“എനിക്ക് ഒരു കഥ പറയാൻ ഉണ്ട്.. ഞാൻ ഇത് പറയുന്നത് നിങ്ങളെ കരയിക്കാനോ നിങ്ങളുടെ സഹതാപത്തിനോ വേണ്ടിയല്ല.. നിങ്ങൾ ചിന്തിക്കാൻ .. എത്ര മാത്രം അനുഗ്രഹീതമായ ഒരു ജീവിതമാണ് നിങ്ങൾ ജീവിക്കുന്നത് എന്ന് മനസിലാക്കാൻ… എന്റെ കഥ.. പപ്പയുടെ കഥ… ഈ പ്രകൃതി എനിക്ക് തന്ന തിരിച്ചറിവുകളുടെ കഥ… 12 അധ്യായങ്ങളായി ഞാൻ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുകയാണ് ” –
അമുദൻ
സിനിമ കണ്ടു ഇറങ്ങിയ ഉടനെ 2 വാക്കിൽ അഭിപ്രായം പറയാൻ കഴിയുന്ന ഒരു ചിത്രം അല്ല പേരന്പ്.. ഈ ചിത്രം കണ്ടു കഴിയുമ്പോൾ അത് പ്രേകഷകന്റെ മനസ്സിൽ തുറന്നിടുന്ന ചിന്തകളുടെ വാതിൽ അനേകമാണ്.. ഒരു പക്ഷെ 2 .30 മണിക്കൂറിൽ നിങ്ങൾ കാണുന്ന ചിത്രത്തെ കുറിച്ച്… അതിൽ പറയുന്ന വിഷയങ്ങളെ കുറിച്ച് തീയറ്റർ വിട്ടിറങ്ങിയാലും കുറച്ചധികം സമയം നമ്മൾ ചിന്തിക്കുന്നു… ഒരു ഭാരമായി മനസ്സിൽ കിടക്കുന്നു.. ഒടുവിൽ ഒരു തരം ഡി ടോക്സ് പ്രോസസ് നമ്മുടെ ഉള്ളിൽ സംഭവിക്കുന്നതായി തോന്നും… അതാണ് ഈ ചിത്രത്തെ ഇത്ര അധികം മികച്ചതാക്കുന്നതു
തനിക്കു എന്താണ് പറയാനുള്ളത് .. അതെങ്ങനെയാണ് പറയേണ്ടത് എന്നുള്ളതിന്റെ കുറിച്ചുള്ള സംവിധായകന്റെ ക്ലാരിറ്റി , അത് അവതരിപ്പിച്ച നടീ നടന്മാരുടെ മികവ് , ചിത്രത്തിലെ ഇമോഷൻസ് പതിന്മടങ്ങായി പ്രേകഷകന്റെ ഉള്ളിലേക്ക് എത്തിക്കുന്ന പശ്ചാത്തല സംഗീതം , പ്രകൃതിയുടെ സ്വഭാവം പറയുന്ന ചിത്രത്തിൽ പ്രകൃതിയെ പകർത്തിയിരിക്കുന്നു വിധം എല്ലാം ചേർന്ന് മനസിനെ പിടിച്ചുലക്കുന്ന ഒരു ചലച്ചിത്ര അനുഭവമാണ് പേരന്പ് നമുക്ക് നൽകുന്നത്.
റാം ( സംവിധായകൻ )
———————————–
പാപ്പാ എന്ന ടീനേജ് പെൺകുട്ടിയുടെ ഫിസിക്കൽ ചലഞ്ചസും , അവളുടെ അച്ഛന്റെ ഇമോഷന്സും ഈ ചിത്രത്തിന്റെ ഉപരിതലത്തിലുള്ള കഥ മാത്രമാണ്.. അതിനു താഴെ ഒരുപാടു ലയേഴ്സ് ഉണ്ട്. അതിൽ സംവിധായകൻ വളരെ ബുദ്ധിപൂർവം തന്റെ രാഷ്ട്രീയം അവതരിപ്പിക്കുന്നു ( രാഷ്ട്രീയം എന്ന് പറയുമ്പോൾ , ഇഷ്ടമില്ലാത്ത രാഷ്ട്രീയക്കാരെയും മന്ത്രിമാരെയും വിമർശിക്കുന്ന കക്ഷി രാഷ്ട്രീയമല്ല)
ടീനേജ് സെക്റഷുവാലിറ്റിയെ കുറിച്ചും , ട്രാൻസ്ജെന്റേഴ്സിനെ കുറിച്ചും , ഇന്ന് കേരളത്തിൽ നവോദ്ധാനത്തിൻറെ പേരിൽ ചർച്ച ചെയ്തു നശിപ്പിക്കുന്ന ആർത്തവത്തിന്റെ കുറിച്ചും എല്ലാം സംവിധായകൻ ചർച്ചചെയ്യുന്നുണ്ട്. പറയുന്ന രീതിയിൽ ചെറുതായി പോലും ഒരു പാളിച്ച സംഭവിച്ചാൽ പ്രേക്ഷകർ മുഖം ചുളിച്ചു പോകുന്ന വിഷയങ്ങളെ എന്ത് പക്വതയോടു കൂടിയാണ് റാം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിന്റെ കൂടെ തിയേറ്ററിൽ ഇരുന്ന് ചിത്രം കാണുമ്പോൾ പ്രത്യേകിച്ച് സെക്കന്റ് ഹാൾഫിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ കണ്ടുകൊണ്ടിരുന്നപ്പോൾ ഉള്ളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നു , എവിടെയെങ്കിലും ഒന്ന് ചെറുതായി പാളിയായാൽ പോലും ഒരു അശ്ളീല ചിത്രം കാണുന്ന ഇമ്പാക്ട് ആയേനെ.. പക്ഷെ എന്ത് എവിടെ എങ്ങിനെ പറയണം എന്ന സംവിധായന്റെ ക്ലാരിറ്റി അതിനു ഇട വരുത്തിയില്ല
12 അധ്യായങ്ങളായി പറയുന്ന കഥയിലെ ഓരോ ഭാഗത്തിനും പ്രകൃതിയുടെ ഓരോ ഭാവത്തിന്റെ പേരിട്ടതും , ഓരോന്നിന്റെയും അവസാനത്തിൽ ഒരു ചെറിയ കൺക്ലൂഷൻ പോലെ പറയുന്ന അമുദന്റെ തിരിച്ചറിവും എല്ലാം വഴി റാം ആഖ്യാനത്തിന്റെ പുതിയൊരു ശൈലി അവലംബിക്കുന്നുണ്ട് . സമൂഹം തെറ്റാണ് എന്ന് കരുതുന്ന പലകാര്യങ്ങളിലെ ശരിയും.. ശരിയുന്ന വിശ്വസിക്കുന്ന കാര്യങ്ങളിലെ തെറ്റും എല്ല്ലാം മനോഹരമായി പറഞ്ഞു മനസിലാക്കിക്കുന്നുണ്ട് റാം.
ഏറ്റവും ഇഷ്ടപെട്ട സംവിധായകരുടെ ലിസ്റ്റിൽ ഒരാൾ കൂടി.
മമ്മൂട്ടി ( അമുദൻ )
——————————-
മമ്മൂക്ക കാശു വാങ്ങാതെ അഭിനയിച്ചു…മേയ്ക്കപ്പില്ലാതെ അഭിനയിച്ചു , ജോണി ആന്റണിക്കും , സോഹനും ഒന്നും തീയതി കൊടുക്കാതെ ഇതിൽ അഭിനയിച്ചു എന്നൊക്കെ ഒരുപാടു സംഭവങ്ങൾ കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്.. അതൊന്നും അല്ല… ഈ ചിത്രത്തിൽ മമ്മൂക്ക അഭിനയിച്ചു എന്നത് തന്നെയാണ് ഏറ്റവും മഹത്തായ കാര്യം. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടൻ , സൂപ്പർ താര ഇമേജിൽ നിൽക്കുന്ന മൈൻസ്ട്രീം നടൻ,, സ്വന്തം മകൾക്കു വേണ്ടി പുരുഷ വേശ്യയെ അന്വഷിച്ചു പോകുന്ന അമുദൻ എന്ന കാരക്ടർ ചെയ്യാൻ കാണിച്ച മനസാണ് ഏറ്റവും അഭിനന്ദനം അർഹിക്കുന്നത്.
അമുദൻ എന്ന കഥാപാത്രം ഒരു പുണ്യാത്മാവായല്ല അവതരിക്കുന്നത് . മക്കൾക്കുള്ള വൈകല്യം കാരണം ലീവിന് പോലും വരാതെ പുറം നാട്ടിൽ ജോലിചെയ്തിരുന്നയാളാണ്. ഒരു സാദാരണക്കാരനെ പോലെ എന്ത് കൊണ്ടാണ് തന്റെ മകൾ ഇങ്ങനെ ആയി പോയത് എന്ന് ചിന്തിരിച്ചിരുന്നയാണ്. പ്രകൃതി ഒരുക്കിയ സാഹചര്യങ്ങളിലൂടെ തിരിച്ചറിവിൽ എത്തുന്ന ആളാണ്… ഒരാൾ എന്ത് കൊണ്ട് മറ്റുള്ളവരെ പോലെ ആകുന്നില്ല എന്ന ചോദ്യത്തിന്റെ അർത്ഥ ശൂന്യത ആദ്യം അയാൾ മനസിലാക്കുന്നു. ആർത്തവം അശുദ്ധമാണോ അല്ലയോ എന്ന് അയാൾ ചിന്തിക്കുന്നില്ല… അയാളെ സംബന്ധിച്ചിടത്തോളം തന്റെ മകൾക്കു സ്വന്തമായി മാനേജ്ചെയ്യാൻ കഴിയാത്ത ഒരു ജൈവ പ്രക്രിയ മാത്രമാണ്.. അതിനു അവളെ സഹായിക്കാൻ അയാൾക്ക് മാത്രമേ കഴിയൂ എന്ന് മനസിലാക്കുന്നു.. അയാളോട് നിഷ്കരുണം വിശ്വാസ വഞ്ചന ചെയ്തവരോട് അയാൾക്ക് പകയോ ദേഷ്യമോ തോന്നുന്നില്ല… അയാളെ പോലെ നിസ്സഹായകനായ ഒരാളെ പോലും വഞ്ചികേണ്ടി വരുന്നവരുടെ അവസ്ഥ അതിലും ഭീകരമാണെന്നു കരുതി അവരോടു ക്ഷമിക്കാനുള്ള പക്വത അയാൾ ആർജ്ജിക്കുന്നു. സ്ത്രീയും പുരുഷനും, ട്രാൻജൻഡറും എല്ലാം പ്രകൃതിക്കു മുന്നിൽ വ്യത്യസ്തരാണെങ്കിലും സ്നേഹത്തിനു മുന്നിൽ ഒന്നാണെന്ന് മനസിലാക്കുന്നു. മകളുടെ വൈകല്യം ശരീരത്തിന് മാത്രമാണെന്നും മറ്റേതൊരു പെൺകുട്ടിയെ പോലെ തന്നെ ആണ് അവളുടെ വിചാര വികാരങ്ങൾ എന്നു തിരിച്ചറിയുന്നു… പ്രകൃതി ചിലപ്പോൾ സുന്ദരമാകും, ചിലപ്പോൾ അത്ഭുദം ആകും , ചിലപ്പോൾ ക്രൂരയാകും… എങ്കിലും പ്രകൃതിയുടെ ഏറ്റവും മഹത്തായ ഭാവം പേരന്പ് ( സ്നേഹം ) ആണെന്ന് തിരിച്ചറിയുന്നു.
സാധാരണ ഏതൊരു പെൺകുട്ടിയേം പോലെ ആർത്തവ സമയത്തു മകൾക്കു സ്വന്തമായി സാനിറ്ററി നാപ്കിൻ ധരിക്കാൻ സാധിച്ചാൽ പിന്നെ വേറൊന്നും ജീവിതത്തിൽ നേടാനില്ല എന്ന് വിശ്വസിക്കുന്ന കഥാപത്രം.. ഒരിക്കലും മനസിൽ നിന്നു മായില്ല അമുദൻ
മമ്മൂട്ടി എന്ന നടന്റെ പ്രകടം ഒരു സർപ്രൈസ് ഒന്നും ആയിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ റേഞ്ച് നമ്മൾ ഒരുപാടു കണ്ടിട്ടുണ്ട്.. പക്ഷെ ഈ ചിത്രത്തിൽ എന്ത് കൊണ്ട് അമുദനായി മമ്മൂട്ടി എന്നു ചോദിച്ചാൽ അതിനുള്ളതരം ഇത് കണ്ടാൽ മാത്രമേ മനസ്സിലാവൂ.. വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെങ്കിലും ഒന്ന് പറയാം. മറ്റൊരു താരം
ആയിരുന്നു എങ്കിൽ കരഞ്ഞു കൂവി , മൂക്കുചീറ്റി ബഹളം വച്ച്
“അഭിനയിച്ചു” തകർക്കേണ്ടിയിരുന്ന രംഗങ്ങൾ മമ്മൂട്ടി ചില എക്സ്പ്രെഷൻസ് കൊണ്ട്.. ബോഡി ലാംഗ്വേജ് കൊണ്ട്, ചെറിയ നോട്ടങ്ങൾ കൊണ്ട്, വോയിസ് മോഡുലേഷൻ കൊണ്ട് ജീവിച്ചു കാണിച്ചിരിക്കുന്നു., നിരാശ, നിസ്സഹായത , ക്രോധം, പ്രതീക്ഷ, തിരിച്ചറിവ്, സന്തോഷം, സ്നേഹം , ജാള്യത എല്ലാം അദ്ദേഹം എന്ത് സബ്ട്ടിൽ ആയി ആണ് ഹാൻഡിൽ ചെയ്തിരിക്കുന്നത്.. അതെ തീർച്ചയായും അഭിമാനമാണ് മമ്മൂക്ക…
സാധന ( പാപ്പാ)
……………..
നാൽപ്പതു വർഷത്തോളം എക്സ്പെരിയൻസ് ഉള്ള ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളുമായ നടനോട് ഒപ്പത്തിനൊപ്പം പിടിച്ചു നിൽക്കുകയും ചില സ്ഥലങ്ങളിൽ അതിനു മുകളിലേക്ക് പോലും എത്തിയ പ്രകടനം.. ഒരു പഴയ പ്രയോഗം ആണെങ്കിലും അതെ ഇവിടെ പറയാൻ ഒള്ളു.. അഭിനയിക്കുന്നതായി തോന്നിയില്ല… ഒരു ഡയലോഗ് പോലും പറയാതെ വിസ്മയിപ്പിച്ചു കളഞ്ഞു…
യുവാൻ( സംഗീതം , ബിജിഎം), തേനി ഈശ്വർ ( ഛായാഗ്രഹണം )
>>>>>>>>>
പശ്ചാത്തല സംഗീതത്തിന്റെ കാര്യത്തിൽ യുവനോളം ആരുമില്ല.. ചിത്രത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്തത് മുഴുവൻ ആ സംഗീതമാണ്.. ഗാനങ്ങളും മികച്ചു നിന്നു. തേനി ഈശ്വറിന്റെ ഛായാഗ്രഹണം കണ്ണിനു കുളിരു നൽകി. പ്രത്യേകിച്ചും ഫസ്റ്റ് ഹാഫ് .
ചിത്രം കാണണോ വേണ്ടയോ?
——————————————————-
ഒരു എന്റെർറ്റൈനെറോ സാമ്യം കൊല്ലിയോ കരച്ചിൽ പടവുമോ ഒന്നും അല്ല പേരന്പ് . നമ്മുടെ മനസ്സിനെ വല്ലാത്ത ഡിസ്റ്റർബ് ചെയ്യുകയും , ഭാരപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന ഒരു ചിത്രമാണ് . പിന്നീട് നമുക്ക് അത് ഒരു നല്ല അനുഭവമായി തോന്നുകയും ചെയ്യും . എല്ലാത്തരം പ്രേക്ഷകരും അത് ഇഷ്ടപ്പെടണം എന്നും ഇല്ല.. ഈ ചിത്രം എന്താണ് നൽകുന്നത് എന്ന് പൂർണമായി മനസിലാക്കി ക്ഷമയോട് കൂടി കാണണ്ട ഒരു ചിത്രമാണ് . മകൾക്കു സാനിറ്ററി നാപ്കിൻ മാറാൻ സഹായിക്കേണ്ടി വരുന്ന ഒരു അച്ഛനെ ഉൾകൊള്ളാൻ മാത്രം ഉള്ള മനോ പക്വത ഉള്ളവർ കാണുക.. കണ്ടിറങ്ങിക്കഴിയുമ്പോൾ മനസു കുറച്ചു ശുദ്ധമായ ഒരു ഫീൽ കിട്ടും
One thought on “പേരന്പ്”