എന്റെ ഒരു കൂട്ടുകാരൻ ഉണ്ട്.. പേര് ഞാൻ പറയുന്നില്ല… തല്ക്കാലം അവനെ നമുക്ക് പ്രകാശ് എന്ന് വിളിക്കാം.. ആൾക്ക് ഈ kung – fu വലിയ ഇഷ്ടമാണ്. ഇഷ്ടക്കൂടുതൽ കാരണം പുള്ളി kung fu പഠിക്കാൻ അടുത്തുള്ള ഒരു kung fu ക്ലാസ്സിൽ ചേർന്നു. അങ്ങനെ തകൃതിയായി kung fu പഠനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം ഒരു നിസ്സാര കാര്യത്തിന്റെ പേരില് പ്രകാശും അടുത്തുള്ള സ്കൂളിൽ പഠിക്കുന്ന ഒരു ചെക്കനുമായി ഒരു വഴക്ക് ഉണ്ടാകുന്നതു. നമ്മുടെ ആള് kung fu ഒക്കെ പഠിക്കുന്നതല്ലെ.. വെറുതെ വിട്ടു കൊടുക്കാൻ പറ്റുമോ? ഒരു ചെറിയ സ്റ്റെപ് ഈ പയ്യന്സിനു നേരെ പുള്ളി പ്രയോഗിച്ചു.. പയ്യന് തിരിച്ചു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. അവൻ അവിടുന്ന് ഓടി.. ഓടുന്ന വഴിയിൽ അവൻ വിളിച്ചു പറഞ്ഞു … “നിന്റെ കാര്യം ഞാൻ ചേട്ടനോട് പറഞ്ഞു കൊടുക്കും” പ്രകാശും വിട്ടു കൊടുത്തില്ല അവൻ തിരിച്ചു പറഞ്ഞു… “എന്നാൽ എന്റെ കയ്യിൽനിന്നു നിന്റെ ചേട്ടനും കിട്ടും ” . ചെറുക്കൻ പോയ പിറകെ അവന്റെ കൂടെ പഠിക്കുന്ന വേറൊരു പയ്യൻ വന്നു പറഞ്ഞു ” ചേട്ടൻ എന്ത് പണിയാണ് കാണിച്ചത്.. അവൻ ബോണ്ടാപ്പന്റെ അനിയൻ ആണ്… ബോണ്ടാപ്പൻ ചേട്ടന്റെ പണി തീർക്കും”
പിന്നീടു ബോണ്ടാപ്പനെ പറ്റി അന്വേഷിച്ചപ്പോഴാണ് ആളു കോട്ടയം ചന്തയിലെ ഒരു ചെറിയ ഗുണ്ട സെറ്റ് അപ്പ് ആണെന്ന് മനസിലായത്.. അത്രേയും നേരം രജനികാന്തിനെ പോലെ നിന്നിരുന്ന പ്രകാശ് ഒരു മാതിരി അരിശുംമൂട്ടിൽ അപ്പുക്കുട്ടനെ പോലെ ആയി… സംഗതി കൈ വിട്ടു പോയി എന്ന് എനിക്കും മനസിലായി. എന്നാലും ഞാൻ എന്നെ കൊണ്ടാകുന്ന രീതിയിൽ ഒക്കെ പ്രകാശിനെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും ശ്രമിച്ചു.. പക്ഷെ ഒന്നും ഫലം കണ്ടില്ല… പ്രകാശിന്റെ പേടി കൂടിക്കൂടി വന്നു.. ഒടുവിൽ ഞാൻ ഒരു ഉപായം പറഞ്ഞു .. “നീ ഇനി ഒരു രണ്ടു മൂന്നു ദിവസത്തേക്ക് പുറത്ത് ഇറങ്ങണ്ട … പ്രത്യേകിച്ച് ആ ചെറുക്കൻ പഠിക്കുന്ന സ്കൂളിന്റെ അടുത്തേക്ക് പോകുകയേ ചെയ്യണ്ട”. ഞങ്ങൾ അങ്ങിനെ ഒരു തീരുമാനം എടുത്തു അവിടുന്ന് പിരിഞ്ഞു… പക്ഷെ അപ്പോഴും പ്രകാശിന്റെ മുഖത്തിലേയും ഉള്ളിലെയും പേടി ഒരു തരി പോലും കുറഞ്ഞിരുന്നില്ല….
അടുത്ത ദിവസം പ്രകാശ് കോളേജിൽ വന്നില്ല. അന്ന് വൈകിട്ട് പ്രകാശിനെ വീട്ടിൽ പോയി കാണാൻ ഞാൻ തീരുമാനിച്ചു.. എന്റെ മനസ്സിൽ ചെറിയ ഒരു പേടിയുണ്ട്.. പ്രകാശിന്റെ വീട്ടിലേക്കു പോകുന്ന വഴിയാണ് ആ സ്കൂൾ.. ഇനി എങ്ങാനും അതുവഴി പോകുമ്പോൾ പ്രകാശിനെ കിട്ടാത്തതിന്റെ ദേഷ്യത്തിൽ ബോണ്ടാപ്പനും കൂട്ടരും എന്നെ പിടിച്ചു തല്ലിയാലോ… പിന്നെ രണ്ടും കല്പിച്ചു പോയേക്കാം എന്ന് തീരുമാനിച്ചു … സ്കൂളിന്റെ മുന്നില് ഉള്ള വളവിനു അടുത്തെത്തിയപ്പോൾ ഞാൻ ഒന്ന് നിന്നു.. എന്നിട്ട് പതുക്കെ ഒന്ന് എത്തി നോക്കി പരിസരം നിരീക്ഷിച്ചു… സ്കൂളിന്റെ മുന്നിലെ കാഴ്ച എന്നെ ഞെട്ടിച്ചു ..
സ്കൂളിന്റെ പ്രധാന കവാടത്തിനു എതിരെ ഉള്ള ഒരു അരമതിലിൽ കയറി നെഞ്ചും വിരിച്ചു ഇരിക്കുകയാണ് പ്രകാശ്. സ്കൂൾ വിടാറായി.. എത്രെയും പെട്ടന്ന് അവനെ അവിടുന്ന് മാറ്റണം എന്നാ ഉദ്ദേശത്തിൽ ഞാൻ ഓടി അവന്റെ എടുത്തു ചെന്നു.. പക്ഷെ ആൾക്ക് ഒരു കുലുക്കവും ഇല്ല.. ബോണ്ടാപ്പനെങ്ങനും ഇപ്പോൾ വന്നു നിന്നെ കണ്ടാൽ
പ്രശ്നമാവില്ലേ എന്ന് ഞാൻ ചോദിച്ചു..
” ഈ അണ്ട്ണ്ടകടഹത്തിൽ സൌരയൂഥം പോലെ ലക്ഷകണക്കിന് നക്ഷത്ര സമൂഹങ്ങൾ ഉണ്ട് .. അതിൽ ഒരി ചെറിയ നക്ഷത്രം മാത്രമായ സൂര്യന് ചുറ്റിലും ഉണ്ട് 9 ഗ്രഹങ്ങൾ.. അതിലൊന്നു മാത്രമാണ് ഭൂമി എന്ന് പറയുന്ന ഈ ചെറിയ ഗ്രഹം.. 51 കോടി ചതുരശ്ര കിലോ മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഭൂമിയിലെ ലക്ഷകണക്കിന് ജീവജാലങ്ങളിൽ ഒന്ന് മാത്രമാണ് മനുഷ്യൻ..ഈ മനുഷ്യ സമൂഹം വസിക്കുന്ന 51 കോടി കിലോമീറ്റർ ചുറ്റളവിൽ ഒരു പൊടി മാത്രമാണ് നമ്മുടെ ഇന്ത്യ. ആ ഇന്ത്യയിലെ ഒരു ചെറിയ കോണിൽ കിടക്കുന്ന കേരളം .. അതിൽ അതിലും ചെറിയ ഒരു കോട്ടയവും … അതിലൊരു ചന്തയും.. അതിനകത്തുള്ള ഒരു പീറ ഗുണ്ടയാണ് ബോണ്ടാപ്പൻ… ഈ പറഞ്ഞ കണക്കെടുത്ത് നോക്കുമ്പോൾ ഈ ബോണ്ടാപ്പൻ എന്ന് പറയുന്നത് വെറും ഒരു കീടം മാത്രമാണ്.. അവനെ പോലും നേരിടാൻ പേടിച്ചാൽ ഈ ഇത്ര വലിയ അണ്ട്ണ്ടകടഹത്തിലെ മറ്റു വലിയ പ്രശ്നങ്ങളെ നമ്മൾ എങ്ങനെ നേരിടും? അത് കൊണ്ട് ഈ പ്രശ്നത്തെ നേരിടാൻ തന്നെ ഞാൻ തീരുമാനിച്ചു…” പ്രകാശ് പറഞ്ഞു നിർത്തി
പിന്നെ അവിടെ ബോണ്ടാപ്പൻ വന്നോ .. അടി നടന്നോ.. അതിൽ ആരു ജയിച്ചു … എന്നൊന്നും പറയുന്നില്ല… അതൊക്കെ ഇപ്പോഴും തർക്കത്തിൽ ഇരിക്കുന്ന വസ്തുതകൾ ആണ്..
പക്ഷെ ഒരു കാര്യം ഉണ്ട്… നമ്മൾ വലിയ പ്രശ്നങ്ങൾ ആണെന്ന് കരുതുന്ന പലതും യഥാർത്ഥത്തിൽ എത്ര നിസ്സാരമാണെന്നു എനിക്ക് ആ ഡയലോഗ് കേട്ടപ്പോൾ മനസിലായി… നമ്മുടെ വലിയ പ്രശ്നങ്ങൾ നമുക്ക് മാത്രം ആണ് വലുത് … ആ സത്യം മനസിലാക്കിയാൽ പിന്നെ ഒന്നും ഒരു വലിയ പ്രശ്നം അല്ല ..അത് കൊണ്ട് അതിനെ നമ്മള്ക്ക് വളരെ ലളിതമായി പരിഹരിക്കാനും പറ്റും . ഇപ്പോഴും ചില പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ഈ സംഭവവും ഡയലോഗ് ഉം
ഓര്ക്കും … അത് ഒരു ധൈര്യം തരും …എന്തിനെയും അഭിമുഖീകരിക്കാനുള്ള ഒരു ധൈര്യം..