ഒരു ഫ്രൂട്ടി കഥ

സ്കൂളിൽ ഏഴാം ക്ലാസ്സുകാരെ കലാമണ്ഡലം കാണിക്കാൻ ഒരിക്കൽ കൊണ്ടുപോയി..കലാമണ്ഡലം മാത്രമല്ല.. തുഞ്ചൻ പറമ്പ്, കുഞ്ചൻ പറമ്പ് .. തുടങ്ങി മലയാള ഭാഷയുടെ ചരിത്രം ഉറങ്ങി കിടക്കുന്ന ചില സ്ഥലങ്ങൾ കാണാൻ ആണ് കൊണ്ടുപോയത്.. ഞാനും അതിനു പേര് കൊടുത്തു. യാത്ര ഒക്കെ കഴിഞ്ഞു രാത്രിയാണ് തിരിച്ചെത്തിയത് . കൂട്ടുകാരന്റെ അച്ഛന്റെ കൂടെ അവരുടെ വണ്ടിയിൽ കയറി വീട്ടിൽ വന്നിറങ്ങി.. വീട്ടിൽ വന്നു കയറിയപ്പോൾ അവിടെ ആകെ ബഹളം.. അടുത്ത വീട്ടിലെ ആൾക്കാരൊക്കെ വന്നിട്ടുണ്ട്.. അച്ഛനും അമ്മയും ടെൻഷൻ അടിച്ചിരിക്കുന്നു.. എനിക്കൊന്നും മനസിലായില്ല..

ഞാൻ പതുക്കെ അമ്മയോട് വിവരം അന്വേഷിച്ചപ്പോൾ കാര്യം അറിഞ്ഞു… അപ്പു ആരോടും പറയാതെ വീട് വിട്ടു ഇറങ്ങി പോയി… അപ്പു എന്റെ അനിയനാണ് .. അന്ന് അവൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു.. ചെറുപ്പത്തിലേ തന്നെ ആള് ഭയങ്കര അഭിമാനിയായതു കൊണ്ട് അഭിമാന ക്ഷതം സംഭവിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ സംഭവിച്ചാൽ ഇത് പോലെ ഞെട്ടിക്കുന്ന വലിയ വലിയ പ്രതിഷേധങ്ങൾ ഒക്കെ നടത്തി കളയും..

ഇതിപ്പം എന്തിന്റെ പ്രതിഷേധം ആണ് എന്നന്വേഷിച്ചപ്പോൾ സംഭവം മനസിലായി. അടുത്ത വീട്ടിലെ കണ്ണന്റെ കൂടെ കളിച്ചോടിരിക്കുന്നതിനിടയിൽ എന്തോ പറഞ്ഞു ചെറിയ വഴക്കായി.. അതിനിടയിൽ കണ്ണൻ അപ്പുവിനെ കല്ലെറിയുകയോ എന്തോ ചെയ്തു.. അപ്പു അപ്പോൾ കരഞ്ഞു.. അത് കണ്ടു കണ്ണൻ കളിയാക്കി ചിരിച്ചു.. വീട്ടിൽ വന്നു അപ്പു പരാതി ബോധിപ്പിച്ചപ്പോൾ ‘അമ്മ കണക്കാക്കി പോയി ..നീ വഴക്കുണ്ടാക്കിയത് കൊണ്ടല്ലേ എന്ന് ചോദിച്ചു.. നീതി നിഷേധിക്കപെട്ടപ്പോൾ അവൻ പറഞ്ഞു.. ഞാൻ കുട്ടനോട് പറഞ്ഞോളാം എന്ന്.. ( കുട്ടൻ അവന്റെ ചേട്ടൻ … അതായതു ഞാൻ ആണ്..) അതിനു ശേഷം ആണ് പുള്ളി ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്..എവിടെ പോയി എന്നറിയില്ല….

കുറച്ചു സമയം കഴിഞ്ഞപ്പോൾ അന്വേഷിച്ചു പോയ അയൽവക്കത്തെ ചേട്ടന്മാരിൽ ഒരാൾ ആളെ കിട്ടി എന്നും പറഞ്ഞു അപ്പുവിനെയും കൊണ്ട് വീട്ടിൽ വന്നു.. കിട്ടിയത് താഴെ ഉള്ള ഒരു വീടിന്റെ കാർ പാർക്കിങ്ങിൽ നിന്നാണ്..എന്തിനാണ് അവിടെ പോയത് എന്ന് അച്ഛനും അമ്മയും ചോദിച്ചിട്ടൊന്നും ആശാൻ ഒന്നും പറഞ്ഞില്ല.. ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു..

രാത്രി കിടക്കാൻ നേരത്തു ഞാൻ രഹസ്യമായി അവനോടു കാര്യം ചോദിച്ചു.. അപ്പോൾ അവൻ അന്ന് അവനു സംഭവിച്ച നീതി നിഷേധത്തിന്റെ കഥ അവൻ എന്നോട് പറഞ്ഞു.. ഞാൻ ചോദിച്ചു നീ എന്തിനാ ആ വീട്ടിൽ കയറി ഒളിച്ചിരുന്നു എന്ന്.. അപ്പോൾ അപ്പു ആ കാര്യം പറഞ്ഞു.. അച്ഛനും അമ്മയും കയ്യൊഴിഞ്ഞപ്പോൾ അവനു തോന്നി ചേട്ടന് മാത്രമേ ഇനി അവനു വേണ്ടി നീതി നടപ്പാക്കാൻ കഴിയു എന്ന്.. ചേട്ടൻ സ്കൂളിൽ നിന്ന് ടൂർ പോയിരിക്കുകയാണല്ലോ.. ടൂർ കഴിഞ്ഞു സ്കൂളിലേക്കാവും തിരിച്ചു വരുന്നത്.. അപ്പോൾ സ്കൂളിൽ പോയി ഇരിക്കാം.. എന്നിട്ടു ചേട്ടന്റെ കൂടെ തിരിച്ചു വീട്ടിൽ വരാം .. ചേട്ടനോട് പറഞ്ഞു തനിക്കു നടന്ന അന്യായത്തിനു പകരവും ചോദിക്കാം.. അതായിരുന്നു ഉദ്ദേശം.. പക്ഷെ നടന്നു കുറച്ചു ചെന്നപ്പോൾ പിന്നെ വഴി വിളക്ക് ഒന്നും ഇല്ല.. നല്ല ഇരുട്ട്… ദേഷ്യവും സങ്കടവും ഒക്കെ പതുക്കെ പേടി എന്ന വികാരത്തിന് അടിമപ്പെട്ടു.. അപ്പോൾ വെളിച്ചം കണ്ട സ്ഥലത്തേക്ക് കയറി നിന്നതാണ്.. ചേട്ടൻ ഈ വഴി വേണമല്ലോ വീട്ടിൽ പോകാൻ.. അപ്പോൾ ചേട്ടന്റെ കൂടെ പോകാം അത് വരെ ഇവിടെ കാത്തു നിൽക്കാം.. അപ്പോഴാണ് ആ വീട്ടിൽ ടി.വി യിൽ ചിത്രഗീതം വച്ചതു അവൻ ജനലിൽ കൂടി കണ്ടത്… എന്നാൽ പിന്നെ ചിത്രഗീതം കണ്ടുകളയാം എന്ന് കരുതി അവിടെ ഇരുന്നു.. പക്ഷെ ചിതീഗീതം കഴിയും മുൻപേ ആശാൻ അവിടിരുന്നു ഉറങ്ങിപ്പോയി.. പിന്നെയാണ് അയൽവക്കത്തെ ചേട്ടൻ അവനെ വിളിച്ചു എണീൽപ്പിച്ചു വീട്ടിൽ എത്തിച്ചത്..

എന്നാൽ ഇനി തൊട്ടു നീ കണ്ണനുമായി മിണ്ടണ്ട… കൂട്ട് വെട്ടിയെര് .. ഞാൻ പറഞ്ഞു..പക്ഷെ അത് അവനു പറ്റില്ല…രണ്ടുപേരും നല്ല കട്ട ഫ്രണ്ട്സ് ആണ്.. അത് കൊണ്ട് ചെറുതായിട്ടൊന്നു പകരം വീട്ടണം അത്രേ ഒള്ളു.. എങ്ങനെയാ പകരം വീട്ടേണ്ടത് .. ഞാൻ ചോദിച്ചു..”കുട്ടൻ കണ്ണനെ ഒന്നിടിക്കണം … അപ്പോൾ കണ്ണൻ കരയും.. അപ്പോൾ ഞാൻ തിരിച്ചു കളിയാക്കും .. അത്രേ ഒള്ളു വെരി സിംപിൾ .. ” അവൻ പറഞ്ഞു.. സംഗതി സിംപിൾ ഒക്കെ ആണ്.. പക്ഷെ അവസാനം ഇത് വീട്ടിൽ അറിഞ്ഞു.. വഴക്കും അടിയും കിട്ടുവാണെങ്കിൽ അതെനിക്കാവും .. പക്ഷെ അപ്പുവിൻറെ മനസ്സിൽ എനിക്കുള്ളതൊരു സൂപ്പർ ഹീറോ ഇമേജ് ആണ്.. അത് കളഞ്ഞു കുളിക്കാതിരിക്കാൻ വേണ്ടി ഈ കേസിൽ ബലിയാടാവാൻ ഞാൻ തീരുമാനിച്ചു..

പിറ്റേ ദിവസം അടുത്തവീട്ടിലെ ചേട്ടന്റെ കല്യാണമാണ്.. ഗുരുവായൂരിൽ വച്ച്.. അവർ ബസ് ഏർപ്പാടാക്കിയിട്ടുണ്ട്.. ആ ബസ്സിലാണ് ഞങ്ങൾ എല്ലാരും പോകുന്നത്.. ഞങ്ങൾ എന്ന് പറയുമ്പോൾ ഞാനും അപ്പുവും, കണ്ണനും ഞങ്ങളുടെ ഒക്കെ മാതാപിതാക്കളും എല്ലാവരും.. ബസ്സിൽ വച്ച് പകരം ചോദിച്ചാൽ എല്ലാരും അറിയും .. നല്ല വഴക്കും അടിയും കിട്ടും.. അത് കൊണ്ട് ഗുരുവായൂരിൽ വച്ച് സംഗതി നടത്താം എന്ന് ഞാൻ അവനു ഉറപ്പു കൊടുത്തു..

പിറ്റേ ദിവസം എല്ലാവരും വണ്ടിയിൽ കയറി.. ഞാൻ നോക്കിയപ്പോൾ എന്റെയും അപ്പുവിന്റെയും തൊട്ടു സൈഡ് ഇൽ തന്നെ കണ്ണൻ വന്നിരിപ്പുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ അപ്പു അച്ഛൻ വാങ്ങിത്തന്ന ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ചു.. എന്നിട്ടു 2 എണ്ണം എനിക്ക് തന്നു.. എന്നിട്ടു അതിൽ ഒരെണ്ണം കണ്ണന് കൊടുക്കാൻ പറഞ്ഞു.. ഞാൻ ചോദിച്ചു അത് വേണോ..?? അവൻ പറഞ്ഞു.. ഇത് നമുക്ക് മൂന്നു പേർക്കും വേണ്ടിയാ വാങ്ങിച്ചത്.. അത് കൊണ്ട് കണ്ണനും കൊടുക്കണം.. ഞാൻ ഒക്കെ പറഞ്ഞു അത് കൊടുത്തു.. കണ്ണൻ ചിരിച്ചു കൊണ്ട് അത് വാങ്ങി..

അത് കഴിഞ്ഞു കണ്ണൻ കണ്ണന്റെ ബാഗ് തുറന്നു അതിൽ നിന്ന് മൂന്നു ഫ്രൂട്ടി എടുത്തു 2 എണ്ണം ഞങ്ങൾക്ക് നേരെ നീട്ടി… അത് കണ്ട കണ്ണന്റെ ‘അമ്മ പറഞ്ഞു.. കണ്ണന് ഇന്നലെ ഫ്രൂട്ടി വാങ്ങിയപ്പോൾ അവൻ ഒരെണ്ണം പോരാ 3 എണ്ണം വേണം എന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞു വാങ്ങിയതാണ്.. ഓ.. കൂട്ടുകാർക്കു വേണ്ടിയായിരുന്നു അല്ലെ?? അപ്പുവിന് ഫ്രൂട്ടി വലിയ ഇഷ്ടം ഒന്നും അല്ലായിരുന്നെങ്കിലും അവൻ അത് വാങ്ങി കണ്ണന്റെ അടുത്ത് പോയി ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ കളിയും തുടങ്ങി.. പകരം വീട്ടലിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്നെനിക്കു മനസിലായി.

ഞാൻ ആലോചിച്ചു.. ഇതൊക്കെ മുൻകൂട്ടി അറിയാവുന്ന കൊണ്ടായിരുന്നിരിക്കണം അച്ഛനും അമ്മയും ഒന്നും മോന് വേണ്ടി വഴക്കു കൂടാൻ അയലോക്കത്തു പോകാതിരുന്നത്.. സത്യത്തിൽ നമ്മുടെ എല്ലാം ഭൂരിപക്ഷം പ്രതികാരവും പകയും ദേഷ്യവും വിദ്വേഷവും ഇത്രയൊക്കെ ഒള്ളു… ഒരു ഫ്രൂട്ടിയിലോ.. ബിസ്കുട്ടിലോ അതുമല്ലെങ്കിൽ ചെറിയൊരു പുഞ്ചിരിയിലോ തീർക്കാനുള്ളതേ കാണുകയുള്ളു.. കുട്ടികളായിരിക്കുമ്പോൾ ഉള്ള നിഷ്കളങ്കത ഇത്തിരി മുതിർന്നു കഴിയുമ്പോൾ നമുക്ക് നഷ്ടപ്പെട്ട് പോകുന്നത് കൊണ്ടാവാം നാം അങ്ങനെയൊന്നും ചെയ്യാൻ മുതിരാത്തതു.. ഇനി ആരെങ്കിലുമായി എന്തെങ്കിലും ഒരു പ്രശനം ഉണ്ടായാൽ… ഞാൻ ഈ രീതി ഒന്ന് ശ്രമിച്ചു നോക്കാൻ തീരുമാനിച്ചിട്ടുണ്ട്… ചിലപ്പോൾ ഫലം കണ്ടാലോ???

ശ്രീറാം എസ്.

One thought on “ഒരു ഫ്രൂട്ടി കഥ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s