പ്രണയലേഖനം

കഴിഞ്ഞ ദിവസം മെട്രോ ട്രെയിനിൽ ഇരുന്നു ചുമ്മാ ബോർ അടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് രണ്ടു പയ്യന്മാര് കയറി വന്നു എന്റെ സീറ്റിനു എതിർ വശം ഇരുന്നത്.. ഒരു പതിനഞ്ചു … പതിനാറു വയസുകാണും അവന്മാർക്ക്.. അവർ വളരെ സീരിയസ് ആയിട്ടുള്ള ഡിസ്കഷനിൽ ആയിരുന്നു.. എന്താ സംഭവം.. അതിലൊരുത്തന് ഏതോ ഒരു പെണ്ണിനോട് ഭയങ്കര പ്രേമം ആണ്.. പക്ഷെ അതവളോട് എങ്ങനെ പറഞ്ഞു മനസിലാക്കും എന്നുള്ളതിന്റെ ടെൻഷനിൽ ആണ്… വാട്സ്ആപ്പ് വഴി പ്രൊപ്പോസ് ചെയ്യാൻ ആണ് പ്ലാനിംഗ് …
അപ്പോൾ എനിക്ക് തോന്നി… കാലം എത്ര മാറിയാലും പുരോഗമിച്ചാലും എന്തൊക്കെ ടെക്നോളജി ഈ ലോകത്തു വന്നാലും ഇഷ്ടപെടുന്ന പെണ്ണിനോട് അത് എങ്ങനെ പറയും എന്നുള്ളത് തന്നെ ആണ് ഈ ടീനേജിൽ ഉള്ള പിള്ളേരുടെ ഏറ്റവും വലിയ ടെൻഷൻ.. പുണ്യ പുരാതന കാലം മുതലേ അങ്ങനെ ടെൻഷൻ അടിയ്ക്കുന്നവനെ ഉപദേശിക്കാനും സഹായിക്കാനും എപ്പോഴും ഒരു കൂട്ടുകാരനും കാണും കൂടെ… ഉപദേശിക്കുന്നവന്റെ മട്ടും ഭാവവും ഒക്കെ കാണുമ്പോൾ തോന്നും അവൻ പെൺകുട്ടികളുടെ സൈക്കോളജി മുഴുവൻ അരച്ച് കലക്കി കുടിച്ച ഒരുത്തൻ ആണെന്ന്.. ഒരു മാതിരിപെട്ട പ്രൊപോസൽ ഒക്കെ ചീറ്റി പോകുന്നത് മിക്കവാറും ഇവൻ മാരുടെ സൈക്കോളജികൾ അപ്രോച്ചു കൊണ്ടായിരിക്കും .. ഇതൊക്കെ പറയാൻ ഞാൻ ആരാണ് എന്ന് ചോദിച്ചാൽ ഞാനും ഇതുപോലെ ഒരു കൂട്ടുകാരനായിരുന്നു പണ്ട് പലർക്കും.. ഉപദേശം എന്നൊക്കെ പറഞ്ഞാൽ നല്ല കൊടിയ ഉപദേശം… മാരക ഉപദേശം ഒക്കെ ഞാൻ കൊടുക്കാറുണ്ടായിരുന്നു… പ്രൊപ്പോസ് ചെയ്യുമ്പോൾ പറയണ്ട ഡയലോഗുകൾ , അതു പറയണ്ട മോഡുലേഷൻ… ബോഡി ലാംഗ്വേജ്..തുടങ്ങി ഏതു കളർ ഷർട്ട് ഇടണം…. ഏതു ദിശയിൽ തിരിഞ്ഞു നിന്നുപറയണം എന്ന് വരെ ഞാൻ പറഞ്ഞു കൊടുക്കും… ചുമ്മാ പറയുന്നതല്ല… എല്ലാം സൈക്കോളജികൾ അപ്പ്രോച്ചസ് ആണ്.
പ്രീ ഡിഗ്രി പഠിക്കുമ്പോൾ ക്ലാസ്സിലുള്ള ഒരു കൂട്ടുകാരന് അവന്റെ കൂടെ ട്യൂഷൻ പഠിക്കുന്ന ഒരു സുന്ദരിയോട് പ്രേമം.. പക്ഷെ അതെങ്ങനെ അറിയിക്കും എന്നറിയില്ല… ആ കേസ് ഫയലും എന്റെ മേശയിൽ തന്നെ വന്നു.. എങ്ങനെ അവളെ വീഴ്ത്തും അവൻ ചോദിച്ചു
ഞാൻ ഡീറ്റൈലായിട്ടു അവനു കാര്യങ്ങൾ പറഞ്ഞു കൊടുത്തു.. ” അതായത് പെണ്ണുങ്ങൾ വീഴുന്ന പ്രധാനമായും നാല് കാര്യങ്ങളിൽ ആണ്.. ഒന്ന് സൗന്ദര്യം… നിന്റെ കാര്യത്തിൽ അത് നടക്കില്ല ..അത് കൊണ്ട് അത് വിടാം.. രണ്ടു എന്തെങ്കിലും കലാപരമായ കഴിവുകൾ… അങ്ങനെ വല്ലതും ഉണ്ടോ
കൂട്ടുകാരൻ : നമുക്ക് അതും വിടാം.. മൂന്നാമത്തെ കാര്യം എന്താ ?
ഞാൻ : മൂന്നാമത്ത് വാചകമടി അല്ലെങ്കിൽ കോമഡി…അങ്ങനെ ചില കാര്യങ്ങൾ ആണ്… ആട്ടെ .. നീ അവളോട് ട്യൂഷൻ ക്ലാസ്സിൽ വച്ച് സംസാരിക്കുക ഒക്കെ ചെയ്യുമോ?
കൂട്ടുകാരൻ: ആ.. ഞാൻ ഒരുദിവസം അവളോട് പേന ചോദിച്ചിട്ടുണ്ട്..
ഞാൻ : ബെസ്റ്റ്…. അപ്പം അതും നടക്കില്ല..ഈ മൂന്നു എണ്ണത്തിൽ ഒരുമാതിരി എല്ലാ പെണ്ണുങ്ങളും വീഴും.. പക്ഷെ നാലാമത്തേതിന് 2 ഓപ്ഷൻ ഉണ്ട്… ചിലപെണ്ണുങ്ങൾ സഹതാപത്തിൽ വീഴും .. ബാക്കി ചിലർ ക്യാഷ് ഉണ്ടെന്നു കാണിച്ചാൽ വീഴും.. അതിൽ ഏതു ടൈപ്പാണ് നിന്റെ ആള് എന്നറിയാത്ത കൊണ്ട് അത് രണ്ടും മിക്സ് ചെയ്തു നമുക്ക് ഒരു നമ്പർ ഇറക്കി നോക്കാം .. ഒരു ലെറ്റർ എഴുതാം .. നീ അത് അവൾക്കു കൊടുക്കണം… എന്താ പറ്റുമോ?കൂട്ടുകാരൻ :അത്… കൊടുക്കാം .. ഞാൻ എങ്ങനേലും കൊടുക്കാം
അന്ന് രാത്രി ഞാൻ പഠിക്കാൻ ഇരിക്കുന്ന വ്യാജേന കൂട്ടുകാരന് വേണ്ടി ലെറ്റർ എഴുതാൻ ഇരുന്നു..
പ്രിയപെട്ട സ്നേഹ,
എന്റെ മനസ്സാണ് ഈ കടലാസ്സിൽ ഞാൻ വരച്ചിടുന്നത്.. സ്നേഹ വായിക്കാൻ വേണ്ടി മാത്രം.. എനിക്ക് സ്നേഹയെ വളരെ അധികം ഇഷ്ടമാണ്.. പക്ഷെ ആ സ്നേഹം എനിക്ക് സ്നേഹയോട് നേരിട്ട് പറയാൻ സാധിക്കുന്നില്ല .. കാരണം സ്നേഹം എന്താണന്നു അറിയാതെ ആണ് ഞാൻ വളർന്നത്..എന്റെ അച്ഛൻ ദുബായിൽ ബിസിനസ് ചെയ്യുന്നു.. ഒരു പാട് കാശു സമ്പാദിക്കുന്നു.. എന്നിട്ടു എല്ലാമാസവും മുടങ്ങാതെ എനിക്ക് പത്തു അമ്പതിനായിരം രൂപ അയച്ചു തരും.. കുവൈറ്റിൽ ജോലി ചെയ്യുന്ന അമ്മയും അയച്ചുതരും പത്തമ്പത്തിനായിരം രൂപ.. പക്ഷെ കാശു മാത്രം മതിയോ… ഒരിറ്റു സ്നേഹം.. അതെനിക്ക് നല്കാൻ ആരുമില്ല… ആ സ്നേഹം സ്നേഹക്കു തരാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു…ആ സ്നേഹം സ്നേഹ എനിക്ക് തരില്ലേ സ്നേഹ..
അത്രയും എഴുതി കഴിഞ്ഞപ്പോൾ ആണ് ‘അമ്മ അടുത്തുള്ള കടയിൽ പോയി എന്തോ വാങ്ങിച്ചിട്ടു വരാൻ പറഞ്ഞത്.. ഞാൻ എഴുത്തു നിർത്തി കടക്കു പോയി..തിരിച്ചു വന്നപ്പോൾ അത്താഴം റെഡി ആയിരുന്നു.. അത് കഴിച്ചിട്ടാകാം ബാക്കി എഴുത്തു എന്ന് ഞാൻ വിചാരിച്ചു… കഴിക്കുന്നിടയിൽ അച്ഛൻ എന്നോട് ചോദിച്ചു.. മോനെ.. ഞാനോ നിന്റെ അമ്മയോ നിന്നെ സ്നേഹിക്കുന്നില്ല എന്ന് നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? “അച്ഛാ… ഒരുമാതിരി ചങ്കിൽ കുത്തുന്ന പോലത്തെ കാര്യങ്ങൾ പറയരുത്.. എനിക്കൊരിക്കലും അങ്ങനെ ഒന്നും തോന്നിയിട്ടില്ല ” ഞാൻ പറഞ്ഞു..
“ഞങ്ങളറിയാത്ത ഏതു അച്ഛനും അമ്മയുമാണെടാ നിനക്ക് ദുബായിലും കുവൈറ്റിലുമൊക്കെ… ആട്ടെ അവരയ്ച്ചു തരുന്ന ലക്ഷകണക്കിന് രൂപയൊക്കെ എന്റെ മോൻ എന്താണ് ചെയ്യുന്നതിന്..?”
അപ്പോഴാണ് ഞാൻ എഴുതിയ ലെറ്റർ മേശയുടെ മുകളിൽ നിന്നും മാറ്റിവയ്ക്കാൻ ഞാൻ മറന്നു പോയി എന്ന കാര്യം എനിക്ക് ഓർമ്മ വന്നത്.. നാണക്കേടും പേടിയും കാരണം മുഖം ഉയർത്താൻ പറ്റിയില്ല.. കൂട്ടുകാരന് വേണ്ടി എഴുതിയതാണ് എന്ന് പറഞ്ഞിട്ടു വല്ലതും അവരുണ്ടോ വിശ്വസിക്കുന്നു. അന്നത്തോടെ ഞാൻ കൂട്ടുകാരെ പ്രേമിക്കാൻ സഹായിക്കുന്ന പരിപാടി നിർത്തി… പക്ഷെ ഇപ്പോഴും ഇടയ്ക്കൊക്കെ അച്ഛൻ ചോദിക്കും… “നിനക്ക് ഇപ്പോൾ സ്നേഹമൊക്കെ കിട്ടുന്നുണ്ടാല്ലോ അല്ലെ?? ദുബായിൽ നിന്നും കുവൈറ്റിൽ നിന്നും ഡ്രാഫ്റ്റ് വന്നോ” എന്നൊക്കെ..

3 thoughts on “പ്രണയലേഖനം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s