പ്രേതം

പ്രേതം… പ്രേതം ഉണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?.. നമ്മൾ എല്ലാരും എപ്പോഴെങ്കിലും ഒക്കെ… അല്ലെങ്കിൽ ഒരിക്കലെങ്കിലും പ്രേതത്തെ ഓർത്തു പേടിച്ചിട്ടല്ലേ? ഉണ്ട്… ഇനി അഥവാ ആരെങ്കിലും ഇല്ല എന്ന് പറഞ്ഞാലും ഞാൻ അത് വിശ്വസിക്കില്ല… ഞാനും പേടിച്ചിട്ടുണ്ട്. എനിക്കിതിലോക്കെ കുറച്ചു വിശ്വാസം .. അല്ല വിശ്വാസം അല്ല… പേടി… പേടിയുണ്ട്. കാരണം എനിക്ക് ശരിക്കും ഒരു പ്രേതാനുഭവം ഉണ്ടായിട്ടുണ്ട്… സത്യം…. എനിക്ക് ഈ അനുഭവം ഉണ്ടായതു നമ്മുടെ തലസ്ഥാന നഗരിയായ അനന്തപുരിയിൽ വച്ചാണ്…വ്വോ.. തന്നെടെ… നമ്മടെ തിരോന്തോരത്ത് വച്ച്…

CA യുടെ ആർട്ടിക്കിൾഷിപ്പ് ചെയ്യുന്ന സമയം.. തിരുവനന്തപുരത്ത് ഒരു ക്ലയിന്റ് ഉണ്ടായിരുന്നു.. ആ ക്ലയിന്റിൽ വർക്ക് ചെയ്യാൻ എനിക്ക് വലിയ താത്പര്യം ആയിരുന്നു.. മറ്റൊന്നും കൊണ്ടല്ല..അത് എനിക്ക് സാമ്പത്തികമായി ഗുണം ചെയ്യന്ന ഒരു ക്ലയിന്റ് ആയിരുന്നു. അവിടെ പോകുന്ന ദിവസങ്ങളിൽ താമസത്തിനും ഭക്ഷണത്തിനും മറ്റുമായി 500 RS എന്റെ ഓഫീസിൽ നിന്നും പിന്നെ 750 RS ക്ലയിന്റിന്റെ കൈയ്യിൽ നിന്നും ദിവസേന കിട്ടുമായിരുന്നു. താമസവും ഭക്ഷണവും കഴിഞ്ഞു ബാക്കി വരുന്നത് എനിക്ക് ഒരു എക്സ്ട്രാ വരുമാനം ആയിരുന്നു. അത് കൊണ്ട് തന്നെ താമസതിന്റെയും ഭക്ഷണത്തിന്റെയും ചെലവ് മാക്സിമം കുറക്കാൻ ഞാൻ നോക്കാറുണ്ടായിരുന്നു.

അങ്ങിനെ ഒരിക്കൽ ഞാൻ തിരുവനന്തപുരത്ത് ഓഡിറ്റ്നു പോകുകയാണ്. ഞാൻ സ്ഥിരമായി താമസിക്കാറുള്ള സ്ഥലത്തല്ല ഇത്തവണ താമസിക്കാൻ പോകുന്നത് . എന്റെ ഒരു സുഹൃത്ത് വഴി ഒരു കുറഞ്ഞ വാടകക്ക് വേറൊരു ഹോട്ടൽ … സോറി ഹോട്ടൽ എന്ന് പറയാൻ പറ്റില്ല… ഒരു ലോഡ് ജ് തരപെട്ടിട്ടുണ്ട് .. അത് വഴി എനിക്ക് ഒരു ദിവസം 50 Rs ലാഭം കിട്ടും.രാവിലെ 8.30 ക്ക് തന്നെ ലോഡ്ജിൽ എത്തി ഞാൻ മുറി എടുത്തു. 2 നിലയുള്ള ലോഡ്ജിൽ ആകെ മുറികൾ ഒരു പത്തു ഇരുപതെണ്ണം കാണും.. ഒരു എൽ ഷേപ്പിൽ ആണ് മുറികൾ ഇരിക്കുന്നത്… അതായതു പടികയറി മുകളിലെ നിലയിൽ വന്നാൽ 7 മുറികൾ ഒരു വശത്ത്.. പിന്നെ ഇടതു വശത്തേക്ക് തിരിഞ്ഞാൽ അവിടെ വീണ്ടും ഒരു മൂന്നുനാല് മുറികൾ. അതിൽ 6 മത്തെ മുറിയാണ് എനിക്ക് കിട്ടിയത് .. അതായതു കോർണറിൽ ഉള്ള ഏഴാമത്തെ മുറിക്കു തൊട്ടു മുൻപുള്ള മുറി.

ബാഗ് മുറിയിൽ വച്ചിട്ട് മുറി പൂട്ടി ഞാൻ ജോലിക്ക് പോകാൻ ഇറങ്ങി .. അപ്പോഴാണ് ഞാൻ തൊട്ടടുത്ത മുറിയുടെ വാതിൽ ശ്രദ്ധിച്ചത്… വാതിൽ പൂട്ടിയിരിക്കുകയാണ് … അത് മാത്രമല്ല ആ വാതിൽ അവസാനമായി പെയിന്റ് അടിച്ചപ്പോൾ ആ പൂട്ടും ചേർത്താണ് പെയിന്റ് അടിച്ചിരിക്കുന്നത്.. ആ പൂട്ട് പെയിന്റ് കൊണ്ട് വാതിലുമായി കൂടിച്ചേർന്നു ഒട്ടിപ്പിടിച്ച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ ആ മുറിയിൽ ആരും ഇല്ലന്നും.. അത് കഴിഞ്ഞ കുറച്ചു കാലമായി തുറന്നിട്ടേ ഇല്ല എന്നും എനിക്ക് മനസ്സിലായി .. പക്ഷെ എന്തുകൊണ്ടാണ് അവർ അതങ്ങനെ സ്ഥിരമായി അടച്ചിട്ടിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

വൈകിട്ട് ജോലി കഴിഞ്ഞു ഒരു 7 മണിയോട് കൂടി ഞാൻ തിരിച്ചു മുറിയിൽ എത്തി. ഒന്ന് കുളിച്ചു ഫ്രഷ് ആയതിനു ശേഷം ഞാൻ മുറിയിൽ നിന്ന് വെളിയിൽ ഇറങ്ങി. ആദ്യം അത്താഴം ..പിന്നെ ഒരു സെക്കന്റ് ഷോ.. അത് കഴിഞ്ഞു രാത്രി ഒരു മണിയോട് കൂടി തിരിച്ചു ലോഡ്ജിൽ എത്തി. മുകളിലത്തെ നിലയിലേക്ക് കയറുന്ന പടിയിൽ തീരെ വെളിച്ചം ഇല്ല.. മുകളിലത്തെ നിലയിൽ ഞാൻ മാത്രമാണ് താമസക്കാരൻ എന്ന് എനിക്ക് തോന്നി. ഞാൻ എന്റെ മുറിയുടെ അടുത്ത് എത്തിയപ്പോൾ ആണ് അത് ശ്രദ്ധിച്ചത്.. അടഞ്ഞു കിടക്കുന്ന ഏഴാമത്തെ മുറിയുടെ വെന്റിലെറ്ററിൽ നിന്നും ഒരു ചുവന്ന വെളിച്ചം പുറത്തേക്കു വരുന്നു. പിന്നെ ചില ശബ്ദങ്ങളും. ഞാൻ വീണ്ടും അതിന്റെ വാതിലിലേക്ക് ഒന്ന് കൂടി നോക്കി… എല്ലാം പഴയ പോലെ തന്നെ.. അത് പൂട്ടി തന്നയാണ് ഇരിക്കുന്നത്.. ഞാൻ പെട്ടന്ന് തന്നെ എന്റെ മുറി തുറന്നു അകത്തു കയറി വാതിലടച്ചു . എന്റെ മനസ്സിൽ ഒരു വല്ലാത്ത ഒരു തരം പേടി കടന്നു കയറി.. എന്തൊക്കയോ ചില ദുഃസൂചനകൾ. പേടി കളയാൻ ഞാൻ മുറിയിലെ ലൈറ്റും ടി.വി യും ഓൺ ചെയ്തു..കണ്ണുമടച്ചു കിടന്നുറങ്ങാൻ ശ്രമിച്ചു.

എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല.. കുറച്ചു നേരം കഴിഞ്ഞു ഞാൻ വീണ്ടും ഞെട്ടി ഉണർന്നു.. ആകെ ഒരു അസ്വസ്തത… വിയർത്തു കുളിച്ചിരിക്കുന്നു. ഞാൻ സമയം നോക്കി.. 2.45. കുറച്ചു ധൈര്യം സംഭരിച്ചു ഞാൻ മുറിക്കു പുറത്തിറങ്ങി.. ഏഴാമത്തെ മുറിയിലേക്ക് നോക്കി.. ചുവപ്പ് വെട്ടം ഇപ്പോൾ വരുന്നില്ല … ശബ്ദങ്ങളും കേൾക്കുന്നില്ല.. ഭയപ്പെടുത്തുന്ന നിശബ്ദതയും .. കൂറ്റാക്കൂരിരുട്ടും മാത്രം…

പിറ്റേ ദിവസം ഉറക്കം ഉണർന്നപ്പോൾ നേരം വൈകി.. എത്രയും പെട്ടന്ന് ഓഫീസിൽ എത്തണം… ജോലി ഒരു പാട് ഉണ്ട്.. ഇന്ന് വെള്ളിയഴിച്ചയാണ് .. ഇന്ന് തീർന്നില്ലെങ്കിൽ ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ചയെ പണി തീർക്കാൻ പറ്റുകയുള്ളു .. അത് കൊണ്ട് ഇത്തിരി താമസിച്ചാലും സാരമില്ല ജോലി ഇന്നു തന്നെ തീർക്കണം.. അന്നു ഉച്ച ഭക്ഷണത്തിന് ഇടയ്ക്കു കുശലം പറയുന്ന ഇടയ്ക്കു അവിടുള്ള ഒരു സ്റ്റാഫ് ഞാൻ എവിടയാണ് സ്റ്റേ ചെയ്യുന്നത് എന്ന് ചോദിച്ചു.. ഞാൻ ലോഡ്ജിന്റെ പേര് പറഞ്ഞു.. ആ ദുഷ്ടൻ അപ്പോൾ തന്നെ ഒരു ഞെട്ടിക്കുന്ന വിവരം എന്നോട് പറഞ്ഞു.. ആ ലോഡ്ജിൽ 2 വര്‍ഷം മുൻപ് ഒരാൾ അത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ എന്റെ വെറും തോന്നലാണ് എന്ന് കരുതി മറക്കാൻ ശ്രമിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു വിവരം ഞാൻ അറിഞ്ഞത്… ഉള്ള ധൈര്യവും അവിടെ തീര്ന്നു.. രണ്ടു ദിവസത്തെ വാടക മുൻകൂർ കൊടുക്കുകയും ചെയ്തു.. ചെക്ക് ഔട്ട് ചെയ്യാനുള്ള സമയവും ഞാൻ തിരിച്ചെത്തുമ്പോൾ കഴിഞ്ഞിരിക്കും. കാലിന്റെ പെരുവിരലിൽ നിന്നും ഒരു ഭയം എന്നിലേക്ക് അരിച്ചു കയറി

.അന്ന് ജോലി കഴിഞ്ഞു തിരിച്ചു മുറിയിൽ എത്തിയപ്പോൾ വൈകി. എത്രയും പെട്ടന്ന് കിടന്നുറങ്ങണം .. നേരം വെളുക്കാതെ കണ്ണ് തുറക്കരുത്.. ഇടയ്ക്കു ബാത്റൂമിൽ പോകാൻ പോലും എണീകണ്ട എന്ന് തീരുമാനിച്ചു മുറിയിലേക്ക് കയറുമ്പോൾ ഞാൻ ഓട്ടകണ്ണിട്ടു അടുത്ത മുറിയിലേക്ക് നോക്കി.. അത് പൂട്ടി തന്നെ ഇരിക്കുകയാണ്.മുറിയിൽ കയറി പാർസൽ വാങ്ങിയ ഭക്ഷണം കഴിച്ചു ടി.വിയിൽ ഏതോ ഒരു സിനിമയും വച്ച് ഉറങ്ങാൻ കിടന്നു.. പക്ഷെ ഞാൻ എന്ത് നടക്കരുത് എന്ന് ആഗ്രഹിച്ചോ അത് തന്നെ നടന്നു..

രാത്രി ഒരു 12.30 ക്ക് ഞാൻ ഞെട്ടി എണീറ്റു.. ഉറങ്ങാൻ ശ്രമിച്ചിട്ട് കഴിയുന്നില്ല.. ആകെ ഒരു പരവശം.. ഉള്ളിൽ വല്ലാത്ത ഭയം.. മുറിയുടെ ഉത്തരത്തിൽ നിന്നും ചുവരിൽ നിന്നും ഒക്കെ ചില വികൃത രൂപങ്ങൾ ഇറങ്ങി വരുന്നത് പോലെ എനിക്ക് തോന്നി. ഞാൻ കണ്ണടച്ചു അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു പ്രാർത്ഥിച്ചു.. അപ്പോൾ എനിക്ക് എവിടുന്നോ കുറച്ചു ധൈര്യം കിട്ടി..ഈ പേടിയെ എങ്ങനെയും കീഴ്പെടുത്തണം.. അതിനു ഞാൻ വെളിയിൽ ഇറങ്ങി നോക്കണം.. ഞാൻ നാമം ജപിച്ചുകൊണ്ട് മുറി തുറന്നു പുറത്തിറങ്ങി. ഏഴാമത്തെ മുറിയിൽ നോക്കി വീണ്ടും ആ ചുവന്ന വെളിച്ചവും അവ്യക്തമായ ചില ശബ്ദങ്ങളും.. ഞാൻ മുറിയിൽ കയറി വാതിലടച്ചു നാമം ജപിച്ചു കണ്ണടച്ച് കിടന്നു ..

പിറ്റേ ദിവസം നേരം വെളുക്കുന്നതിനു മുൻപ് ഞാൻ എണീറ്റ്… എത്രയും പെട്ടന്ന് ഈ നശിച്ച മുറി ഒഴിഞ്ഞു വീടിലേക്ക് പോണം.. വേഗം തന്നെ ഞാൻ കുളിച്ചു റെഡി ആയി.. മുറി പൂട്ടി.. ബാഗുമെടുത്ത് താഴേക്ക് നടന്നു.. അവിശ്വസനീയമായ ആ സംഭവങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ട്..ഇല്ല അങ്ങിനെ ഇറങ്ങി പോയാൽ ഒരു സമാധാനവും കിട്ടില്ല ആ മുറി ഒന്നുടെ കാണണം. ഞാൻ തിരിച്ചു നടന്നു.

ഏഴാമത്തെ മുറിയുടെ വാതിലിനുമുന്നിൽ എത്തി. ആ പൂട്ട് ഞാൻ കൈകൊണ്ടു ഞാൻ ഇളക്കാൻ നോക്കി .. പറ്റുന്നില്ല.. അത് ഒട്ടിപ്പിടിചിരിക്കുകയാണ്. ഞാൻ ജനലിലൂടെ അകത്തേക്ക് നോക്കാൻ ശ്രമിച്ചു. ജനൽ അകത്തുനിന്നു അടച്ചിരുന്നതിനാൽ അതും നടന്നില്ല.. ഞാൻ മുന്നോട്ടു നടന്നു ഇടത്തേക്ക് തിരിഞ്ഞു.. ആ ഭാഗത്തെ മുറികളിൽ ആരെങ്കിലും ഉണ്ടോ എന്നറിയാൻ. അപ്പോൾ കണ്ട കാഴ്ച കണ്ടു ഞാൻ തരിച്ചു നിന്നു.. കോർണറിൽ ഉള്ള ആ ഏഴാമത്തെ മുറിക്കു ഈ ഭാഗത്ത് മറ്റൊരു വാതിലുകൂടി ഉണ്ട്.. അത് തുറന്നു കിടക്കുകയാണ്..അകത്തു രണ്ടു ബംഗാളികളും …

താഴെ റിസപ്ഷനിൽ ചെന്നപോൾ അവിടെ ഉണ്ടായിരുന്ന ആൾ പറഞ്ഞാണ് കാര്യം പിടികിട്ടിയത്. ആ രണ്ടു ബംഗാളികൾ ആ മുറിയിലെ സ്ഥിരതമാസക്കാരന്. രാത്രി ഏതോ ഹോട്ടലിലെ പണി കഴിഞ്ഞു വന്നു മുറിയിലെ ചുവന്ന സീറോവോൾട്ട് ബൾബും ഇട്ടു ഏതോ ബംഗാളി നാടകവും റേഡിയോ യിൽ ഇട്ടു സുഖമായി കിടന്നുറങ്ങുന്നതാണ് ഭയ്യമാരുടെ ദിനചര്യ.. അകത്തു കറങ്ങുന്ന ഫാനിന്റെ യും ക്ലിയർ അല്ലാത്ത ബംഗാളി റേഡിയോ നാടകത്തിന്റെ സൌണ്ടുമാണ് ഞാൻ അവ്യക്തമായി കേട്ടത്.

അത് കേട്ട് ചിരിച്ചു കൊണ്ട് ബാഗും എടുത്തു തിരിഞ്ഞു നടക്കുമ്പോൾ ഞാൻ അയാളോട് പറഞ്ഞു… ഞാൻ വെറുതെ പേടിച്ചു.. ഇവിടെ ഒരാൾ ആത്മഹത്യാ ചെയ്തു എന്നൊക്കയാണ് ഞാൻ കേട്ട കഥകൾ.. അയാൾ അപ്പോൾ പിറകിൽ നിന്ന് ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു… അതൊക്കെ ആളുകള് ചുമ്മാ പറഞ്ഞുണ്ടാക്കുന്നതല്ലേ… “ഞാൻ ആത്മഹത്യാ ചെയ്തതല്ല.. എന്നെ കൊന്നതാണ്… ” ഇത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. അപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s