ഒന്നു രണ്ടു ദിവസങ്ങള്ക്ക് മുൻപാണ് സ്കൂളിൽ കൂടെ പഠിച്ച സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിൽ ഒരു സന്ദേശം വരുന്നത് . സംഗതി ഒരു ഫോട്ടോ ആണ് . കൂടെ എന്നോട് സുരേഷ് ഗോപി സ്റ്റൈലിൽ ഒരു ചോദ്യവും ” ഓര്മ്മയുണ്ടോ ഈ മരം.”
ആ ചെറിയ മരം നിന്നിരുന്നത് ഞാൻ പഠിച്ച യു.പി സ്കൂളിന്റെ 5 ബ്ലോക്ക് എന്നറിയപ്പെടുന്ന 5 ആം ക്ലാസ്സിന്റെ മുറ്റത്തായിരുന്നു. ഞാനും ആ മരവും തമ്മിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ബന്ധം ഉണ്ട് …. ഒരു ആത്മബന്ധം .
ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുന്ന സമയം. 20 -22 കൊല്ലങ്ങൾക്ക് മുൻപാണ്. ആ കാലത്ത് എനിക്ക് ഒരു ശീലമുണ്ടായിരുന്നു , വഴിയിൽ കാണുന്ന ചെടിയിലെ ഇലയൊക്കെ പറിച്ചു ഞാൻ വായിൽ ഇടുമായിരുന്നു. ആ ശീലം ഞാൻ എങ്ങിനെ തുടങ്ങിയെന്നോ എപ്പോൾ തുടങ്ങി എന്നോ എനിക്കറിയില്ല. ഞാൻ പോലും അറിയാതെ ഞാൻ അത് സ്ഥിരമായി ചെയ്തു പോന്നു . ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത ഈ ശീലം എനിക്കൊരു പേരും തന്നു… “പച്ചിലരാമൻ”
അങ്ങനെ കാണുന്ന ഇലകളൊക്കെ പറിച്ചു വായിൽ ഇട്ടു നടന്നിരുന്ന സമയത്ത് ഒരു ദിവസം 5 ബ്ലോക്കിൽ ഒന്നുരണ്ടു പുതിയ ചെടികൾ പ്രത്യക്ഷപെട്ടു . ഉച്ച സമയത്തെ ഇടവേളയ്ക്കു കൈ കഴുകാൻ പൈപ്പിൻ ചുവട്ടിലേക്ക് ഓടുന്ന വഴി ഞാൻ ചെറുതായി ഒന്നു റൂട്ട് മാറ്റി ആ ചെടിയിലൊന്നിന്റെ അടുത്തുകൂടെ പോയി അതിൽ ഒരു ഇല പറിച്ചു വായിലിട്ടു.. എന്നിട്ട് നേരെ പൈപ്പിൻ ചുവടു ലക്ഷ്യമാക്കി പാഞ്ഞു . എവിടെ നിന്നനെന്നറിയില്ല പെട്ടന്ന് നാലഞ്ച് ചേട്ടന്മാർ എന്റെ മുന്നില് ചാടി വീണു എന്നെ വളഞ്ഞു. 6 എ യിലെ ചേട്ടന്മാരാണ്. അവരുടെ മട്ടും നോട്ടവും ഭാവവും കണ്ടപ്പോൾ തന്നെ എന്തോ ഒരു പണികിട്ടി എന്ന് എനിക്ക് മനസിലായി.
അതിലൊരാൾ എൻറെ കയ്യിൽ കയറിപിടിച്ചിട്ടു മറ്റുള്ളവരോട് പറഞ്ഞു “ഇവനെ ഇപ്പോൾ തന്നെ പിടിച്ചു ജോൺസൻ പോൾ സാറിനെ ഏൽപ്പിക്കാം” ജോൺസൻ പോൾ സർ എന്ന് കേട്ടതും എൻറെ ചങ്ക് പിടച്ചു . അതിനു കാരണവുമുണ്ട്.
ജോൺസൻ പോൾ സർ .. 6A യുടെ ക്ലാസ്സ് ടീച്ചർ.. ഞങ്ങളുടെ ക്ലാസ്സിലെ സയൻസ് ടീച്ചർ. സ്കൂളിലെ എൻ. സി. സി യുടെ ചാർജും സാറിനാണ്. സർ ഏതെങ്കിലും കേസില് ആരെയെങ്കിലും പിടിചിട്ടുണ്ടെങ്കിൽ അവന്റെ കാര്യം അന്ന് പോക്കാണ്, സർ നല്ല തല്ലു തല്ലും… നല്ല ആത്മാർത്ഥം ആയിട്ട് തന്നെ തല്ലും. സാറിന്റെ അഭിപ്രായത്തിൽ ഏറ്റവും നന്നായി തല്ലുന്ന അധ്യാപകരെ ആയിരിക്കും കുട്ടികൾ ഏറ്റവും കൂടുതൽ ഓർത്തിരിക്കുക . സർ തല്ലുന്നതു കാണുമ്പോൾ എനിക്ക് തോന്നും അടുത്ത ഒന്നു രണ്ട് ജന്മത്ത് ആരും സാറിനെ മറക്കരുത് എന്ന് സാറിന് എന്തോ വാശി ഉണ്ടെന്ന്.
പിന്നെ സാറിന്റെ കയ്യിൽ ഒരു സ്പെഷ്യൽ വടി ഉണ്ട്. നാട്ടിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ചൂരൽ നോക്കി വാങ്ങി അതിൽ കുറച്ചു എണ്ണയൊക്കെ ഇട്ടു… അത് ചൂടാക്കി… പിന്നെയും എന്തൊക്കയോ ചില പ്രക്രിയകൾ ചെയ്തു സർ സൃഷ്ടിച്ചെടുത്ത ഒരു ഉശിരൻ വടി. സാറിന് തല്ലാൻ വേണ്ടി മാത്രം. അത് എൻ.സി.സി റൂമിൽ പൂട്ടി വച്ചിരിക്കുകയാണ്. തല്ലാൻ സമയമാകുമ്പോൾ മാത്രമേ സർ അത് അവിടുന്ന് പുറത്തെടുക്കു. അതിനു ചൂരലിന്റെ നിറമൊക്കെ മാറി ഒരു കറുത്ത് ഇരുണ്ട നിറമാണ് . അതിനു ഒരു വിളിപ്പേരും ഉണ്ട് . “കരിമൂർഖൻ ” ജോൺസൻ പോൾ സാറിനെയും കരിമൂര്ഖനെയും പേടിയില്ലാത്ത ഒരു കുഞ്ഞുപോലും ഇല്ലായിരുന്നു ആ സ്കൂളിൽ.
സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ സർ ഉച്ചഭക്ഷണം കഴിക്കാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു. ചേട്ടന്മാർ എന്നെയും കൊണ്ട് സാറിന്റെ മുന്നില്ലെത്തി. എല്ലാരുടെയും മുഖത്ത് എന്തോ മഹാകാര്യം ചെയ്തതിന്റെ ഒരു സംതൃപ്തി ഉണ്ടായിരുന്നു . അവരുടെ നേതാവാണെന്ന് തോന്നിച്ച ഒരു ചേട്ടൻ സാറിനോട് പറഞ്ഞു ” സാറെ ഇവൻ നമ്മുടെ ചെടിയിലെ ഇല പറിച്ചു കളഞ്ഞു. ഞങ്ങൾ അവനെ കയ്യോടെ പൊക്കി.” സാറെന്നെ ഒന്ന് സൂക്ഷിച്ചു നോക്കി… ഞാൻ കരച്ചിലിന്റെ വക്കിലെത്തി… ” ഇവൻ 5a യിലെ അല്ലെ… ആ ഇവരുടെ ക്ലാസ്സിൽ ഞാൻ ചെടിയുടെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല.” സാർ പറഞ്ഞു. .. എന്നെ പിടിച്ച ചേട്ടന്മാരുടെ മുഖത്ത് ഒരു നിരാശ അപ്പോൾ ഞാൻ കണ്ടു. അതിനു ശേഷം സർ തന്നെ കാര്യങ്ങൾ എനിക്ക് വിശദീകരിച്ചു തന്നു. സർ മുൻകൈ എടുത്തു സാറിന്റെ ക്ലാസ്സിലെ കുറച്ചു കുട്ടികൾ ചേർന്ന് സ്കൂളിന്റെ പരിസരങ്ങളിൽ കുറച്ചു വൃക്ഷതൈകൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്. ഓരോ തൈക്കും രണ്ടോ മൂന്നോ സംരക്ഷകരെയും നിയമിച്ചിട്ടുണ്ട്. ചെടിക്ക് വെള്ളം ഒഴിക്കുക, മറ്റു കുട്ടികൾ വന്നു ചെടി നശിപ്പിക്കാതെ നോക്കുക എന്നുള്ളതൊക്കെ അവരുടെ ഉത്തരവാദിത്വം ആണ് . “ഇതൊന്നും അറിയാതെയാണ് നീ ഇത് ചെയ്തത് എന്നുള്ള കാരണം കൊണ്ട് ഞാൻ കരിമൂർഖനെ വെളിയിൽ എടുക്കുന്നില്ല” എന്ന് പറഞ്ഞു സർ തന്റെ ചോറുപാത്രം എടുത്തു. ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഞാൻ ക്ലാസ്സിലേക്ക് ഓടി .. പക്ഷെ….. എന്റെ ഞാൻ പോലും അറിയാതെ ചെയ്തിരുന്ന ആ ശീലം എന്നെ വീണ്ടും കുടുക്കി… ക്ലാസ്സിലേക്ക് ഓടുന്ന വഴിയിൽ അതെ ചെടിയിൽ നിന്ന് വീണ്ടും ഞാൻ ഒരു ഇല പറിച്ചു…
പിന്നീട് എന്താണ് സംഭവിച്ചത് എന്ന് ഊഹിക്കാമല്ലോ. കരിമൂർഖൻ ഉണ്ടാക്കിയ രണ്ടു പാടുകൾ എന്റെ കാലിൽ ഒരാഴ്ച ഉണ്ടായിരുന്നു . അത് മാത്രമായിരുന്നില്ല ശിക്ഷ.. അന്ന് മുതൽ ആ ചെടിയുടെ സംരക്ഷകൻ ഞാൻ ആണ്. അതിന്റെ പൂർണ ഉത്തരവാദിത്വം എനിക്ക് മാത്രം ആണ്.. കൂടുകാർ എല്ലാം ഇടവേളകളിൽ കളിയ്ക്കാൻ പോകുമ്പോൾ ഞാൻ മാത്രം ചെടിക്ക് വെള്ളം ഒഴിക്കാനും കാവലിരിക്കാനും പോയി. അന്നൊക്കെ സാറിനോട് നല്ല ദേഷ്യവും തോന്നി.
എന്നാൽ ഇന്ന് ഇതിനെ ഒരു മരമായി കാണുമ്പോൾ മനസിന് ഒരു സന്തോഷം തോന്നുന്നു… അഭിമാനം തോന്നുന്നു… അതിലുപരിയായി ജോൺസൻ പോൾ സാറിനെ പോയികണ്ടു ഒരു നന്ദി പറയാൻ തോന്നുന്നു. മരം ഒരു വരം എന്ന് പറഞ്ഞു മാത്രം പഠിപ്പിക്കാതെ അതിനെ സംരക്ഷിക്കാൻ കൂടെ പഠിപ്പിച്ച ജോൺസൻ പോൾ സർ … ഗുരുക്കന്മാർ നമുക്ക് തരുന്ന ചെറിയ ചെറിയ ശിക്ഷകളിലൂടെ അല്ല … അതുവഴി അവർ നമ്മെ പഠിപ്പിക്കുന്ന നന്മകളുടെ വലിയ പാഠങ്ങളിലൂടെ ആണ് അവരെ നമ്മൾ എന്നും ഓർത്തിരിക്കുന്നത്. അന്ന് സർ പറഞ്ഞിരുന്നതിന്റെ അർത്ഥവും അത് തന്നെ ആയിരുന്നിരിക്കണം .
മരമില്ലാത്തതിനാൽ നാട്ടിൽ ചൂട് കൂടുതൽ ആണ് …മഴപെയ്യുന്നില്ല ..എന്ന് ഫെസ്ബൂക്കിൽ പൊസ്റ്റിട്ടു മഴക്കായി കാത്തിരിക്കുന്നവരെ അല്ല .. ജോൺസൻ പോൾ സാറിനെ പോലെ ഓരോ കുട്ടിയേയും ചെറുപ്പത്തിൽ തന്നെ പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കാനും സംരക്ഷിക്കാനും പഠിപ്പിക്കുന്ന അധ്യാപകരെയും രക്ഷിതകളെയും ആണ് നമുക്ക് ഇന്ന് ആവിശ്യം. ഈ കുറിപ്പ് ഇന്ന് ഇവിടെ എഴുതി അവസിനിപ്പിക്കുമ്പോൾ ഞാനും ഒരു തീരുമാനമെടുത്തിട്ടുണ്ട് . എന്റെ മകളെയും ഞാൻ ഇത് പറഞ്ഞു പഠിപ്പിക്കും. ഈ കുറിപ്പും ഒരുനാൾ അവൾക്കു വായിക്കാൻ കൊടുക്കും . ഒരു തലമുറയിലേക്കും കൂടി ഈ അറിവ് പകർന്നു കൊടുക്കുക എന്നെത് തന്നെയാവും എനിക്ക് എൻറ്റെ പ്രിയ അധ്യപകനോട് നന്ദി കാണിക്കാൻ ഉള്ള ഏറ്റവും ഉചിതമായ രീതി…