അങ്ങനെ മുകളിലേക്ക് പൊങ്ങി പോകുന്നതിനിടയിൽ പുള്ളി താഴേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി… ഒരുറപ്പിന്… അതെ സംഗതി അത് തന്നെ.. താഴെ തന്റെ ശരീരം അനക്കമില്ലാതെ കിടപ്പുണ്ട്.. അപ്പോൾ മരിച്ചു എന്നുറപ്പായി.. സംഭവം ഇങ്ങനെ ബലൂൺ പോലെ പൊങ്ങി പോകാൻ ഒരു രസമൊക്കെ ഉണ്ടെങ്കിലും പുള്ളിക്കൊരു ടെൻഷൻ ഉണ്ട്… അല്ല…. പുള്ളിയെ കുറ്റം പറയാൻ ഒക്കില്ല… കാര്യം ആദ്യമായിട്ടാണല്ലോ പുള്ളി മരിക്കുന്നത്.. അതിന്റെ ഒരു ടെൻഷൻ ആയിരിക്കും..
ഇതെങ്ങോട്ടാണിങ്ങനെ പോകുന്നത് ഒരു പിടിയും കിട്ടുന്നില്ല.. നേരെ സ്വർഗ്ഗത്തിലേക്കാവുമോ… അതോ നരകത്തിലെക്കോ… ചിലപ്പോൾ ദൈവത്തിന്റെ അടുത്തേക്കാവും.. അവിടെ നിന്ന് ദൈവം തീരുമാനിക്കുമായിരിക്കും ഇനി എങ്ങോട്ടാണ് പോകേണ്ടത് … അതോ ഇനി ഈ യുക്തിവാദികൾ പറയുന്നത് പോലെ ദൈവം ഒന്നും ഇല്ലായിരിക്കുമോ..
ഇനി ഇങ്ങനെ ഇത് പോലെ ചുമ്മാ കറങ്ങി നടക്കുകയെ ഒള്ളോ?
അങ്ങനെ ആലോചിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ്.. ദൂരെ ഒരു കവാടം കാണുന്നത്.. ഒരു ബാനറും ഉണ്ട്… നവാഗതർക്ക് സ്വാഗതം എന്ന് എഴുതി വച്ചിരിക്കുന്നു… അകത്തു തോരണം ഒക്കെ കെട്ടിയിട്ടുണ്ട് .. കൊറേ ആളുകളെയും കാണാം.. ചിലർ തന്നെ പോലെ മരിച്ചു വന്നിരിക്കുന്നവരാണ്… ചിലരിവിടുത്തെ ജോലിക്കാരാണെന്നു തോന്നുന്നു.. യൂണിഫോമും തൊപ്പിയും ഒക്കെ ഉണ്ട്…വാതിലടുത്തു ചെന്നപ്പോൾ രണ്ടു യൂണിഫോംകാര് വന്നു പുള്ളിയെ സ്വീകരിച്ചു… അടുത്ത നമ്പർ നിങ്ങളുടേതാണ്… ഉടനെ തന്നെ ദൈവത്തെ കാണാം.. അവർ പറഞ്ഞു…
ദൈവത്തെ കാണാം എന്ന് പറഞ്ഞപ്പോൾ പുള്ളിക്കു പിന്നേം ടെൻഷൻ.. പുള്ളി മരിക്കുന്നതിന് തൊട്ട് മുൻപ് വരെ അടിയുറച്ച ഒരു മതവിശ്വാസിയായിരുന്നു.. എന്ന് മാത്രമല്ല.. പുള്ളിയുടെ മതത്തിനെയും ദൈവത്തെയും മാർക്കറ്റിംഗ് ചെയ്യുവാനായി ജീവിതം മാറ്റി വച്ച ആളായിരുന്നു പുള്ളി.. അതിന്റെ ഭാഗമായി… .സ്വന്തം മതത്തിലേക്ക് ആളെക്കൂട്ടുക… തന്റെ മതത്തിലെ വിശ്വാസികളെ ഒരുമിപ്പിക്കുക… അവർക്കു വേണ്ട ഉപദേശങ്ങൾ കൊടുക്കുക.. മറ്റു മതവിശ്വാസങ്ങളിലെ പ്രശ്നങ്ങളും തെറ്റുകളും എല്ലവർക്കും പറഞ്ഞു മനസിലാക്കി കൊടുക്കുക…തുടങ്ങി എല്ലാവിധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന പുള്ളിക്കാരൻ പറ്റുമ്പോളൊക്കെ മറ്റു മതക്കാരുടെ ദൈവങ്ങളെക്കുറിച്ചുള്ള ചില വിമര്ശനങ്ങളും നടത്തിയിരുന്നു
ഇപ്പോൾ പുള്ളിക്കാരന്റെ ടെൻഷൻ അതാണ്… തന്റെ ടോക്കൺ നമ്പർ വിളിച്ചു അകത്തേക്ക് ചെല്ലുമ്പോൾ അവിടിരിക്കുന്നതു ഈശോയാണോ , ശിവനാണോ അതോ പടച്ചോനാണോ.. ഒന്നും ഒരു പിടിയും ഇല്ല.. പുള്ളിയുടെ മതത്തിലെ ദൈവം ആയിരുന്നേൽ രക്ഷപെട്ടു… പക്ഷെ വേറെ വല്ലോരും ആണ് ശരിക്കുള്ള ദൈവം എങ്കിൽ നല്ല പണി കിട്ടും.. പുള്ളി പതുക്കെ കൂടെ നിന്ന യൂണിഫോംകാരനോട് ചോദിച്ചു…
” അതെ ചേട്ടാ… അകത്തു ദൈവം ഉണ്ടെന്നു പറഞ്ഞാരുന്നല്ലോ…ഏതു ദൈവമാണ്.. ശിവനോ..പടച്ചോനോ.. അതോ കർത്താവോ..??
അപ്പൊ അതിൽ ഒരാൾ ചിരിച്ചുകൊണ്ട് പറഞ്ഞു… “ഇവരാരുമല്ല ശരിക്കുള്ള ദൈവം… ശരിക്കുള്ള ദൈവം ആഫ്രിക്കയിലുള്ള ചില ഗോത്ര വർഗ്ഗക്കാര് മാത്രം ആരാധിക്കുന്ന ഒരു ദൈവമാ… പേര് ചിക്ലോചി…”
പുള്ളിക്കാരനെ കണ്ട പാടെ ചിക്ലോചി ദൈവം ചോദിച്ചു… ” നീ ഭൂമിയിൽ ഇരുന്നപ്പോൾ ഒരു ദിവസം പോലും എന്നെ ആരാധിച്ചിട്ടില്ല… നീ മറ്റേതോ ദൈവത്തെ ആരാധിച്ചോണ്ടിരുന്നവൻ അല്ലെ… ??? പോരാത്തതിന് നീ നിന്നെക്കൊണ്ടാവുന്നവരെ ഒക്കെ കൊണ്ട് മറ്റേ കക്ഷിയെ ആരാധിപ്പിച്ചു… അത് കൊണ്ട് തന്നെ എനിക്ക് നിന്നോട് ദേഷ്യം ആണ്… നീ നരകത്തിലേക്കുള്ള അടുത്ത വണ്ടി തന്നെ പിടിച്ചോ…” എന്നിട്ടൊരു കള്ള ചിരിപാസ്സാക്കി ..എന്നിട്ടു പറഞ്ഞു
“ഞാൻ ഇങ്ങനെ വല്ലതും പറയുമോ എന്നല്ലേ നിന്റെ പേടി… ഹേ മനുഷ്യാ… ഇങ്ങനെ പറയാൻ ഞാൻ മനുഷ്യനല്ല.. ദൈവം ആണ്…
ദൈവം മനുഷ്യനെ പോലെ വർഗീയ വാദി ആണെന്നാണോ നിന്റെ വിചാരം..മതവും വർഗീയതയും വിദ്ദ്വേഷം ഒക്കെ മനുഷ്യർക്കല്ലേ… ഞാൻ ദൈവമാണ്.. ഇവിടെ സ്നേഹം മാത്രമേ ഒള്ളു…. നിനക്ക് എന്നെ ചിക്ലോചി എന്നോ.. ബുദ്ധൻ എന്നോ.. പടച്ചോനെന്നോ കർത്താവെന്നോ … എന്ത് പേരിലും വിളിക്കാം… ആരാധിക്കാം.. ആരാധിക്കാതെയും വിശ്വസിക്കാതെയും ഇരിക്കാം. എന്തായാലും എങ്ങനെയായാലും എനിക്ക് നീ പ്രിയപ്പെട്ടവൻ തന്നെ ആണ്.. ഹിന്ദുവായാലും.. മുസ്ലിം ആയാലും .. ക്രൈസ്തവൻ ആയാലും… ആണായാലും പെണ്ണായാലും.. യുക്തിവാദി ആയാലും.. കമ്മ്യൂണിസ്റ്റ് ആയാലും പോലീസ് ആയാലും കള്ളനായാലും അഖില ആയാലും ഹാദിയ ആയാലും എനിക്കൊരു പോലെയാണ്… ഇസ്ലാമിന്റെ നിസ്കാരവും .. ഹിന്ദുവിന്റെ ദീപാരാധനയും ക്രിസ്താനിയുടെ കുർബ്ബാനയും എല്ലാം എന്നിലേക്ക് തന്നെയാണ് വന്നു ചേരുന്നത്…
നിങ്ങൾ മനുഷ്യർക്ക് അത് ഇത് വരെ മനസിലായിട്ടില്ല… നിങ്ങൾ എന്റെ പേരിൽ വെറുതെ ഭിന്നിക്കുകയാണ്… പോരടിക്കുകയാണ്… സത്യത്തിൽ ഇവിടെ നരകം എന്നൊരു ഏർപ്പാടെ ഇല്ല… നിന്റെ നരകവും സ്വർഗ്ഗവും എല്ലാം ഭൂമിയിൽ തന്നെ ആണ്… നിന്റെ അവിടുത്തെ പ്രവർത്തികൾ ആണ് തീരുമാനിക്കുന്നത് നിനക്ക് നിന്റെ ജീവിതം സ്വർഗമാണോ അതോ നരകമാണോ എന്ന്..”
പുള്ളിക്കാരൻ ആകെ ഞെട്ടി… ” എന്റെ പൊന്നു ചിക്ലോചി ദൈവമേ … ഇങ്ങനെ ഒക്കെ ആണല്ലേ കാര്യങ്ങൾ…നാട്ടിൽ ഇങ്ങനൊന്നും അല്ല അങ്ങയെ പറ്റിയുള്ള സംസാരം… അപ്പോൾ ദൈവം പറഞ്ഞു വരുന്നത് ദൈവത്തിന് എല്ലാരേം ഒരുപോലെ ഇഷ്ടം ആണ്… അല്ലെ??
” അല്ല …. അങ്ങനയല്ല … ചിലരോടൊക്കെ എനിക്ക് ചെറിയ ഇഷ്ടക്കേടുണ്ട്.. ” ദൈവം പറഞ്ഞു…
” ങേ ..അതാരോടാണ് അങ്ങേയ്ക്കു ഇഷ്ടക്കുറവ്?? പുള്ളിക്കാരൻ ചോദിച്ചു..
” കുറച്ചു ഉദാഹരണം പറയാം…
“ക്രിസ്തുമസിന് സ്റ്റാർ തൂക്കരുത് ഹിന്ദുക്കൾ എന്ന് പറയുന്നവരോടും… ഇസ്ലാം ഓണം ആഘോഷിക്കരുത് എന്ന് പറയുന്നവരോടും… ക്രിസ്ത്യാനി ത്രിശൂർ പൂരത്തിന് പിരിവു കൊടുക്കരുത് എന്നു പറയുന്നവരോടും ഒക്കെ ഒരു ചെറിയ ഇഷ്ടക്കേടുണ്ട് എനിക്ക്. ”
പുള്ളിക്കാരൻ മുഖം ഒന്ന് ചളിപ്പിച്ചു.. എന്നിട്ടു ചോദിച്ചു … “അങ്ങനെ ഉള്ളവരെ ദൈവം എന്ത് ചെയ്യും ”
നിന്റെ പുറകിൽ കാണുന്ന ആ കുഴിയില്ലേ അതിലേക്കു ദാ… ഇത് പോലെ തള്ളി ഇടും എന്നും പറഞ്ഞു ചിക്ലോചി ദൈവം പുള്ളികാരനൊരു തള്ളു വച്ച് കൊടുത്തു…
തലയും കുത്തി താഴെ വീണ പുള്ളിക്കാരൻ കണ്ണ് തിരുമ്മി എണീറ്റായപ്പോൾ പരലോകവുമില്ല.. ചിക്ലോചിയും ഇല്ല … ഒന്നും ഇല്ല… മരിച്ചിട്ടും ഇല്ല….സ്വപനം കണ്ടു കട്ടിലിൽ നിന്ന് തലയും കുത്തി താഴെ വീണതാണ്…
പുള്ളിക്കാരന് ആകെ സംശയമായി.. ഞാൻ കണ്ടതൊക്കെ സത്യമാവുമോ ??? സത്യം ആണെങ്കിലും അല്ലെങ്കിലും ചിക്ലോചി പറഞ്ഞതിൽ ഒരു പോയിന്റ് ഉണ്ട്… ദൈവം ഒരിക്കലും ഒരു വർഗീയവാദി ആവാൻ വഴിയില്ല… ഇനി അഥവാ ദൈവം അങ്ങനെ ആണെകിൽ തന്നെ വർഗീയ വാദിയായ ദൈവത്തിന്റെ കൂടെ സ്വർഗത്തിൽ നിൽക്കുന്നതിലും ഭേദം നരകം തന്നെ ആണ്…
നന്നായിട്ടുണ്ട്……. ദൈവത്തിന്റെ പേര് കൊള്ളാം…… നമ്മൾ അറിഞ്ഞിരിക്കേണ്ട ചില സാമൂഹിക സത്യങ്ങൾ എഴുത്തിലൂടെ പകർന്നു തന്നിരിക്കുന്നു……… 👌👌👌
LikeLike