സുന്ദരമായ എന്തിനോടും ഒരിഷ്ടം ആർക്കും തോന്നും .. ചിലപ്പോൾ അതൊരു പൂവ് കാണുമ്പോഴാവും … അല്ലെങ്കിൽ ഒരു നല്ല പെയിന്റിംഗ് കാണുമ്പോൾ ആയിരിക്കും.. ഒരു നല്ല പാട്ടു കേൾക്കുമ്പോൾ ആവും.. ചിലപ്പോൾ പ്രകൃതിയോടായിരിക്കും… ചിലപ്പോൾ ചില പെൺകുട്ടികളെ കാണുമ്പോഴും തോന്നും… അതാണ് പ്രണയം എന്ന് വിശ്വസിച്ചിരുന്നു ഞാൻ പണ്ട്.. അവളെ കാണുന്നതിന് മുൻപ് വരെ..
ഒരു ചെറിയ ചാറ്റമഴയുടെയോ… ഒരു ചെറുകാറ്റിന്റെയോ .. നല്ല സംഗീതത്തിന്റെയോ ഒന്നും ആംബിയൻസ് അവിടെ ഉണ്ടായിരുന്നില്ല… ഒരു പാട് പേര് തിങ്ങിനിറഞ്ഞ ചുറ്റും ബഹളം മാത്രം ഉള്ള ഒരു അന്തരീക്ഷത്തിൽ ആണ് ഞാൻ അവളെ ആദ്യം കണ്ടത്.. അവളെ കണ്ട നിമിഷം പക്ഷെ എനിക്ക് ചുറ്റുമുള്ള ലോകം മാറുന്നതായി തോന്നി… മേൽ പറഞ്ഞ ചെറിയ മഴയുടെയും കുളിർ കാറ്റിന്റെയും സുഖം ഞാൻ അനുഭവിച്ചു…എന്റെ മനസിന്റെ ഏതോ ഒരു കോണിൽ നിന്നും ഒരു മധുരമായ സംഗീതം കേട്ടു ഞാൻ… എനിക്കറിയില്ല.. ഈ ലോകത്തു പ്രണയിച്ചർക്കൊക്കെ ഇങ്ങനെ ഫീൽ ചെയ്തിട്ടുണ്ടോ എന്ന്.. പക്ഷെ എനിക്ക് ഇതാണ് തോന്നിയത്… പറഞ്ഞറിയിക്കാനാകാത്ത ഒരു ആനന്ദം..
ഒരാളെ കണ്ട ഉടനെ എങ്ങനെയാണു പ്രേമിക്കുന്നത് എന്ന് ചോദിക്കാം… പക്ഷെ ഒരാളെ കണ്ടു … പരിചയപെട്ടു..സ്വഭാവം മനസിലാക്കി… നല്ലതും ചീത്തയും മനസിലാക്കി.. പ്രേമിക്കുന്നതിനെ അറേൻജ്ഡ് മാര്യേജ് എന്നൊക്കെ പറയുന്ന പോലെ അറേൻജ്ഡ് പ്രണയം എന്നെ വിളിക്കാൻ പറ്റു… എന്റെ പ്രണയം അതല്ല… അവളാരാണെന്നോ എന്താണെന്നോ അറിയുന്നതിന് മുൻപ് തന്നെ ഞാൻ അനുഭവിച്ചു അവളോടുള്ള എന്റെ പ്രണയം..
എന്റെ മനസ്സിൽ അപ്പോൾ മറ്റൊന്നും ഇല്ലായിരുന്നു.. ഞാൻ ആരാണെന്നോ.. എവിടെയാണെന്നോ… അവൾ എന്നെ കുറിച്ച് എന്ത് ചിന്തിക്കുമെന്നോ.. എനിക്ക് ചുറ്റുമുള്ളവർ എന്നെ കുറിച്ച് എന്ത് ചിന്തിക്കുമെന്നോ ഞാൻ ആലോചിച്ചില്ല… എനിക്കവളുടെ സാമീപ്യം വേണമായിരുന്നു.. അവളോട് മിണ്ടിയില്ലെങ്കിൽ ശ്വാസം കിട്ടാതെ ഞാൻ മരിച്ചു പോകും എന്ന് തോന്നി… ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു… കാരണങ്ങൾ ഉണ്ടാക്കി സംസാരിച്ചു…
അടുത്ത അഞ്ചു പകലുകൾ …. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയി മാറി… അവളോട് ഞാൻ ഒരുപാട് സംസാരിച്ചു … അവൾ എന്നോട് പറഞ്ഞ ഓരോ വാക്കുകളും.. അവളുടെ ചിരിയും.. പരിഭവവും.. എല്ല്ലാം എന്റെ മനസ്സിനെ സന്തോഷിപ്പിച്ചു… ഒരിക്കലും അവളെ പ്രണയിക്കുകയായിരുന്നു എന്ന് അപ്പോൾ എനിക്ക് തന്നെ മനസ്സിലായിരുന്നില്ല.. അത് വരെ അനുഭവിച്ചിട്ടില്ല ഒരു അനുഭൂതിയാണ് ആ അഞ്ചു ദിവസങ്ങളിൽ ഞാൻ അനുഭവിച്ചത് .. ഞങ്ങൾക്ക് ചുറ്റുമുള്ള ആരെയും ഞാൻ കണ്ടില്ല… അവൾ… അവൾ മാത്രമായിരുന്നു മുഴുവനും ..
അഞ്ചാം ദിവസം വിട പറഞ്ഞു പോകുമ്പോൾ മനസ്സിൽ എന്തോ ഒരു ഭാരം കയറിയിരിക്കുന്നതായി തോന്നി… സുഖമുള്ള ഒരു വേദന… എന്തോ നഷ്ടപെട്ട ഒരു ഫീലിംഗ്… അതെ .. ആ സമയം ഞാൻ മനസിലാക്കി തുടങ്ങി… ഞാൻ പ്രണയിക്കുകയാണ്… അവളെ… ഈ ഭൂമിയിൽ മറ്റെന്തിനേക്കാളും ഏറെ ഞാൻ അവളെ ഇപ്പോൾ ഇഷ്ടപെടുന്നു എന്ന്… എന്തൊക്കൊയോ അവളോട് സംസാരിച്ചെങ്കിലും ഒരിക്കൽ പോലും ഞാൻ എന്താണ് എന്റെ പ്രണയം അവളോട് പറയാത്തത് എന്നോർത്ത് ഞാൻ ദുഖിച്ചു..പക്ഷെ പറയാതെ തന്നെ അവൾ മനസിലാക്കിയിരുന്നു.. എന്റെ കണ്ണുകളിൽ അവൾ കണ്ടിരിക്കണം വാക്കുകളാൽ എനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കാതെ ആ പ്രണയം.. ഇനി ഒരിക്കലും കാണാൻ ഇടയില്ല എന്ന് പറഞ്ഞു പിരിഞ്ഞുവെങ്കിലും എനിക്ക് വെറുതെ തോന്നി കാലം വീണ്ടും എന്റെ പ്രണയിനിയെ എന്റെ മുന്നിലെത്തിക്കും എന്ന്…
ഇതെല്ലം സംഭവിച്ചിട്ടു ഇന്ന് ഒരു വ്യാഴവട്ടം തികയുന്നു … ഇന്നവൾ എന്റെ പ്രണയിനി മാത്രം അല്ല… എന്റെ ഭാര്യയാണ്.. എന്റെ കുഞ്ഞിന്റെ അമ്മയാണ്..ചെറുതും വലുതുമായ ഒരുപാടു പിണക്കങ്ങളും ഇണക്കങ്ങളും ഈ കാലത്തിനിടയിൽ ഏതൊരു ദമ്പതികൾക്കിടയിലും എന്ന പോലെ ഞങ്ങൾക്കിടയിലും സംഭവിച്ചിട്ടിട്ടുണ്ട്…
ഇപ്പോഴും ആ പഴയ പ്രണയം നിലനിൽക്കുന്നുണ്ടോ എന്ന് ഒരിക്കൽ അവൾ ചോദിച്ചു… ഒരു നല്ല പാട്ടുകേൾക്കുമ്പോൾ .. ചിലപ്പോൾ അവളോടൊത്തു ഒരു ഡ്രൈവിന് പോകുമ്പോൾ… ഒറ്റക്കിരിക്കുമ്പോൾ.. എന്റെ മകളുടെ മുഖം കാണുമ്പോൾ… അവളെന്നോട് പിണങ്ങിയിരിക്കുമ്പോൾ… ഇടയ്ക്കു അവൾ വന്നു കൊഞ്ചുമ്പോൾ… എന്റെ പ്രണയം ഞാൻ അനുഭവിക്കാറുണ്ട്… അതിന്റെ സുഖവും വേദനയും എല്ലാം ഞാൻ ഇന്നും ആസ്വദിക്കുന്നു … കാലം ചെല്ലുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ.. എന്റെ പ്രണയവും കൂടി കൂടി വരുന്നു… ഈ ജീവിതം മുഴുവൻ എന്റെ പ്രണയിനിക്കായി ജീവിക്കാൻ അവസരം തന്ന ദൈവത്തിന്റെ നാമത്തിൽ ആണയിട്ടു പറയാം..ഈ ഒരു ജന്മം കൊണ്ട് മാത്രം മാത്രം തീരുന്നതല്ല എന്റെ പ്രണയം..
Happy anniversary Parvathy Menon
ശ്രീറാം എസ്.