അപ്പുവിന്റെ ഒരു വലിയ തറവാട് ആണ്… ഓണവും വിഷുവും ഒക്കെ ആചാരപ്രകാരം അതിന്റെതായ രീതിയിൽ ആഘോഷിക്കുന്ന ഒരു പഴയ തറവാട്. അപ്പുവിന്റെ മുത്തശ്ശിയാണ് തറവാട്ടിലെ ഏറ്റവും മുതിർന്ന അംഗം.. പത്തു തൊണ്ണൂറു വയസായെങ്കിലും ഇപ്പോഴും തറവാട്ടിലെ എല്ലാ ആഘോഷങ്ങളുടെയും കാരണവസ്ഥാനം മുത്തശ്ശിക്കാണ്.. മുത്തശ്ശിയുടെ രീതിയിലാണ് ആഘോഷം എല്ലാം.. എല്ലാവർക്കും മുത്തശ്ശിയോട് നല്ല ബഹുമാനമാണ് .. ആരും മുത്തശ്ശിയെ എതിർത്ത് ഒന്നും പറയില്ല… പറഞ്ഞിട്ടില്ല… ഒരിക്കൽ അത് അപ്പു തെറ്റിച്ചു..
കഴിഞ്ഞ വർഷത്തെ വിഷുവിനു ആണ് അപ്പു അങ്ങനെ ചെയ്തത്…മുത്തശ്ശിക്ക് വിഷമമാകും എന്ന് കരുതി ഒന്നും അല്ല അപ്പു അങ്ങനെ പറഞ്ഞത്.. പക്ഷെ അത് മുത്തശ്ശിയെ വിഷമിപ്പിച്ചു…
മുത്തശ്ശിയാണ് പത്തിരുപത്തിയഞ്ചു വർഷമായി തറവാട്ടിൽ എല്ലാവർക്കും വിഷുക്കൈനീട്ടം നൽകുന്നത് .. വിഷുവിന്റെ അന്ന് രാവിലെ തറവാട്ടിലെ ഓരോരോത്തർക്കായിട്ടു 5 രൂപയുടെ ഒരു തുട്ട് അല്ലെങ്കിൽ നോട്ട് മുത്തശ്ശി വിഷു കൈനീട്ടം നൽകും.. എന്നിട്ടു കൂടെ ഫ്രീ ആയിട്ടു ഒരു ഉപദേശവും..സൂക്ഷിച്ചു ചിലവാക്കണം… ചുമ്മാ സിനിമയൊന്നും കണ്ടു കളയരുത്…എല്ലാ വർഷവും ഇത് തന്നെ ആണ് കൈനീട്ടം കൊടുക്കുമ്പോളുള്ള മുത്തശ്ശിയുടെ സ്റ്റാൻഡേർഡ് ഡയലോഗ് .
കഴിഞ്ഞ വർഷത്തെ വിഷുവിനു കൈനീട്ടം കൊടുത്തപ്പോൾ മോഡുലേഷൻ പോലും ചേഞ്ച് ചെയ്യാതെ സെയിം ഡയലോഗ് മുത്തശ്ശി അപ്പുവിനോട് പറഞ്ഞു .. പക്ഷെ എന്ത് കാരണം കൊണ്ടാണെന്നു അറിയില്ല അപ്പു മുത്തശ്ശിയോട് അപ്പോൾ തിരിച്ചു പറഞ്ഞു …” മുത്തശ്ശി ഇത് എന്തറിഞ്ഞിട്ട ഈ പറയുന്നത്.. മുത്തശ്ശിയുടെ കാലം ഒന്നും അല്ല ഇത്.. മുത്തശ്ശി തരുന്ന ഈ അഞ്ചു രൂപകൊണ്ട് സിനമ കാണുന്നതു പോയിട്ട് സിനിമ കൊട്ടകയിൽ പാർക്കിങ്ങ് ഫീ കൊടുക്കാൻ പോലും തികയില്ല..” പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് വേണ്ടിയിരുന്നില്ല എന്ന് അപ്പുവിന് തോന്നിയത്… മുത്തശ്ശിയുടെ മുഖം ആകെ വാടി.. സങ്കടം കൊണ്ട് മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞു.. മുത്തശ്ശി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു .
ആ സംഭവം നടന്നിട്ടു ഇന്ന് ഒരു വർഷം തികഞ്ഞിരിക്കുന്നു .. വീണ്ടും ഒരു വിഷുപ്പുലരി.. അപ്പുവിന് അന്ന് മുത്തശ്ശിയോട് അങ്ങിനെ പറഞ്ഞതിൽ ഒരുപാടു ദുഃഖം ഉണ്ട്.. അത് കൊണ്ട് തന്നെ ഇന്ന് രാവിലെ മുത്തശ്ശിയുടെ മുറിയിലേക്ക് കൈനീട്ടം വാങ്ങാൻ കയറുമ്പോൾ അപ്പുവിന് ഒരു ചെറിയ ഒരു ചമ്മൽ ഉണ്ടായിരുന്നു.. ഈ വർഷം കൈനീട്ടം വാങ്ങി വന്നവരുടെ ഒക്കെ മുഖത്തു ഒരു സന്തോഷം ഉണ്ട് . എന്താണ് കാര്യം എന്ന് അപ്പുവിന് മനസിലായില്ല.
മുറിയിലേക്ക് കയറി ചെന്നപ്പോൾ ഒരു ചെറിയ പുഞ്ചിരിയുമായി മുത്തശ്ശി ഇരിപ്പുണ്ട്.. അപ്പുവിനെ കണ്ടമാത്രേ മുത്തശ്ശി ചോദിച്ചു..
“എന്താ അപ്പുക്കുട്ടാ ഒരു വിഷമം.. മുന്നത്തെ വർഷം നീ പറഞ്ഞപ്പഴാ മുത്തശ്ശിക്ക് മനസിയിലായതു ഞാൻ തരുന്ന കൈനീട്ടം വളരെ കുറവാണെന്നും നിങ്ങൾക്കൊന്നും യാതൊന്നിനും പ്രയോജനപ്പെടില്ല എന്നും..”
” അത് പിന്നെ മുത്തശ്ശി … അന്ന് ഞാൻ അറിയാതെ പറ…” അപ്പുക്കുട്ടന്റെ തൊണ്ട ഇടറി…
” അതൊന്നും സാരമില്യ കുട്ട്യേ … മുത്തശ്ശിയുടെ അറിവില്ലായ്മ കൊണ്ട് പറ്റിയതല്ല.. ഇത്തവണ പക്ഷെ മുത്തശ്ശി എല്ലവർക്കും 100 റുപ്യ വച്ചാണ് കൈനീട്ടം കൊടുക്കുന്നത്… പക്ഷെ അപ്പുക്കുട്ടന് മാത്രം മുത്തശ്ശി കുറച്ചു കൂടുതൽ തരും.. കാരണം അപ്പുകുട്ടനാണല്ലോ മുത്തശ്ശിക്ക് ഈ കാര്യം പറഞ്ഞു മനസിലാക്കി തന്നത്…” ഇത്രയും പറഞ്ഞു ഒരു നോട്ട് മുത്തശ്ശി ചുരുട്ടി എടുത്തു അപ്പുവിന്റെ കയ്യിൽ വച്ച് കൊടുത്തു… എന്നിട്ടു പറഞ്ഞു “അപ്പുക്കുട്ടന് ആയിരം റുപ്യ… സന്തോഷായില്ലേ…”
ഇത്തവണ കണ്ണ് നിറഞ്ഞതു അപ്പുകുട്ടനാണ്.. മുത്തശ്ശിയുടെ സ്നേഹം കണ്ടിട്ടല്ല… മുത്തശ്ശി കൊടുത്ത ആയിരം രൂപയുടെ നിരോധിച്ചു അസാധു ആക്കിയ നോട്ട് കണ്ടു..
കരയണോ ചിരിക്കണോ എന്ന് അറിയാതെ സ്തംഭിച്ചു നിന്ന അപ്പുക്കുട്ടനോട് മുത്തശ്ശി പറഞ്ഞു…… “ആയിരം റുപ്പികയാണ് … സൂക്ഷിച്ചു ചിലവാക്കണം.. സിനിമയൊന്നും കണ്ടു കളയരുത് “
Nice…
LikeLike
വിശപ്പില്ലായ്മയുടെ വിഷു 👌👌
LikeLike