ഒരു ചെറിയ സിനിമ കഥ പറയാം.. സിനിമ കഥ എന്ന് പറഞ്ഞാൽ ഒരു സിനിമയുടെ കഥ അല്ല… ഒരു സിനിമ കണ്ടതിന്റെ കഥ … ക്ലാസ്സ് കട്ട് ചെയ്തു റിലീസ് ദിവസം ആദ്യത്തെ ഷോയ്ക്ക് തിക്കി തിരക്കി ഞെങ്ങി ഞിരങ്ങി അടിയും തൊഴിയും കൊണ്ട് കഷ്ടപെട്ട് ടിക്കറ്റ് എടുത്തു സിനിമ കാണുന്നതിന്റെ സുഖം … അതിന്റെ ഒരു ത്രിൽ… അതൊന്നു വേറെ തന്നെ ആണ്.. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തു മൾട്ടിപ്ലക്സിൽ സിനിമ കണ്ടാൽ ആ ഒരു സുഖം കിട്ടില്ല.. അങ്ങനെ സിനിമ കാണുന്നതിന്റെ പേരില് ഒരു പാട് വിമർശനങ്ങൾ ഏറ്റുവങ്ങേണ്ടി വന്നിട്ടുണ്ട്.. വീട്ടിൽ നിന്നും നാട്ടിൽ നിന്നും കൂട്ടുകാരുടെ ഇടയിൽ നിന്നും, അങ്ങനെ പലരിൽ നിന്നും … പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല… അത്രയ്ക്ക് ഇഷ്ടമാണെനിക്ക് സിനിമ കാണാൻ..
1999 ഒക്ടോബർ 15 വെള്ളിയാഴ്ച … അന്നാണ് നമ്മുടെ ലാലേട്ടന്റെ പടം ഒളിമ്പ്യൻ അന്തോണി ആദം റിലീസ്…. വ്യാഴാഴിച്ച രാത്രി കിടക്കുന്നത് തന്നെ നാളെ രാവിലെ എണീറ്റ് ലാലേട്ടന്റെ സിനിമ കാണാമല്ലോ എന്ന സന്തോഷത്തിൽ ആണ്.. അങ്ങനെ കിടക്കുംപോഴാണു സന്തോഷത്തിൽ വിള്ളൽ വീഴുന്ന ഒരു അറിയിപ്പുമായി അമ്മ വന്നത്..
വേറൊന്നും അല്ല… പിറ്റേ ദിവസം രാവിലെ വീട്ടിൽ ഒരു പൂജ ഉണ്ട്…ഒരു 10.00 -10.30 മണി വരെ പൂജ കാണും… കേട്ടതും എനിക്ക് ടെൻഷൻ ആയി… 10.45 ആണ് കോട്ടയം അനുപമയിൽ നൂൺഷോ തുടങ്ങുത്. നാളെ റിലീസ് ദിവസം ആണ് പോരാത്തതിനു ലാലേട്ടന്റെ പടവും… ടിക്കറ്റ് കിട്ടണേൽ ഒരു 9.00 മണി തൊട്ടു തീയറ്ററിന്റെ ഗേറ്റിൽ പോയി നില്ക്കണം. 10.മണിക്ക് ഗേറ്റ് തുറക്കുമ്പോൾ തന്നെ ഓടിപ്പോയി ക്യുവിന്റെ മുന്നില് പോയി നിന്നില്ലേൽ ടിക്കറ്റ് കിട്ടില്ല.. ഇനി എന്തുചെയ്യും …
ഒരു വഴിയുണ്ട്.. അരുൺ സി തോമസ്…. എന്റെ കൂട്ടുകാരൻ… കാര്യം പുള്ളി എന്റെ ക്ലാസ്സ് മേറ്റ് ആണെങ്കിലും ഞങ്ങൾ ക്ലാസ്സിൽ വച്ച് അധികം കണ്ടിട്ടില്ല.. പക്ഷെ സ്ഥിരമായി എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങൾ ഏതേലും സിനിമ തീയറ്ററിൽ കൂട്ടിമുട്ടാറുണ്ട്… അങ്ങനെ ആണ് ഞങ്ങളുടെ ഇടയിൽ നല്ലൊരു സൌഹൃദം ഉടലെടുത്തത്.. അരുൺ സി തോമസ് എന്തായാലും രാവിലെ തന്നെ തീയറ്ററിൽ എത്തും.. അവനോടു ചോദിക്കാം എനിക്കും കൂടി ഒരു ടിക്കറ്റ് എടുക്കാൻ … അങ്ങനെയാണെങ്കിൽ രാവിലെ പൂജ കഴിഞ്ഞ ഉടനെ ഒരു കൊളുത്ത് കൊളുത്തിയാൽ പടം തുടങ്ങുന്നതിനു മുൻപ് തിയേറ്ററിൽ എത്താം.. അപ്പോൾ തന്നെ അരുൺ സി തോമസിനെ വിളിച്ചു സംഗതി പറഞ്ഞു .. അവൻ ടിക്കറ്റ് എടുത്തു വച്ചേക്കാം എന്ന് സമ്മതിച്ചു… ഞാൻ വീണ്ടും സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു.. അടുത്ത ദിവസം എന്നെകാത്ത് കിടക്കൂന്ന പണികളെ പറ്റിയറിയാതെ…
പിറ്റേ ദിവസം പൂജ കഴിഞ്ഞപ്പോൾ മണി 10.40 .. ഇനി താമസിക്കാൻ പാടില്ല.. അത് കൊണ്ട് ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാൻ നിന്നില്ല … നേരെ അനുപമ തീയറ്റെർ ലക്ഷ്യമാക്കി കുതിച്ചു.. അവിടെ എത്തിയപ്പോൾ മണി 11.00 ആയി.. സിനിമ തുടങ്ങിയിട്ടേ ഉള്ളു .. പക്ഷെ ഷോ തുടങ്ങിയ കാരണം വാച്ച്മാൻ ഗേറ്റ് അടച്ചിരുന്നു. മൊബൈൽ ഒന്നും ഇല്ലാത്ത ഒരു കാലമായതിനാൽ അരുൺ സി യെ ഒന്ന് കോണ്ടാക്റ്റ് ചെയ്യാൻ ഒരു മാർഗവും ഇല്ല.. ഒടുവിൽ ഞാൻ സെക്യൂരിറ്റിയെ വിളിച്ചു കാര്യം പറഞ്ഞു.. എന്റെ കൂട്ടുകാരാൻ എനിക്കും കൂടി ടിക്കറ്റ് എടുത്തിട്ടുണ്ട്.. അവൻ അകത്തിരിക്കുവാണ് അത് കൊണ്ട് എന്നെ ഒന്ന് അകത്തു വിടണം…
എന്റെ വാക്കിലെ സത്യസന്ധതയും മുഖത്തെ നിഷ്കളങ്കതയും കണ്ടിട്ടാവണം സെക്യൂരിറ്റി എനിക്ക് ഗേറ്റ് തുറന്നു തന്നു.. ഞാൻ ഓടി അകത്തു കയറി ബാൽകണിയുടെ ഡോറിൽ ടിക്കറ്റ് കീറുന്ന ആളുടെ അടുത്ത് വീണ്ടും കഥ പറഞ്ഞു… ആൾ ഉടനെ എന്നോട് പറഞ്ഞു.. “ആ.. ടിക്കറ്റ് എന്റെ കയ്യിൽ കൂട്ടുകാര് തന്നു വച്ചിട്ടുണ്ട്.. 2 ടിക്കറ്റ് അല്ലെ?” ഞാൻ പറഞ്ഞു ഒരു ടിക്കെടിന്റെ കാര്യമേ എനിക്കറിയു .. ഇനി വേറെ ഏതേലും കൂട്ടുകാര് കൂടി വരാൻ കാണും .. എനിക്ക് ഒരു ടിക്കറ്റ് മതി എന്ന്. അപ്പോൾ പുള്ളിക്ക് ചെറിയ ഒരു സംശയം.. പുള്ളി എന്നോട് ചോദിച്ചു.. “താമരപ്പള്ളി..? അത് തന്നെ അല്ലേ??”
അതെ … അത് തന്നെ… ഞാൻ ഉറപ്പിച്ചു പറഞ്ഞു. എന്റെ വീട് അന്ന് കോട്ടയം താമരപ്പള്ളി ലയിനിൽ ആണ്… ടിക്കറ്റ് കൊടുക്കാൻ നില്ക്കുന്നയളോട് എന്റെ അഡ്രെസ്സ് വരെ പറഞ്ഞു കൊടുത്ത അരുൺ സി യെ ഓർത്ത് എനിക്ക് അഭിമാനം തോന്നി.
പുള്ളി ടിക്കറ്റ് എടുത്തു എന്റെ കയ്യിൽ വച്ചപ്പോഴാണ് 2 പെൺകുട്ടികൾ കയറി വന്നത്. അവർ പുള്ളിയോട് എന്തോ പറഞ്ഞു.. പുള്ളി അപ്പോൾ എന്റെ നേരെ തിരിഞ്ഞു ദേഷ്യത്തോടെ എന്റെ കയ്യിൽ നിന്ന് ടിക്കറ്റ് തിരികെ വാങ്ങി.. എന്നിട്ട് 2 ചീത്തയും വിളിച്ചു..
കോട്ടയത്തിൽ താമരപ്പള്ളി എന്ന് പേരുള്ള ഒരു വലിയ ഫാമിലി ഉണ്ടെന്നും അവർക്ക് വേണ്ടി തീയറ്റെറിന്റെ മുതലാളി മാറ്റി വച്ച ടിക്കറ്റ് ആണ് എനിക്ക് കിട്ടിയതെന്നും.. അരുൺ സി എനിക്ക് വേണ്ടി ടിക്കറ്റ് എടുത്തിട്ടില്ല എന്നും ഉള്ള സത്യങ്ങൾ ഒന്നിന് പിറകെ ഒന്നായി എനിക്ക് മനസിലായി..
ആകെ നാറി… അതും 2 സുന്ദരികളുടെ മുന്നില്.. ഡക്കൌട്ടായ ബാറ്റ്സ്മൻ പിറ്റ്ചിൽ നിന്ന് ഇറങ്ങി പോകുന്ന പോലെ ചുറ്റും നോക്കാതെ തലയും താഴ്ത്തി ഞാൻ തീയറ്റെറിനു വെളിയിലേക്ക് നടന്നു.. അപ്പോൾ ദാ.. വെളിയിൽ നില്ക്കുന്നു അരുൺ സി തോമസ്..
പുള്ളിക്ക് ബൈക്ക് പഞ്ചർ ആയതു കൊണ്ട് സമയത്തിന് എത്താൻ പറ്റിയില്ല.. എനിക്കുണ്ടായ അപമാനം ഞാൻ അവനോടു പറഞ്ഞു…
അവനു അത് വിഷമായി.. അവൻ പറഞ്ഞു.. “ഡാ ഒരുത്തൻ ബ്ലാക്ക് ടിക്കറ്റ് തരാം എന്ന് പറഞ്ഞു… പക്ഷെ ഒരെണ്ണമേ അവന്റെ കയ്യിൽ ഒള്ളു.. നിനക്ക് വേണ്ടി ഞാൻ അത് ത്യജിക്കാം.. നീ പോയി പടം കണ്ടോ…പക്ഷെ 150 Rs ആണ് അവൻ ചോദിക്കുന്നത്… ” അന്ന് ബാൽകണി ടിക്കറ്റ് റേറ്റ് വെറും 25 RS .. പക്ഷെ ഇനി ആ സിനിമ അപ്പോൾ തന്നെ കാണുക എന്നുള്ളത് അഭിമാനത്തിന്റെ പ്രശ്നം ആണ്.. ഞാൻ പേഴ്സ് എടുത്തു പരിശോധിച്ച് ഒരു 65 Rs ഉണ്ട്… ബാക്കി അരുൺ സി കടമായി തരാം എന്നൂ പറഞ്ഞു.. അങ്ങനെ 150 Rs കൊടുത്തു ടിക്കറ്റ് വാങ്ങി ഞാൻ ഓടി ബാൽകണി യുടെ ഡോറിനരികിൽ ചെന്ന് പഴയ പുള്ളിയുടെ നേരെ ടിക്കറ്റ് നീട്ടി അഹങ്കാരത്തിൽ നെഞ്ച് വിരിച്ചു നിന്നു… അയാൾ ടിക്കറ്റ് വാങ്ങി നോക്കിയിട്ട് എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. ഇത് ബാൽകണി ടിക്കറ്റ് അല്ല… ഇത് താഴെ എറ്റവും മുൻപിൽ ഇരിക്കാനുള്ള 10rs ടിക്കറ്റ് ആണ്… അപ്പോഴാണ് ഞാൻ ടിക്കറ്റിലെ റേറ്റ് കാണുന്നത്… ഞാൻ തിരിച്ചു വെളിയിൽ പോയി നോക്കുമ്പോൾ ബ്ലാക്ക് കാരന്റെ പൊടിപോലും അവിടെ ഇല്ല..
എനിക്ക് കരച്ചിലും ദേഷ്യവും എല്ലാം ഒരുമിച്ചു വന്നു.. 10 Rs തറ ടിക്കറ്റ് ആണ് എനിക്ക് ആ ദ്രോഹി 150 Rsനു തന്നത്.. ഇനി വെറുതെ വിഷമിച്ചിട്ടു കാര്യമില്ല.. തറ ടിക്കറ്റ് എങ്കിൽ തറ ടിക്കറ്റ് പടം കണ്ടേക്കാം എന്ന് കരുതി ഞാൻ അതിന്റെ എന്ട്രന്സിലേക്ക് പോയി.
മോൻ ഈ ടിക്കറ്റ് എവിടുന്ന എടുത്തത് ? അവിടെ നിന്നിരുന്ന ആൾ ചോദിച്ചു.. ഞാൻ കാര്യം പറഞ്ഞു… അപ്പോൾ അയാൾ പറഞ്ഞു …” ബ്ലാക്കിനൊക്കെ എടുക്കുമ്പോൾ നോക്കി എടുക്കണ്ടേ… ഇത് ഇന്നത്തെ ടിക്കറ്റ് അല്ല.. 2 ദിവസം മുൻപ് ഉള്ള ടിക്കറ്റ് ആണ്.. ഇന്ന് ഷോ ഹൌസ്ഫുൾ ആണ്.. ഒരു സീറ്റ് പോലും ബാക്കി ഇല്ല… തിരിച്ചു പൊയ്കോ…” എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി അത് കൂടി കേട്ടപ്പോൾ…
ഒടുവിൽ ടിക്കറ്റ് കീറാൻ നിന്ന ചേട്ടൻ എന്നോട് പറഞ്ഞു.. ഇത്രേം കാശ് കളഞ്ഞതല്ലേ… പടം കാണാതെ പോകണ്ട… വേണെങ്കിൽ ഞാൻ ഡോർ തുറന്നു തരാം .. പക്ഷെ ആര്ക്കും ശല്യം ഉടക്കാതെ ഒരു സൈഡിൽ പോയി നിന്നു കണ്ടോണം…
അങ്ങനെ 150 Rs മുടക്കി, പട്ടിണി കിടന്നു, .. ഞാൻ ആ സിനിമ ഒരു കോണിൽ നിന്നു കൊണ്ട് കണ്ടു തീർത്തു… തിരിച്ചു വീട്ടിൽ എത്തി ആരോടും മിണ്ടാതെ മനോരമ പത്രം എടുത്തു മറിച്ചു നോക്കുന്നയിടയിൽ ഞാൻ എന്റെ നക്ഷത്രത്തിന്റ ദിവസഫലം കണ്ടു…
” സൽകീർത്തി, അഭിമാനം, ഇഷ്ടഭക്ഷണ സമൃദ്ധി, കാര്യവിജയം, ധനലാഭം …… പിന്നെ മനസന്തോഷവും…..”
ഏത് കണിയാന്റെ കവടിക്കാണാവോ അന്ന് തെറി വിളി കേട്ടെ………
LikeLike