ഒരു ട്രെയിൻ യാത്രക്കിടയിലാണ് പേരറിയാത്ത ഈ നാല് കഥാപാത്രങ്ങളെ ഞാൻ കണ്ടുമുട്ടുന്നത്.. ഈ നാല് പേരുടെ അടുത്താണ് എനിക്ക് സീറ്റ് കിട്ടിയത്. ജോബ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുന്ന 2 ബിടെക് കാര്..ഒരു 35 – 40 വയസു തോന്നിക്കുന്ന ഒരു മനുഷ്യൻ.. 10 -12 വയസു തോന്നിക്കുന്ന അയാളുടെ മകൾ. 2 ബി ടെക് കാരിൽ ഒരാൾ പരമഭക്തൻ . അവന്റെ നെറ്റിയിലും കഴുത്തിലും ഒക്കെ അതിനുള്ള അടയാളങ്ങൾ ഉണ്ടായിരുന്നു.. മറ്റവൻ യഥാർത്ഥ ന്യൂ ജെൻ.
“ഡാ… എങ്ങനെയാ… ഇന്നും പൂജയും വഴിപാടും ഒക്കെ നടത്തി നിങ്ങടെ ദൈവത്തിനെ ഒക്കെ ശരിക്കു സോപ്പിട്ടോ…” ന്യൂ ജെൻ പയ്യൻ ഭക്തനെ കളിയാക്കി കൊണ്ട് ചോദിച്ചു.. ” ഞാൻ പൂജയോ വഴിപാടോ ഒക്കെ കഴിച്ചോ എന്ന് നീ അന്വേഷിക്കേണ്ട.. നീ നിന്റെ ഡിങ്കൻ ദൈവത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതി.. എന്റെ വിശ്വാസത്തിൽ കയറി ചൊറിയാൻ നിൽക്കണ്ട..” ഭക്തൻ തിരിച്ചടിച്ചു..
“ഡിങ്കൻ ഏക ദൈവം ആണ്.. ഡിങ്കന്റെ കാര്യം ഞാൻ നോക്കണ്ടതില്ല.. ഡിങ്കനെ സംരക്ഷിക്കാൻ ഡിങ്കന് അറിയാം. പിന്നെ നിങ്ങളുടെ ദൈവത്തെ പോലെ നേർച്ചയുടെയും വഴിപാടിന്റെയും ഒന്നും ആവിശ്യം ഡിങ്കനില്ല.. മാത്രമല്ല മറ്റുള്ള ദൈവങ്ങളെ പോലെ വഴി നീളെ നേർച്ചപെട്ടിയും കാണിക്കവഞ്ചിയും വച്ച് പണപ്പിരിവ് നടത്തുന്ന പരിപാടിയും ഡിങ്കനില്ല .. നിങ്ങളുടെ ഒക്കെ ദൈവങ്ങൾ എക്സ്പെന്സിവ് അല്ലെ.. നുമ്മടെ ഡിങ്കൻ ചീപ്പാണ് ബ്രോ ..”ന്യൂ ജെൻ തിരിച്ചും പറഞ്ഞു.
അതേടാ.. ചീപ്പാണ് വെറും ചീപ്പ്.. മറ്റുള്ളവരുടെ വിശ്വാസങ്ങളെ പുച്ഛിക്കാനുള്ള ചീപ്പ് ഐഡിയ അല്ലെ നിങ്ങളുടെ ഡിങ്കോയിസം. .സമ്മതിച്ചു വഴിപാടുകളും നേർച്ചകളും ഒക്കെ ഇവിടെ വിവിധ മതത്തിൽ ഉള്ളവർ ചെയ്യുന്നുണ്ട്.. കാണിക്കയും നേർച്ചയും ഒക്കെ കാശ് ആയിട്ടു ഇടുന്നതും ഉണ്ട്.. പക്ഷെ അതൊന്നും ദൈവം കൊണ്ടുപോകുന്നില്ലല്ലോ.. ജനങ്ങളുടെ കാര്യങ്ങൾക്കായി അതിൽ ഒരു പങ്കു സർക്കാരിന് പോകുന്നു.. ബാക്കി മത സംഘടനകളിലും ആത്മീയ സംഘടനകളും ആശ്രമങ്ങളും ഒക്കെ ജീവ കാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു.. അല്ലാതെ ഏതു ദൈവമാണ് നേർച്ചപെട്ടിയുമായി വന്നു നിന്റെ അടുത്ത് പണപ്പിരിവ് നടത്തിയത്?”
“ഹ..ഹ.. നല്ല തമാശ … സർക്കാരിന് കാശു കൊടുക്കാൻ ആണേൽ മര്യാദക്ക് ടാക്സ് അടച്ചാൽ പോരെ … നേർച്ചപെട്ടി നിറക്കുന്ന എത്ര മഹാന്മാർ ശരിയായുള്ള ടാക്സ് അടക്കുന്നു? പിന്നെ മത സ്ഥാപനങ്ങളുടെ ജീവകാരുണ്യ പ്രവർത്തനം … അത് ഏറ്റവും കൂടുതൽ ആൾക്കാരെ തന്റെ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഉള്ള നമ്പർ അല്ലെ.. സ്വന്തം മതത്തിലുള്ളവരുടെ .. അല്ലെങ്കിൽ സ്വന്തം മതത്തിലേക്ക് മാറാം എന്ന് സമ്മതിക്കുന്നവക്ക് മാത്രമല്ലേ ഈ ജീവകരുണ്യ പ്രവർത്തനം ഇവർ നടത്തൂ.. അന്യമതസ്ഥനെ സഹായിക്കുന്ന എത്ര മത സ്ഥാപനങ്ങളുണ്ട് നമ്മുടെ നാട്ടിൽ.. ഒന്ന് പോലും ഇല്ല.. ” ന്യൂ ജെൻ പറഞ്ഞു..
ഇവരുടെ സംഭാഷണം കേട്ട് ഞാൻ രസിച്ചു കൊണ്ടിരിക്കുമ്പോൾ ആ 35 കാരൻ എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു… ആ കുട്ടി അയാളുടെ മടിയിൽ കിടന്നു ഉറങ്ങുകയും ആയിരുന്നു..
ഹ്മ്മ്…” നീ ഈ പറയുന്നതിനൊക്കെ ഒരു നാൾ അനുഭവിക്കും.. ദൈവത്തിനെ ആണ് നീ അധിക്ഷേപിക്കുന്നത്..നീ എന്തൊക്കെ പറഞ്ഞായാലും എനിക്ക് ദൈവത്തിൽ വിശ്വാസം ഉണ്ട്.. ഞാൻ വഴിപാടും നടത്തും നേർച്ചയും നേരും.. ഈ ജോലി എനിക്ക് കിട്ടിയാൽ എന്റെ ആദ്യത്തെ ശമ്പളം ഞാൻ അടുത്തുള്ള അമ്പലം ( അല്ലെങ്കിൽ പള്ളിയിൽ ) കൊടുക്കും..” ഭക്തൻ പറഞ്ഞു.
“ഞാൻ അനുഭവിക്കും അല്ലെ?? ഇത് തന്നെ ആണ് കാലാകാലമായി എല്ലാ മതങ്ങളും ചെയ്യുന്നത്… ഭീഷണി, പേടിപെടുത്തൽ പിന്നെ മോഹന വാഗ്ദാനങ്ങൾ.. അതും വച്ച് ബിസിനസ് ചെയ്യുന്ന മതനേതാക്കൾ.. മനുഷ്യൻ തന്നെ നിർമിച്ച ആരാധനാലയങ്ങളും ഗ്രന്ഥങ്ങളും വിഗ്രഹങ്ങളും പ്രാർത്ഥന രീതികളും മനുഷ്യനെ സംരക്ഷിക്കുമോ … ദൈവം ഉണ്ട് എന്നതിന് എന്തേലും തെളിവുണ്ടോ .. നിനക്ക് ഇതിനു ഉത്തരം ഇല്ല എന്നെനിക്കറിയേയും.. നീ പറയണ്ട.. ഈ ഇരിക്കുന്ന ചേട്ടന് പറയാമോ? ചേട്ടൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ? ന്യൂ ജെൻ പയ്യൻ ആ ഇരുന്ന മനുഷ്യന് നേരെ നോക്കിക്കൊണ്ടു ചോദിച്ചു..
അയാൾ അവരെ നോക്കി എന്ന് ചെറുതായി പുഞ്ചിരിച്ചു.. എന്നിട്ടു പറഞ്ഞു..
“ഞാനും മോനെ പോലെ ദൈവം ഉണ്ടോ എന്നതിന് തെളിവന്നേഷിച്ചു നടന്നിരുന്നതാണ്. എനിക്കിതുവരെ ഒരു തെളിവും കിട്ടിയിട്ടില്ല.. പക്ഷെ ഞാൻ ഇന്ന് വിശ്വസിക്കുന്നു.. എനിക്ക് വിശ്വസിക്കാതെ വേറെ മാർഗം ഇല്ല.. എന്റെ ഈ കിടന്നുറങ്ങുന്ന മകൾക്കു സുഖമില്ല … ഡോക്ടർ മാർ പറയുന്നത് ഇവൾ ഇനി റിക്കവർ ചെയ്യാൻ ഉള്ള സാധ്യത വളരെ കുറവാണ് എന്നാണ്.. ഇവളുടെ ചികിത്സ ചെലവ് വഹിക്കുന്നത് കുറച്ചു നല്ല മനുഷ്യർ ചേർന്നാണ്.. ഇന്ന് ദൈവം ഉണ്ട് എന്ന് എനിക്കുള്ള വിശ്വാസം മാത്രമാണ് എന്റെ മകൾ രക്ഷപെടും എന്നുള്ള എന്റെ ഏക പ്രതീക്ഷ.. ആ വിശ്വാസത്തിനു ഒരു ശക്തി ഉണ്ടെന്നു എനിക്ക് തോന്നുന്നു.. അമ്പലത്തിലും പള്ളിയിലും കൊണ്ടിടാതെ ആ പണം സ്വരൂപിച്ചു എന്നെ സഹായിച്ച അവരുടെ ഓരോരുത്തരുടെയും മനസ് .. അല്ലെങ്കിൽ അവരെ അങ്ങനെ തോന്നിപ്പിച്ച ആ പ്രേരക ശക്തി.. അതായിരിക്കാം ഞാൻ അന്വേഷിച്ചു നടന്ന ദൈവം എന്ന് എനിക്ക് തോന്നുന്നു.. വിശ്വാസത്തിന്റെ പേരിൽ ലക്ഷങ്ങൾ ചിലവിടുന്ന ആചാരങ്ങളുടെ ധൂർത്തോ പള്ളികളും ആരാധനാലയങ്ങളും പണിയാൻ പൊടിക്കുന്ന കോടികളുടെ ധൂർത്തോ.. അല്ലെങ്കിൽ തന്നിൽ വിശ്വസിക്കാത്തവരെ കൊന്നൊടുക്കാനും പേടിപ്പിച്ചു നിർത്താനും ആയുധങ്ങൾ വാങ്ങിച്ചു കൂടുന്നതിന്റെ ധൂർത്തോ ഇഷ്ടപെടാത്ത .. കൊച്ചു കൊച്ചു നന്മകളിൽ സന്തോഷം കണ്ടെത്തുന്ന ദൈവം ആണ് ശരിക്കും ഉള്ളത്… അവനെ നിങ്ങൾക്ക് രാമൻ എന്നോ, കൃഷ്ണൻ എന്നോ, കർത്താവെന്നോ, പടച്ചോൻ എന്നോ എന്ത് പേരിലും വിളിക്കാം..അങ്ങനെ ഒരു ദൈവം ഉണ്ടോ എന്ന് മനസിലാക്കാൻ തെളിവുകൾ വേണ്ട.. അല്ലെങ്കിലും ചില സത്യങ്ങൾ മനസിലാക്കാൻ തെളിവുകൾ ആവിശ്യമില്ല.. അത് കൊണ്ടാണ് ഒരു ഡി എൻ എ ടെസ്റ്റിന്റെ തെളിവില്ലാതെ തന്നെ മോൻ മോന്റെ പിതാവിനെ അച്ഛാ എന്ന് വിളിക്കുന്നത്.. അത് കൊണ്ട് ഞാൻ വിശ്വസിക്കുന്നു ദൈവത്തിൽ..” അയാൾ പറഞ്ഞു നിർത്തി..
ആരും ഒന്നും മിണ്ടിയില്ല.. പക്ഷെ അവരുടെ ഭാവങ്ങൾ എനിക്ക് പറഞ്ഞു തന്നു.. ആ ന്യൂ ജെൻ പയ്യന് ദൈവത്തെ മനസിലാക്കാൻ കഴിഞ്ഞു എന്നും .. ഭക്തന് തന്റെ ആദ്യ ശമ്പളം അമ്പലത്തിലോ പള്ളിയിലോ കൊണ്ട് കൊടുക്കുകയല്ല അതിലും വലിയ പുണ്യങ്ങൾക്കു ഉപയോഗിക്കുയാണ് വേണ്ടത് എന്നും .
ശ്രീറാം എസ്