“ഡാ പൊട്ടാ മനുഷ്യരായാൽ കുറച്ചു ജനറൽ നോളഡ്ജ് ഒക്കെ വേണം… അല്ലാതെ ചുമ്മാ നിന്നെ പോലെ .. പത്രവും വായിക്കില്ല.. ന്യൂസും കാണില്ല … ഒന്നുമില്ല..”
കൊട്ടയെ ഞങ്ങൾ കൂട്ടുകാരെല്ലാം വളഞ്ഞു നിന്ന് കളിയാക്കുകയായിരുന്നു.. കൊട്ട എന്നുള്ളത് അവന്റെ കളിയാക്കി പേരാണ്.. ശരിക്കുള്ള പേര് സന്തോഷ് കുമാർ എന്നോ മറ്റോ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്… ആർക്കും അതിനെക്കുറിച്ച് വലിയ പിടി ഇല്ല.. എല്ലാരും അവനെ കൊട്ട എന്നാണ് വിളിക്കുന്നത്.. ക്രിക്കറ്റ് കളിക്കുമ്പോൾ സ്ഥിരമായിട്ടു മിസ് ഫീൽഡ് ചെയ്യുന്നവരെ ഞങ്ങളുടെ ആ ഭാഗത്തു വിളിക്കുന്ന പേരാണ് കൊട്ട.. അങ്ങനെ കൊട്ടക്ക് പണ്ടെപ്പഴോ വീണ പേരാണ് ഇത്.
കൊട്ടയെ കളിയാക്കാൻ എന്നും എന്തെങ്കിലും പുതിയ കാര്യങ്ങൾ കിട്ടാറുണ്ട്..ഇന്നത്തെ വിഷയം കൊട്ടയുടെ പൊതു വിജ്ഞാനം ആണ്..
കൊട്ടക്ക് ഇന്ത്യയുടെ രാഷ്ട്രപതി ആരാണെന്നു പോലും വലിയ പിടുത്തം ഇല്ല.. ഒരിക്കൽ അർണോൾഡ് ഷ്വാസ്നെഗർ നെ പറ്റി എന്തോ ചോദിച്ചപ്പോൾ.. ഫുട്ബോൾ കളിയിൽ തനിക്കു വലിയ താത്പര്യം ഒന്നും ഇല്ല എന്നാണ് കൊട്ട പറഞ്ഞത്..
അർണോൾഡ് ഷ്വാസ്നെഗർ ഒരു മനുഷ്യനാണെന്ന് കൊട്ടക്ക് അറിയാവുന്നതു തന്നെ വലിയ കാര്യം എന്നാണ് കൊട്ടയുടെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞത്.. പണ്ട് ബ്രാഡ് പിറ്റിനെ പറ്റി കൊട്ട പറഞ്ഞത്.. അത് ദുബായിൽ ഒക്കെ കിട്ടുന്ന ഒരു വില കൂടിയ കാർ ആണെന്നാണ്.. ( കൊട്ടക്ക് എല്ലാ വിദേശരാജ്യങ്ങളും ഒന്നെങ്കിൽ ദുബായ് അല്ലെങ്കിൽ അമേരിക്ക ആണ്..).. അപ്പോൾ അതാണ് ഇന്നത്തെ വിഷയം… കൊട്ടയുടെ ഈ വക പൊതു വിജ്ഞാനം
കളിയാക്കൽ കൂടിയപ്പോൾ കൊട്ട പറഞ്ഞു “എനിക്ക് ആവിശ്യത്തിന് ഉള്ള പൊതു വിജ്ഞാനം ഒക്കെ ഉണ്ട്… ഒരു മനുഷ്യന് ജീവിക്കാൻ വേണ്ടത് പൊതു വിജ്ഞാനം അല്ല .. കോമൺ സെൻസ് ആണ്.. അതും എനിക്ക് ഉണ്ട്..”
അപ്പോൾ പ്രകാശ് അവനോടു ചോദിച്ചു ” എന്നാൽ പറ എന്താണ് ഈ അയോദ്ധ്യ – ബാബറി മസ്ജിദ് പ്രശ്നം? ”
” അത് പിന്നെ ഈ ഹിന്ദുക്കളും മുസ്ലിങ്ങളും ഏതോ അമ്പലവും പള്ളിയുമൊക്കെ പണിയണം എന്നൊക്കെ പറഞ്ഞു എന്തോ വലിയ വഴക്കു കൂടിയ സംഭവം ഒക്കെ അല്ലെ?? അതൊക്കെ എനിക്കറിയാം ” കൊട്ട പറഞ്ഞു ..
“അതൊക്കെ അറിയാവുന്ന സ്ഥിതിക്ക് നീ നിന്റെ കോമൺ സെൻസ് ഉപയോഗിച്ച് പറയ് ഹിന്ദുക്കൾ പറയുന്നതാണോ മുസ്ലിംങ്ങൾ പറയുന്നതാണോ ശരി. .. ആരുടെ ഭാഗത്തതാണ് ന്യായം..”പ്രകാശ് വീണ്ടും ഒരു ചോദ്യം ഇട്ടു കൊടുത്തു..
കൊട്ട പറഞ്ഞു..
” അതിപ്പോൾ 2 കൂട്ടര് പറയുന്നതിലും ചില അടിസ്ഥാന പരമായ പ്രശ്നങ്ങൾ ഉണ്ട്…അതായത് അവർ ഈ പള്ളിയും അമ്പലവും ഒക്കെ പണിയുന്നത് ദൈവത്തിന് വേണ്ടി ആണല്ലോ.. പക്ഷെ ദൈവത്തിന് ഈ പള്ളികളോടും അമ്പലങ്ങളോടും ഒക്കെ അത്ര ഭയകരമായ ഒരു ഇഷ്ടം ഉണ്ടെന്നു തോന്നുന്നില്ല..
ഈ ഭൂമി ഉണ്ടാക്കിയത് ആരാ … ദൈവം.. ഭൂമി മാത്രം അല്ല .. നമ്മൾ ക്രിക്കറ്റ് കളിക്കുന്ന ഈ പറമ്പ് , ഈ ചെടികൾ, ആ നിലയ്ക്കുന്ന പ്ലാവ് , പിന്നെ പക്ഷികൾ , മൃഗങ്ങൾ , പുഴകൾ, കടലുകൾ , കടപ്പുറങ്ങൾ , കുളങ്ങൾ, മലകൾ, പിന്നെ നമ്മുടെ ഈ അമേരിക്ക , ദുബായ്, പിന്നെ കാക്ക , പൂച്ച, പല്ലി, മണ്ണിര തുടങ്ങി നമ്മൾ സ്റ്റമ്പ് ആയിട്ട് ഉപയോഗിക്കുന്ന ഈ കല്ല് വരെ ഉണ്ടാക്കിയത് ദൈവം അല്ലെ..ആ ദൈവത്തിന് പള്ളിയും അമ്പലവും ഒക്കെ ഒരുപാടു വേണം എന്നുണ്ടായിരുന്നെങ്കിൽ ഓരോ പഞ്ചായത്തിലും രണ്ടോ മൂന്നോ വച്ച് ഉണ്ടാക്കി കൂടായിരുന്നോ?? ചെയ്തില്ലല്ലോ..
അതാ ഞാൻ പറഞ്ഞത് ദൈവത്തിന് അതിനോടുന്നും വലിയ താത്പര്യം കാണാൻ വഴിയില്ല.. അപ്പോൾ നിങ്ങൾ ചോദിക്കും പിന്നെ ഞാൻ എന്തിനാണ് ദിവസവും അമ്പലത്തിൽ പോകുന്നത് എന്ന്.. അത് എനിക്ക് സമാധാനമായിട്ടു പ്രാർത്ഥിക്കാൻ വേണ്ടിയാണു… അല്ലാതെ ദൈവത്തിനു വേണ്ടി അല്ല.. ചുരുക്കി പറഞ്ഞാൽ സമാധാനമുള്ള സ്ഥലത്തെ അമ്പലവും പള്ളിയും ഒക്കെ കൊണ്ട് കാര്യമുള്ളൂ.. ”
കാര്യം കൊട്ടക്ക് വലിയ പൊതുവിജ്ഞാനം ഒന്നും ഇല്ലെങ്കിലും കോമൺ സെൻസ് ഉണ്ടെന്നു ഞങ്ങൾക്ക് തോന്നി… കൊട്ടയുടെ പ്രഭാഷണത്തിൽ നിന്നും 2 കാര്യങ്ങൾ മനസിലായി..
ഒന്ന് , മനുഷ്യൻ ആരാധനാലയങ്ങളിൽ പോകുന്നത് തന്നെ സമാധാനത്തിനു വേണ്ടി ആണ്…. അശാന്തി നില നിൽക്കുന്ന സ്ഥലത്തു എത്ര അമ്പലങ്ങളും പള്ളികളും ഉയർന്നു വന്നാലും ഒരു പ്രയോജനവും ഇല്ല.
രണ്ട്, അമ്പലങ്ങളെക്കാളും പള്ളികൾക്കാളും ദൈവത്തിന് കൂടുതൽ ഇഷ്ടം ദൈവം സൃഷ്ടിച്ച ഈ പ്രകൃതിയെ തന്നെ ആണ് .അപ്പോൾ നമ്മൾ ആദ്യം സംരക്ഷിക്കേണ്ടത് ഈ പ്രകൃതിയെ ആണ്.. അത്
ചെയ്തില്ലെങ്കിൽ ഇന്ന് അധികാരത്തിന്റെ പേരിലും മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും യുദ്ധം ചെയ്യുന്നവരുടെ വരും തലമുറയ്ക്ക് ശുദ്ധ ജലത്തിനായും പ്രാണ വായുവിനേയും യുദ്ധം ചെയ്യേണ്ട ഗതികേട് ഉണ്ടായേക്കാം…
ശ്രീറാം. എസ്
#sreeramezhuthu