മലയാള സിനിമയുടെ രാജ്യാന്തര പ്രശസ്തിയും പൈതൃകം എന്ന ചിത്രവും
ഞാനും നജാഫും പരിചയപ്പെടുന്നത് ദുബായിൽ കരാമയിൽ ഉള്ള രാജേഷിന്റെ CD കടയിൽ വച്ചാണ്… ഞങ്ങൾ 2 പേരും അവിടത്തെ സ്ഥിരം കസ്റ്റമേഴ്സായിരുന്നു.. ഒരു ദിവസം ഞാനും നജാഫും കൂടി ലോക ക്ലാസിക് സിനിമകളെ പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു..നമ്മള് ഈ ഫ്രഞ്ച് , ജാപ്പനീസ് കൊറിയൻ, ഇറാനിയൻ സിനിമകളൊക്കെ കാണുന്നപോലെ മറ്റുരാജ്യത്തുള്ളവർ മലയാളം ക്ലാസിക്കുകൾ ഒക്കെ കാണുമായിരിക്കുമോ എന്ന്..അപ്പോൾ അവൻ പറഞ്ഞു ഫിലിപ്പീൻസ് കാര് മലയാളം കാണും എന്ന്… അത് ഞാൻ തീരെ വിശ്വസിച്ചില്ല…അപ്പോഴാണ് അവൻ എന്നോട് ഈ കഥ പറഞ്ഞത്..
നജാഫിനു ഒരു സ്വഭാവം ഉണ്ട്… ഇങ്ങനെ ഇരിക്കുമ്പോൾ പെട്ടന്ന് ഏതെങ്കിലും ഒരു പഴയ സിനിമയോട് പ്രേമം തോന്നും.. പിന്നെ അത് കണ്ടില്ലേൽങ്ങിൽ പുള്ളിക്ക് ഒരു സമാധാനവും ഇല്ല.. അങ്ങനെ ഒരു ദിവസം ഇങ്ങനെ ഇരിക്കുമ്പോൾ അവനു പൈതൃകം എന്ന സിനിമ കാണാൻ തോന്നി.. പുള്ളി യൂട്യൂബിലൊന്നും തപ്പി നോക്കിയിട്ടു പടം കിട്ടിയില്ല.. അപ്പോൾ തന്നെ അവൻ രാജേഷിന്റെ CD കടയിലേക്ക് വിട്ടു..
അവിടെ പോയി രാജേഷിനോട് പൈതൃകം ഉണ്ടോ എന്ന് ചോദിച്ചു..
” അതൊരു പഴയപടം അല്ലെ… ഇവിടെ ഇല്ല..” രാജേഷ് പറഞ്ഞു…
” ഇല്ല ഭായ് നിങ്ങൾ അകത്തു കയറി ഒന്ന് നോക്ക് ചിലപ്പോൾ കാണും ” നജാഫ് പറഞ്ഞു..”
രാജേഷ് സാദാരണ പുതിയ സിനിമകളെ ഡിസ്പ്ലേയിൽ വയ്ക്കാറൊള്ളു.. പഴയ CD ഒക്കെ അകത്തെ ഒരു മുറിയിൽ ആണ് വയ്ക്കാറ്. അത് കൊണ്ടാണ് നജാഫ് അകത്തു നോക്കാൻ പറഞ്ഞത്.. പക്ഷെ പൈതൃകം സിനിമ അവിടെ ഇല്ല എന്ന് രാജേഷ് ഉറപ്പിച്ചു പറഞ്ഞു.. നജാഫ് പൈതൃകം കാണാൻ പറ്റാതെ ആകെ ഡെസ്പ് ആയി വീട്ടിലേക്കു പോയി..
2 ദിവസം കഴിഞ്ഞപ്പോൾ വേറേതോ ഒരു സിനിമ കാണാൻ ആഗ്രഹം തോന്നി വീണ്ടും CD തപ്പി രാജേഷിന്റെ കടയിൽ നിൽക്കുമ്പോൾ തൊട്ടടുത്ത ഷോപ്പിലെ ഫിലിപ്പൈൻസുകാരി പെണ്ണ് രാജേഷിന്റെ കടയിലേക്ക് കയറിവന്നത്.. വന്നു കയറിയ ഉടനെ അവൾ രാജേഷിനോട് ചോദിച്ചു
” ദൂ യു ഹാബ് പൈതൃകം ?”
നജാഫ് ഞെട്ടി.. നേരെ ചൊവ്വേ ഇംഗ്ലീഷ് പോലും പറയാത്ത ആ പെണ്ണ് മലയാളം സിനിമ ചോദിക്കുന്നു.. അതും 2 ദിവസം മുൻപ് താൻ കാണാനാൻ ആഗ്രഹിച്ച തന്റെ ഇഷ്ടപെട്ട ക്ലാസിക് പടം. മലയാള സിനിമയേക്കുറിച്ചു ആലോചിച്ചു അവൻ ദ്രുതങ്ക പുളകിതൻ ആയി.. പക്ഷെ പാവം പെണ്ണ്.. അവിടെ പൈതൃകം ഇല്ല എന്ന കാര്യം
ആ പാവം വിദേശ മലയാള സിനിമ ആരാധികയ്ക്കു അറിയില്ലല്ലോ
പക്ഷെ ഇത്തവണ നജാഫിനെ ഞെട്ടിച്ചത് രാജേഷ് അന്ന്..
“യെസ് ഡിയർ … ഐ വിൽ ഗിവ് യു .. വൺ മിനിറ്റ് പ്ളീസ്” എന്നും പറഞ്ഞു രാജേഷ് അകത്തേയ്ക്കു കയറി പോയി .. നജാഫിനു ദേഷ്യം വന്നു.. അന്ന് ഞാൻ ചോദിച്ചപ്പോൾ അവനു അകത്തു കയറി തപ്പി എടുക്കാൻ ഉള്ള മടികാരണം കള്ളം പറഞ്ഞിട്ട്.. ഇപ്പം ഒരു പെണ്ണ് ചോദിച്ചപ്പോൾ എന്റെ മുന്നിൽ വച്ച് തന്നെ യെസ് ഡിയർ എന്നും പറഞ്ഞു പോകുന്നു..
അവൻ തപ്പി എടുത്തോണ്ടിങ്ങോട്ടു വരട്ടെ .. അവനെ ശരിയാക്കണം … ഇല്ലെങ്കിൽ വേണ്ട .. ഒന്നും ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് ആഗോള തരത്തിൽ ഒരു ഡിമാൻഡ് ഉണ്ടാക്കാൻ അവനെ കൊണ്ട് ആവുന്നത് അവൻ ചെയ്യട്ടെ .. നജാഫ് വിചാരിച്ചു ..
ദേ ഒരു 30 സെക്കൻഡിൽ രാജേഷ് തിരിച്ചു വരുന്നു.. കയ്യിൽ CD ഒന്നും ഇല്ല… രാജേഷ് ഇറങ്ങി വന്നു ചിരിച്ചുകൊണ്ട് ആ പെണ്ണിന് 5 ദിർഹത്തിന്റെ ഒരു നോട്ട് കൊടുത്തു.. അവൾ അതും വാങ്ങി താങ്ക്സും പറഞ്ഞു ഇറങ്ങി പോയി.. അപ്പോഴാണ് നജാഫിനു അവള് ചോദിച്ചത് പൈതൃകം അല്ല.. ഫൈവ് ദിർഹം ആണ് എന്ന് ..അതിനാണ് അവൾ “പൈ… തിർഗം’… എന്ന് പറഞ്ഞത്.. പിന്നെ നജാഫ് ആയതു കൊണ്ട് ചമ്മിയില്ല… അവൻ വീണ്ടും രാജേഷിന്റെ കടയിലെ ലോക ക്ലാസ്സിക്കുകൾക്കുള്ള തിരച്ചിലിലേക്കു കടന്നു…
ശ്രീറാം എസ്.
ഇത് വായിച്ചിട്ടു പൈതൃകം ആരെങ്കിലും തരേണങ്കിൽ എനിക്കും കാണണം
LikeLike