്തിൽ പറഞ്ഞു താ… ഈ പണി അങ്ങ് തീർക്കട്ടെ…”

എന്നാൽ പിന്നെ ഇങ്ങനെ അങ്ങോട്ട് എഴുതിക്കോ…

” ലോകത്തിൽ ഉള്ള എല്ലാ അമ്മമാർക്കും… എല്ലാ അമ്മമാർക്കും എന്ന് പറയുമ്പോൾ.. എന്റെ അമ്മയ്ക്കും… എന്റെ പങ്കാളിയുടെ അമ്മയ്ക്കും.. എന്റെ കുഞ്ഞിന്റെ അമ്മയ്ക്കും … വിദേശത്തുള്ള മക്കളെ വർഷത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കാറുള്ള അമ്മമാർക്കും .. മക്കൾ കൂടെ ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രം അവരെ കാണാനും മിണ്ടാനും സാധിക്കാറുള്ള ‘അമ്മ മാർക്കും .. മക്കളെ നഷ്ടപെട്ട അമ്മമാർക്കും , നിർഭാഗ്യം കൊണ്ട് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ സാധിക്കാതെ തന്നെ മനസുകൊണ്ട് ആരുടെയെങ്കിലും ഒക്കെ അമ്മയാകാൻ സാധിച്ച അമ്മമാർക്കും.. വൃദ്ധസദനങ്ങളിൽ മക്കളുടെ നന്മക്കായി മാത്രം സ്ഥിരമായി പ്രാത്ഥിച്ചു കൊണ്ട് ജീവിക്കുന്ന അമ്മമാർക്കും … പിന്നെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് മാത്റം ഫേസ്ബുക്കിലൂടെ ഒരുപാടു സ്നേഹം കിട്ടാൻ പോകുന്ന അമ്മമാർക്കും… അങ്ങിനെ …അങ്ങിനെ.. എല്ലാ അമ്മമാർക്കും എന്റെ ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ ”

ശ്രീറാം എസ്.

#sreeramezhuthu

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s