ഈ എന്ന് പറയുന്നത് ഒരു മടുപ്പു സംഭവം ആണ്.. ഈ മറവി കാരണം എന്തൊക്കെ നഷ്ടങ്ങളാണ്.. ഞാൻ ഏറ്റവും കൂടുതൽ മറന്നിട്ടുള്ളത് കുട ആണ്.. മഴ പെയ്യുമ്പോൾ കുട വീട്ടിൽ നിന്ന് എടുക്കാൻ മറക്കാറില്ല.. പക്ഷെ മഴനിന്നാൽ അത് വച്ചിടത്തുനിന്നു എടുക്കാൻ ഇപ്പോഴും മറന്നു പോകും . അങ്ങനെ കുട മറന്നതിനു ഒരുപാടു പഴി കേട്ടിട്ടുണ്ട് ഞാൻ.. അപ്പഴൊക്കെ എന്റെ ആശ്വാസം പ്രകാശാണ്.. കാരണം എന്നിലും വലിയ മറവിക്കാരൻ ആണ് പ്രകാശ്..
അവന്റെ മറവിയുടെ റേഞ്ച് എന്താണെന്ന് പറയാൻ ഒരു ഉദാഹരണം പറയാം.. ഒരു ദിവസം ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ പ്രകാശ് ഓടി കയറി വന്നു.. എന്നിട്ടു അത്യാവശ്യമായി ഒരു 20 രൂപ ചോദിച്ചു.. ഞാൻ കൊടുത്തു.. ഒരു രണ്ടു മിനുറ്റിൽ തിരിച്ചു വന്നിട്ട് പറഞ്ഞു…
” അതെ.. ഞാൻ അനൂപിന്റെ വീട് വരെ ഒന്ന് പോയതാ .. നടക്കാൻ മടിയായതു കൊണ്ട് അവിടുന്ന് ഒരു ഓട്ടോ പിടിച്ചു.. ഇവിടെത്തിയപ്പഴാ മനസിലായത് ഞാൻ പേഴ്സ് എടുത്തില്ല എന്ന്.. ”
” കഷ്ട്ടം .. നടക്കാൻ മടിയായിരുന്നേൽ പിന്നെ നിനക്ക് നിന്റെ ബൈക്കിൽ പോയാൽ പോരായിരുന്നോ .. ചുമ്മാ ഓട്ടോയ്ക്ക് കാശു കളഞ്ഞത് എന്തിനാണ്”
ഇത് കേട്ട് പ്രകാശ് ഒരു നിമിഷം അവിടെ മിണ്ടാതെ നിന്നു.. എന്നിട്ടു എന്നോട് ഒരു 20 രൂപ കൂടി ചോദിച്ചു.. അപ്പോൾ ഞാൻ ചോദിച്ചു ഇനി എന്തിനാ ഒരു 20 രൂപ കൂടി വേണ്ടത്..
ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു..” ഞാൻ ബൈക്കിൽ ആണ് അനൂപിന്റെ വീട്ടിൽ പോയത്… പക്ഷെ അത് അവിടെ വച്ച് മറന്നു… അതെടുത്തോണ്ടു വരാൻ വേണ്ടിയാ…” അത്രയ്ക്കുണ്ട് പ്രകാശിന്റെ മറവി…. എന്തിന് ഒരിക്കൽ പ്രകാശിന്റെ ലൈൻ പൊട്ടിയത് വരെ ഇത് പോലെ ഒരു നിസ്സാര മറവി കാരണമാണ്..
പ്രകാശ് ചെന്നൈയിൽ നിൽക്കുന്ന കാലം .. ശ്രാവന്തിയും പ്രകാശുമായുള്ള പ്രണയം ഇങ്ങനെ പൂത്തുലഞ്ഞു നിൽക്കുന്ന കാലം.. ആ സമയത്താണ് വില്ലൻ ആയിട്ട് ഇളയ ദളപതി വിജയ് അവതരിക്കുന്നത്.. വിജയുടെ സൂറ എന്ന പടം റിലീസ് ആയി… പ്രകാശിന് അത് കാണണം.. അതിനായിട്ടു രാവിലെ എണീറ്റ് കുളിച്ചൊരുങ്ങിഎന്റെ മുറിയിൽ കയറി വന്നു പറഞ്ഞു.
.” എടാ നിന്റെ വണ്ടി ഒന്ന് വേണം .. പടം അവൾക്കും കാണണം ..അവളും വരുന്നു എന്ന് ഇപ്പോൾ വിളിച്ചു പറയുന്നു.. ഒന്നാമത് ലേറ്റ് ആയി.. ഇനി അവളെ ഹോസ്റ്റലിൽ പോയി പിക്ക് ചെയ്തോണ്ട് വേണം പടത്തിനു പോകാൻ നീ വണ്ടി താ.. ഞാൻ വേണെങ്കിൽ പെട്രോൾ അടിച്ചേക്കാം..”
” നീ പെട്രോൾ ഒന്നും അടിക്കേണ്ട.. വണ്ടി എവിടെയും വച്ച് മറക്കാതെ തിരിച്ചു ഇങ്ങു കൊണ്ടുവന്നാൽ മതി.. ഞാൻ പറഞ്ഞു..”
പ്രകാശ് വണ്ടിയുമായി ധൃതി പിടിച്ചു ഹോസ്റ്റലിൽ ചെന്നപ്പോൾ അടുത്ത പ്രശ്നം .. ശ്രാവന്തി ഭക്ഷണം കഴിച്ചിട്ടില്ല … അവൾക്കു വിശക്കുന്നു.. സിനിമ തുടങ്ങാൻ സമയമായി.. അവളോട് പറ്റില്ല എന്ന് പറയാനും പറ്റിയില്ല.. പെട്ടന്ന് കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു അടുത്തുള്ള റെസ്റ്റോറെന്റിലേക്കു അവൻ വണ്ടി വിട്ടു.. അവിടുന്ന് എന്തോ വാങ്ങി കഴിച്ചു.. പെട്ടന്ന് ബില്ലും പേ ചെയ്തു.. മറക്കാതെ തന്നെ അവിടുന്ന് വണ്ടിയും എടുത്തു തീയേറ്ററിലേക്കു വിട്ടു. അവിടെ ചെന്ന് ടിക്കറ്റ് എടുത്തു അകത്തു കയറിയപ്പോൾ സിനിമ തുടങ്ങിയിരിക്കുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ പ്രകാശിന് ആകെ ഒരു അസ്വസ്ഥത. എന്തോ മറന്നത് പോലെ.. അവൻ തിരഞ്ഞു നോക്കി പേഴ്സ് ഉണ്ട്.. ബാഗ് ഉണ്ട്.. വണ്ടിയുടെ കീ ഉണ്ട്.. ഹെൽമെറ്റ് ഉണ്ട്.. പാർക്കിംഗ് ടിക്കറ്റ് കൈയിൽ ഉണ്ട്.. എന്നാലും എന്തോ ഒന്ന് മറന്നത് പോലെ..എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല .
പടം കഴിഞ്ഞു ഇറങ്ങി വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ടാക്കിയപ്പോൾ ആണ് താൻ മറന്നു വച്ച എന്തോ ഒന്ന് എന്താണെന്നു പ്രകാശിന് മനസിലായത്.. അത് മറ്റൊന്നും ആയിരുന്നില്ല.. ശ്രാവന്തിയെ തന്നെ ആയിരുന്നു എന്ന്..
“നീ ബില്ല് പേ ചെയ്തിട്ട് നില്ക്കു.. ഞാൻ കൈ കഴുകിയിട്ടു വരാം..” എന്ന് പറഞ്ഞു കൈ കഴുകാൻ പോയ ശ്രാവന്തിയുടെ കാര്യം സിനിമ തുടങ്ങിയാലോ എന്നുള്ള പേടിയിൽ ബില്ല് പേ ചെയ്തു വെളിയിലേക്കിറങ്ങിയ സമയം കൊണ്ട് പ്രകാശ് മറന്നു…
കാര്യം അന്ന് ലൈൻ പൊട്ടിയെങ്കിലും പിന്നെയും അത് തളിരിട്ടു പൂത്തുലഞ്ഞു .. രണ്ടു പേരും കല്യാണം കഴിച്ചു ഇപ്പോഴ് സുഖമായി ജീവിക്കുന്നു…
വാൽകഷ്ണം : ഇങ്ങനെ ഒന്നും സംഭവിച്ചിട്ടേയില്ല.. ഇതൊക്കെ ഞാൻ ചുമ്മാ ഉണ്ടാക്കുന്ന കഥകൾ ആണെന്ന് പറഞ്ഞു ഇതിനടിയിൽ പ്രകാശ് കമന്റ് ഇട്ടേക്കാം.. അവൻ കള്ളം പറയുന്നതാണെന്നു നിങ്ങൾ ആരും തെറ്റിദ്ധരിക്കരുത്… സത്യമായിട്ടും അവൻ ഇതൊക്കെ മറന്നിട്ടുണ്ടാവും… അല്ലാതെ അവൻ കള്ളം പറയുകയൊന്നും ഇല്ല… പാവം…
ശ്രീറാം എസ്
😂😂 വല്ലാത്ത ഒരു മറവി ആയി പോയി ……. തമാശ നിറഞ്ഞ എഴുത്ത്……. Beautiful……👌👌👌
LikeLike
hehe adipolli..
LikeLike